ശിവസേന തലവനായിരുന്ന ബാൽസാഹെബ് താക്കറെയുടെ ജീവചരിത്രം പറയുന്ന ചിത്രത്തിനെതിരെ ആഞ്ഞടിച്ച് നടൻ സിദ്ധാർത്ഥ്. ചിത്രത്തിലെ ചില സംഭാഷണങ്ങൾ നേരത്തേ സെൻസർ ബോർഡ് എതിർത്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വിവാദം ഉയർത്തി നടൻ സിദ്ദാർത്ഥ് രംഗത്തെത്തി. സമകാലിക വിഷയങ്ങളിൽ യാതൊരു മടിയും കൂടാതെ പ്രതികരിക്കുന്ന നടനാണ് സിദ്ധാർത്ഥ്. താക്കറെ ചിത്രത്തിൽ ദക്ഷിണേന്ത്യയെ അവമതിപ്പെടുത്തുന്ന സംഭാഷണം ഉൾപ്പെടുത്തിയതിനെതിരെയാണ് സിദ്ധാർത്ഥ് രംഗത്തെത്തിയത്. തന്റെ ട്വിറ്റർ പേജിൽ അദ്ദേഹം കനത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്.നവാസുദ്ധീൻ സിദ്ദിഖി നായകനായ താക്കറെ എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്നലെയാണ് പുറത്തുവിട്ടത്.

താക്കറെ ചിത്രത്തിന്റെ മറാത്ത ട്രെയിലറിലെ ചില പരാമർശങ്ങൾ ദക്ഷിണേന്ത്യയ്ക്ക് എതിരായ വിവേചനമാണെന്നും വിദ്വേഷം പരത്തുന്ന ചിത്രം പ്രചാരവേലയാണെന്നും അദ്ദേഹം തുറന്നടിച്ചു. ദക്ഷിണേന്ത്യക്കാരോടോ മുംബൈയെ വളർത്തുന്ന കുടിയേറ്റക്കാരോടോ ഐക്യപ്പെടാത്ത സന്ദേശമാണ് ഇത് നൽകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിന് പിന്നാലെ നവാസുദ്ദീൻ സിദ്ദീഖിയെയും വിമർശിച്ച് സിദ്ധാർഥ് രംഗത്തെത്തി. യു.പിയിൽ നിന്നുള്ള ഒരു മുസ്‌ലിം നടൻ കൃത്യമായ അജണ്ടയുള്ള മറാത്തി ചിത്രത്തിന്റെ ഭാഗമായി എന്നത് കാവ്യനീതിയാണെന്നും അദ്ദേഹം പരിഹസിച്ചു. 'മുണ്ട് പൊക്കി അധിക്ഷേപിക്കുന്ന പരിപാടി നവാസുദ്ദീൻ സിദ്ദിഖി വീണ്ടും ആവർത്തിച്ചു. ദക്ഷിണേന്ത്യക്കാർക്ക് എതിരായ വിദ്വേഷ പ്രസംഗമാണിത്. ഈ പ്രൊപ്പഗാണ്ട കൊണ്ട് പണമുണ്ടാക്കാനാണോ നിങ്ങളുടെ ലക്ഷ്യം? വിദ്വേഷം വിൽക്കുന്ന പരിപാടി നിർത്തു,' സിദ്ധാർത്ഥ് കുറിച്ചു.
അതേസമയം, ഹിന്ദി ട്രെയിലറിൽ വിദ്വേഷ പരാമർശങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

താക്കറെ ശിവസേനക്ക് രൂപം നൽകുന്നതും ബാബരി മസ്ജിദ് തകർച്ചക്ക് ശേഷമുള്ള കലാപങ്ങളും ട്രെയിലറിലുണ്ട്. മുൻ പ്രധാന മന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി എന്നിവരെയും കാണിക്കുന്നുണ്ട്. അതിനിടെ, ചിത്രത്തിലെ മൂന്ന് സംഭാഷണങ്ങൾ നീക്കം ചെയ്യണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെടുകയും ചെയ്തു.

അഭിജിത്ത് പൻസെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താക്കറെയുടെ ഭാര്യയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് അമൃത റാവുമാണ്. മാധ്യമപ്രവർത്തകനും എംപിയുമായ സഞ്ജയ് റൗത്ത് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും