തിരുവനന്തപുരം: ഗ്ലാമർതാരം നമിത കിണറ്റിൽ വീണു. ബൗ വൗ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഇന്നലെ രാവിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് സംഭവം. കിണറ്റിനു സമീപത്തു വച്ച് ഫോൺ ചെയ്തുകൊണ്ടിരിക്കുന്ന രം​ഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടെ കൈയിലിരുന്ന മൊബൈൽ വഴുതി താഴേക്കു വീണു. ഇത് എത്തിപ്പിടിക്കുന്നതിനിടെയാണ് നമിത 35 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായികുന്നു. ഇതു കണ്ടുനിന്ന ടെക്നീഷ്യന്മാരെല്ലാം ഒരുനിമിഷം പേടിച്ചു. സംവിധായകരായ ആർ.എൽ. രവി, മാത്യുസ്‌ക്കറിയ എന്നിവർ കട്ട് പറഞ്ഞപ്പോഴാണ് മറ്റുള്ളവർക്ക് കാര്യം പിടികിട്ടിയത്.

ബൗ വൗ എന്ന സിനിമയിൽ നമിത കിണറ്റിൽ വീഴുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയാണ് ലൊക്കേഷൻ. നമിത ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ് എന്നീ ഭാഷകൾക്കു പുറമെ മറ്റു നിരവധി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ചിത്രത്തിനു വേണ്ടി ചിത്രാഞ്ജലിയിൽ കലാസംവിധായകൻ അനിൽ കുമ്പഴ വിസ്മയിപ്പിക്കുന്ന ഒരു കിണറിന്റെ സെറ്റൊരുക്കിട്ടുണ്ട്. ഒരു നായയാണ് സിനിമയിലെ നായകൻ. ഒരാൾ കിണറ്റിൽ വീഴുകയും അവരെ പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ച് നായ രക്ഷിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. സസ്പെൻസ് ത്രില്ലർ രീതിയിലാണ് രവിയും മാത്യു സ്‌കറിയയും തിരക്കഥയൊരുക്കിയിരിക്കുന്നത്.

എസ് നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നമിത, സുബാഷ് എസ് നാഥ്, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പിഎസ് ക്യഷ്ണ നിർവ്വഹിക്കുന്നു. മുരുകൻ മന്ദിരത്തിന്റെ വരികൾക്ക് റെജി മോൻ സംഗീതം പകരുന്നു. എഡിറ്റർ-അനന്തു എസ് വിജയൻ, കല-അനിൽ കുമ്പഴ, ആക്ഷൻ-ഫയർ കാർത്തിക്.