തിരുവനന്തപുരം: മലയാള സിനിമയിലെ യുവതാര നിരയിലെ പ്രിയ നായികയാണ് മാളവിക മോഹനൻ. മലയാളത്തിലൂടെയാണ് സിനിമാ അരങ്ങേറ്റമെങ്കിലും ഇതര ഭാഷകളിലും മാളവിക തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

കഴിഞ്ഞ വർഷത്തെ അനുഭവമാണ് നടി പങ്കുവച്ചത്. 2021ൽ സിനിമാ ജീവിതം സന്തോഷം നിറഞ്ഞതും വ്യക്തി ജീവിതം വളരെ മോശവുമായിരുന്നുവെന്ന് മാളവിക കുറിക്കുന്നു. ജീവിതത്തിൽ തനിക്ക് അനുഭവപ്പെട്ട ഏറ്റവും താഴ്ന്ന അവസ്ഥയിൽ നിന്നും കരകയറാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് സഹായിച്ചതെന്നും മാളവിക പറയുന്നു.

കരിയറിൽ മികച്ച രീതിയിൽ മുന്നോട്ടുപോയെങ്കിലും വ്യക്തി ജീവിതത്തിൽ വളരെ മോശം അനുഭവമുണ്ടായെന്നാണ് താരം പറയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നടുക്കടലിൽ പെട്ടതുപോലെയായിരുന്നെന്നും നല്ല സുഹൃത്തുക്കളാണ് ഈ പ്രതിസന്ധിയിൽ നിന്ന് മറികടക്കാൻ സഹായിച്ചത് എന്നുമാണ് മാളവിക പറയുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

മാളവിക മോഹനന്റെ കുറിപ്പ് വായിക്കാം
കഠിനമായ ഒരു വർഷമായിരുന്നു കഴിഞ്ഞു പോയത്. നമ്മൾ എപ്പോഴും നമ്മുടെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ മാത്രമാണ് ലോകത്തോട് പങ്കുവയ്ക്കാറുള്ളൂ. അത് മനസിലാക്കാം, കാരണം ആരാണ് മോശം കാര്യങ്ങൾ അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നത്. ദുഃഖവും വേദനയുമെല്ലാം ഇടയ്ക്ക് വന്നു പോയി ജീവിതം ബുദ്ധിമുട്ടുള്ളതാണെന്ന് നമ്മെ ഓർമിപ്പിക്കും. എന്നാൽ മറ്റേതൊരു വർഷത്തേക്കാളും എനിക്ക് വളരെ കഠിനമായിരുന്നു ഈ വർഷം. പ്രഫഷണൽ കാര്യങ്ങൾ വളരെ നല്ലതായിരുന്നു. കഴിഞ്ഞ വർഷത്തെ എന്റെ ആദ്യ റിലീസ് ബോക്‌സ്ഓഫിസിലെ ഏറ്റവും വലിയ ബ്ലോക്ക്‌ബസ്റ്ററുകളിൽ ഒന്നായി മാറി. ഞങ്ങളുടെ തലമുറയിലെ എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളുമായി മറ്റൊരു പ്രോജക്റ്റിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിൽ നിന്ന് വളരെയധികം കാര്യങ്ങൾ പഠിച്ചു. എന്റെ ആദ്യത്തെ ബോളിവുഡ് സിനിമ ആരംഭിച്ചു. ഫെബ്രുവരിയിൽ ആരംഭിക്കുന്ന മറ്റൊരു ആവേശകരമായ ചിത്രത്തിന് കരാർ ഒപ്പിട്ടു. അങ്ങനെ മനോഹരമായ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു.

എന്നാൽ വ്യക്തിപരമായി ഞാൻ ഒരു നടുക്കടലിൽപെട്ടതു പോലെയായിരുന്നു. കുറച്ച് മാസങ്ങളായി ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. ഇത്രയും നാളത്തെ ജീവിതയാത്രയിൽ എനിക്ക് അനുഭവപ്പെട്ട ഏറ്റവും താഴ്ന്ന അവസ്ഥ. ഈ കരിയർ തന്നെ നിരവധി അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്. വ്യക്തി ജീവിതത്തിലും അതിന്റെ അഭാവം ആത്മാവിനെ തകർക്കും. ആ സമയത്തെ അതിജീവിക്കാൻ എന്നെ സഹായിച്ച ഒരേയൊരു കാര്യം (എന്റെ കുടുംബത്തിന് പുറമെ) നല്ല സുഹൃത്തുക്കളാണ്. ജോലി തിരക്കിലാണെങ്കിൽ ഒഴിവുസമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നു, പുതിയ ബന്ധത്തിലാണെങ്കിൽ, ആ വ്യക്തിയോടൊപ്പമാണ് മുഴുവൻ സമയവും ചെലവഴിക്കുന്നത്. അപ്പോൾ സുഹൃത്തുക്കളെ അവഗണിക്കും. തിരക്കുകളുടെ പേരിൽ ചിലരുമായി മാസങ്ങളായി സംസാരിച്ചിട്ടുണ്ടാവില്ല.

അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ ഏറ്റവും ആത്മാർത്ഥമായ രൂപം എന്നു പറയുന്നത് സത്യസന്ധമായ സൗഹൃദമാണ്. 2021ലെ ഏറ്റവും നല്ല ഭാഗം എന്നെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളാണ്. എന്നെ പോലെ നിങ്ങളും നല്ല സുഹൃത്തുക്കൾക്കൊപ്പം ആവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

 
 
 
View this post on Instagram

A post shared by Malavika Mohanan (@malavikamohanan_)