കൊച്ചി: സി.എ. വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിലുള്ള ദുഃഖം പങ്കുവെച്ചും, കേസ് കൈകാര്യം ചെയ്യുന്നതിൽ പൊലീസ് വരുത്തിയ വീഴ്ചയ്‌ക്കെതിരെ ആത്മരോഷം പ്രകടിപ്പിച്ചും നടനും മിഷേലിന്റെ നാട്ടുകാരനുമായ ലാലു അലക്‌സിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. മാതാപിതാക്കൾക്ക് അവരുടെ മക്കളെ പുറത്ത് പഠിക്കാൻ വിടാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയിൽ നടൻ പറയുന്നു.

മിഷേലിന്റെ കുടുംബാംഗങ്ങളെ അറിയാമെന്നും, സമൂഹത്തിന് മാതൃകയായി ജീവിച്ച കുടുംബത്തിനുവന്ന ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിഷേലിന്റെ മരണത്തിന് കാരണക്കാരായവരെ ഉടൻ കണ്ടെത്താൻ മാധ്യമങ്ങളും പൊതുസമൂഹവും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ലാലു അലക്‌സ് വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്. കലൂർ പള്ളിയിലെ സെന്റ് ആന്റണീസ് പുണ്യാളൻ, സംഭവത്തിന്റെ ചുരുൾ അഴിക്കാൻ സഹായിക്കുന്ന ഒരു തെളിവ് കൊണ്ടുതരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.