ലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ പ്രതിഭയാണ് കലാശാല ബാബു. ഒരു പാട് കഥാപാത്രങ്ങൾ ചെയ്തിട്ടില്ലെങ്കിലും ചെയ്തവയെല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയവയും. കലാശാല ബാബുവിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു റൺവേ എന്ന ചിത്രത്തിലെ ചിന്നാടൻ മുതലാളി. സ്വതസിദ്ധമായ ശൈലിയിലൂടെ ചിന്നാടൻ മുതലാളിയ വെള്ളിത്തിരയിൽ എത്തിച്ച ബാബുവിന്റെ ഓരോ ഡലയോഗുകളും മലയാളികൾ അറിയാതെ ആണെങ്കിൽ പോലും വായിൽ പറഞ്ഞ് നടന്നു.

ലയൺ എന്ന സിനിമയിൽ ദിലീപിന്റെ അച്ഛൻ വേഷത്തിലും ബാബു ശരിക്കും കസറി. ആ സിനിമയിൽ അദ്ദേഹം ചെയ്ത മന്ത്രി ബാലഗംഗാധര മേനോൻ എന്ന മന്ത്രിയെ പ്രേക്ഷകർക്ക് അത്രപെട്ടന്നൊന്നും മറക്കാനാവില്ല. മന്ത്രികസേരയുടെ അധികാര മോഹങ്ങളിലേക്കും തെറ്റുകളിലേക്കും സഞ്ചരിക്കുന്ന മന്ത്രി. ഒടുവിൽ മകന് മുന്നിൽ തെറ്റുകൾ ഏറ്റു പറഞ്ഞ് നല്ലവനായപ്പോൾ മരണവും. കലാശാല ബാബുവിന്റെ അഭിനയ ജീവിതത്തിലെ മികവുറ്റ രണ്ട് കഥാപാത്രങ്ങളായിരുന്നു ഇവ.

മലയാള സിനിമയിലെ കണിശക്കാരനായ കാരണവരും ഇരുത്തം വന്ന വില്ലനുമായിരുന്നു ബാബു. വല്ലാത്തൊരു ആജ്ഞാ ശക്തിയായിരുന്നു ബാബുവിന്റെ വാക്കുകൾക്ക്. ആരെയും അനുസരിപ്പിച്ച് നിർത്താനുള്ള ഒരു പ്രത്യേക കഴിവും തലയെടുപ്പും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഉണ്ടായിരുന്നു എന്നത് ഓരോ കഥാപാത്രങ്ങളിലും പ്രകടമായി നിന്നിരുന്നു.

90ലധികം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള കലാശാല ബാബു 1977ലാണ് അഭിനയ ജീവിതം തുടങ്ങുന്നത്. കോളേജ് പഠനകാലത്തെ നാടക വേദിയിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശം. ആന്റണി ഈസ്റ്റ്മാൻ നിർമ്മിച്ച് ജോൺപോൾ ംവിധാനം ചെയ്ത ഇണയത്തേടി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള എൻട്രി. പക്ഷെ, സിനിമ പരാജയമായിരുന്നു. ഇതോടെ നാടക വേദികളിലേക്ക് തന്നെ തിരികെ പോയി. ബാബു സ്വന്തമായി ഒരു നാടകട്രൂപ്പ് നടത്തിയിരുന്നു. കലാശാല എന്നായിരുന്നു ഈ ട്രൂപ്പിന്റെ പേര്. അങ്ങിനെയാണ് കലാശാല ബാബു എ്‌ന് അറിയപ്പെടാൻ തുടങ്ങിയത്.

കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ റേഡിയോ നാടകങ്ങളിലൂടെയാണ് കലാരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രണ്ട് വർഷം കാളിദാസ കലാകേന്ദ്രത്തിൽ നാടകനടനായി. തുടർന്ന് സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 90കളുടെ ഒടുവിലാണ് കലാശാല ബാബുവിനെത്തേടി സിനിമയിൽ കൂടുതൽ വേഷങ്ങളെത്തുന്നത്. ഒരു സീരിയലിൽ ചെയ്ത റൗഡി ദാസപ്പൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതിനെത്തുടർന്നായിരുന്നു ഇത്.

ലോഹിതദാസിന്റെ കസ്തൂരിമാനിലെ തീവിഴുങ്ങി ലോനപ്പൻ മുതലാളിയായി സിനിമയിലേക്കുള്ള രണ്ടാം വരവ് വിജയകരമായിരുന്നു. ഇരുത്തംവന്ന വില്ലൻ, കണിശക്കാരനായ കാരണവർ തുടങ്ങിയ വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേമികൾക്കു പ്രിയങ്കരനായി. തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷന്നടുത്ത് റോയൽ ഗാർഡൻസിലായിരുന്നു താമസം.

എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റൺവേ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്തു. ക്യൂൻ, വിശ്വവിഖ്യാതമായ മൂക്ക്, താങ്ക്യു വെരിമച്ച്, പോളേട്ടന്റെ വീട്, ഒപ്പം, ടു കൺട്രീസ്, രാസലീല, മുല്ലമൊട്ടും മുന്തിരിച്ചാറും, ചേകവർ, പുതിയമുഖം, റൺവേ, ബാലേട്ടൻ, പച്ചക്കുതിര, ചെസ്സ്, അവൻ ചാണ്ടിയുടെ മകൻ, കനക സിംഹാസനം, തുറുപ്പു ഗുലാൻ, തൊമ്മനും മക്കളും, കസ്തൂരിമാൻ, എന്റെ വീട് അപ്പൂന്റെം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 28 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻ നായരുടെയും മോഹിനിയാട്ട നർത്തകി കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മയുടെയും മകനായി 1955 ലാണ് ജനനം. ലളിതയാണ് ഭാര്യ. ശ്രീദേവി (അമേരിക്ക),വിശ്വനാഥൻ (അയർലന്റ്) എന്നിവർ മക്കളാണ്. മരുമകൻ:ദീപു(കമ്പ്യൂട്ടർ എഞ്ചിനീയർ,അമേരിക്ക). സഹോദരങ്ങൾ:ശ്രീദേവി രാജൻ(നൃത്തക്ഷേത്ര,എറണാകുളം),കലാ വിജയൻ(കേരള കലാലയം,തൃപ്പൂണിത്തുറ),അശോക് കുമാർ,ശ്രീകുമാർ,ശശികുമാർ.