ചെന്നൈ: തമിഴ് സീരിയൽ താരവും അവതാരകയുമായ സബർണയുടെ ആത്മഹത്യയിലെ ദൂരഹത മാറുന്നില്ല. ചെന്നൈയിലെ മധുരോവയലിലെ വീട്ടിലാണ് സബർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മരണകാരണം ഇനിയും വ്യക്തമല്ല. കുറച്ചു ദിവസങ്ങളായി സബർണ്ണ കടുത്ത നിരാശയിലായിരുന്നു എന്ന വിവരം മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

താരത്തിന്റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മുന്ന് ദിവസമായി സബർണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയൽവാസികൾ പറഞ്ഞു. മൂന്നു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നതായി പരിസരവാസികൾ പരാതിപ്പെട്ടതിനെത്തുടർന്നു പൊലീസ് എത്തി വാതിൽ ചവുട്ടിത്തുറന്ന് അകത്തുകടക്കുകയായിരുന്നു.

സൺ ടിവിയിലെ ഹിറ്റ് സീരിയലായ പസമലർ അടക്കം നിരവധി സീരിയലുകളിൽ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബർണ. വിജയ് ടിവിയുടെ പുതു കവിതെ അടക്കം നിരവധി ഷോകളും അവർ ചെയ്തിട്ടുണ്ട്. മഴവിൽ മനോരമയിലെ മായാമോഹിനി എന്ന സീരിയലിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. സബർണയുടെ മരണവാർത്ത തമിഴകത്തെ ടെലിവിഷൻ രംഗത്ത് ഞെട്ടലുണ്ടാക്കി. കുറച്ചുനാളായി സബർണ കടുത്ത മാനസിക സമ്മർദം അനുഭവിച്ചുവന്നിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി.

ശക്തയായ സ്ത്രീയായിരുന്നെന്നും നിരവധി വ്യക്തിപരമായ പ്രശ്‌നങ്ങൾ അലട്ടിയിരുന്നെന്നും സബർണയുടെ സുഹൃത്തുക്കൾ കൂട്ടിച്ചേർക്കുന്നു. പലതവണ കടുത്ത ടെൻഷനിൽ സബർണയെ കണ്ടിട്ടുണ്ടെന്നും എന്നാൽ മരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും സഹപ്രവർത്തകരും പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ചെന്നൈയിലെ വീട്ടിൽ സബർണ്ണ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സബർണ്മയുടെ അച്ഛൻ അനന്ദ് കുമാറും അമ്മ പുഷ്പ ലതയും സഹോദരനും വിരുഗംബാക്കത്താണ് താമസം. ഇവർക്കും ആത്മഹത്യാ കാരണത്തെ കുറിച്ച് സൂചനയൊന്നുമില്ല. മകൾക്ക് ഒറ്റയ്ക്ക് താമസിക്കാനായിരുന്നു ഇഷ്ടമെന്ന് ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.