കൊച്ചി: നടൻ രതീഷിന്റെ ഓർമ്മകൾ നിറഞ്ഞുനിന്ന മുഹൂർത്തത്തിൽ മകൾ പത്മയ്ക്ക് താരപ്പകിട്ടോടെ മാംഗല്യം. താരസാന്നിധ്യത്തിൽ ഇടപ്പള്ളി സ്വദേശി സഞ്ജീവ് പത്മയുടെ കഴുത്തിൽ താലി ചാർത്തി. കൊച്ചിയിൽ നടന്ന ചടങ്ങിന് മലയാള സിനിമാലോകം ഒന്നടങ്കമെത്തി.

മാതാപിതാക്കളുടെ സ്ഥാനത്തുനിന്ന് മേനകയും സുരേഷും വധുവിനെ കതിർമണ്ഡപത്തിലേക്ക് ആനയിച്ചു. താലവുമായി പാർവതിയും കീർത്തിയും രാധിക സുരേഷ് ഗോപിയും വധുവിനെ വരവേറ്റു. മമ്മൂട്ടി മോതിരം കൈമാറി. ജയറാം പൂച്ചെണ്ട് നൽകി. പാർവതിയും മേനകയും വധൂവരന്മാർക്ക് മധുരം പകർന്നു. ദിലീപ്, മഞ്ജു വാര്യർ, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി ശ്രീശാന്ത് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിന് സാക്ഷികളായി. കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, രഞ്ജി പണിക്കർ, മനോജ് കെ ജയൻ, മണിയൻപ്പിള്ള രാജു, ഷാജി കൈലാസ്, ആനി, ചിപ്പി, നീരജ് മാധവ്, തുടങ്ങിയ സിനിമാ രംഗത്തെ മറ്റ് പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു.

മലയാളത്തിൽ നായകനായും വില്ലനായും തിളങ്ങിയിരുന്ന രതീഷ് 2002ലാണ് മരിച്ചത്. അതിന് ശേഷം അമ്മ ഡയാനയായിരുന്നു മക്കളായ പാർവതി, പത്മരാജ്, പത്മ, പ്രണവ് എന്നിവരുടെ താങ്ങും തണലും. ട്യൂമർ കാരണം ഡയാനയും മരിച്ചതോടെ സിനിമാ ലോകത്തിന്റെ സംരക്ഷണയിലായി മക്കൾ. പാർവ്വതിക്ക് സിനിമയിലും അഭിനയിക്കാൻ അവസരം കിട്ടി. രതീഷിനൊപ്പം സിനിമയിൽ നിറഞ്ഞ എല്ലാ സുഹൃത്തുക്കളും ഈ കുടുംബത്തിന് താങ്ങും തണലുമായി. ഇത് തന്നെയാണ് പത്മയുടെ വിവാഹച്ചടങ്ങിലും നിറഞ്ഞത്. നിർമ്മതാവ് സുരേഷ് കുമാറും ഭാര്യ മേനകയും എല്ലത്തിനും മുന്നിൽ നിന്നു.

മറ്റ് താരങ്ങളും തിരക്കുകൾ മാറ്റി വച്ച് കാരണവന്മാരായി കല്ല്യാണത്തിന് എത്തി. ഇതോടെ ചടങ്ങ് രതീഷിന്റെ ഓർമകൾ നിറയ്ക്കുന്ന ഒന്നായി മാറുകയായിരുന്നു.