സിനിമയിൽ സ്ത്രീ ശബ്ദം ഉയർന്നു തുടങ്ങിയതോടെ മാറ്റത്തിന്റെ പാതയിലാണ് സിനിമാ ലോകം. തങ്ങളെ കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ രീതിയിൽ തിരിച്ചടിക്കാൻ സ്ത്രീകളും തുടങ്ങിയതോടെ പല നടന്മാരും ലോക്കപ്പിലാകുന്ന അവസ്ഥയാണ്. ഇത്തരം പ്രശ്‌നങ്ങൾ കേരളം മുഴുവനും ചർച്ചയായിരിക്കെ പുതിയ വിവാദവും സിനിമാ മേഖലയെ പിടിച്ചു കുലുക്കിയിരിക്കുകയാണ്.

നടിയോട് കന്യാകത്വം തെളിയിക്കാൻ വെല്ലുവിളിച്ച നടനാണ് ഒടുവിൽ പുലിവാല് പിടിച്ചിരിക്കുന്നത്. കന്നട സിനിമയിലാണ് സംഭവം. പ്രമുഖ നടൻ എസ്.എൻ രാജശേഖറാണ് നടിയോട് കന്യാകത്വം തെളിയിക്കാൻ ആവശ്യപ്പെട്ട് വിവാദത്തിലായിരിക്കുന്നത്. നടിയുടെ പരാതിയിൽ ഇയാളെ മഗദി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.

ഐസ് മഹൽ എന്ന കന്നട ചിത്രത്തിന്റെ സംവിധായകൻ കിഷോർ സി നായിക്കിനേയും തന്നെയും കൂട്ടിച്ചേർത്ത് രാജശേഖർ അപവാദം പ്രചരിപ്പിക്കുന്നതായി നടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് നടി കന്യകയാണോയെന്ന് രാജശേഖർ ചോദിച്ചത്. ആണെങ്കിൽ വൈദ്യപരിശോധനയിലൂടെ അക്കാര്യം തെളിയിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഐസ് മഹൽ എന്ന ചിത്രത്തിൽ നടിയുടെ പിതാവായാണ് രാജശേഖർ അഭിനയിച്ചിരിക്കുന്നത്.

തന്നെയും കിഷോറിനേയും ചേർത്ത് രാജശേഖർ അപവാദം പ്രചരിപ്പിക്കുന്നതായി കിഷോർ തന്നെയാണ് നടിയെ അറിയിച്ചത്. തുടർന്ന് നടി ഇത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ മോശം രീതിയിലായിരുന്നു രാജശേഖറിന്റെ പ്രതികരണം. കന്യകയാണെന്ന് തെളിയിച്ചാൽ പ്രചരിച്ച ഗോസിപ്പുകൾ അസത്യമാണെന്ന് താൻ വിശ്വാസിക്കാം എന്നായിരുന്നു രാജശേഖറിന്റെ പ്രതികരണം. തുടർന്ന് നടി പൊലീസിൽ പരാതി നൽകുകയായിരുന്നു.