തിരുവനന്തപുരം:: പ്രമുഖരെ ഇടയ്ക്കിടെ 'കൊന്നില്ലെങ്കിൽ' സോഷ്യൽ മീഡിയക്ക് ഉറക്കംവരില്ല. സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ മരണം അങ്ങനെ ഇടയ്ക്കിടെ സോഷ്യൽ മീഡിയ ആഘോഷിക്കും. ഏറ്റവുമൊടുവിലായി ഇപ്പോൾ ഇതാ വി കെ ശ്രീരാമന്റെ മരണവാർത്ത പ്രചരിപ്പിച്ചാണ് സമൂഹമാധ്യമങ്ങൾ 'കഴിവു തെളിയിക്കുന്നത്'. പൈപ്പിൻചോട്ടിൽ ഒരാൾ മരിച്ചു എന്നു പറയുന്നതിനേക്കാൾ അൽപം ആളുകൾ ശ്രദ്ധിക്കും എന്നു പറയുന്ന മരണമാകും എന്റേതെന്ന് അറിയാൻ കഴിഞ്ഞുവെന്ന് സ്വതസിദ്ധമായ നർമ്മം കലർത്തി ഈ കുപ്രചരണത്തെ ചിരിച്ചു തള്ളുകയാണ് മലയാളത്തിന്റെ മനസ്സിൽ ചേക്കേറിയ നടനും പൊതുപ്രവർത്തകനുമായ വി. കെ ശ്രീരാമൻ.

സോഷ്യൽ മീഡിയയിൽ പ്രമുഖർ അന്തരിക്കുന്നത് ഒരു പുതിയ സംഭവമല്ല. സംഭവം വാസ്തവമാണോ എന്നുറപ്പാക്കുന്നതിന് കേട്ടപാതി കേൾക്കാത്ത പാതി പലരും ആദരാഞ്ജലികളുമായി എത്തുകയും ചെയ്യും. ഇത്തവണ സോഷ്യൽ മീഡിയയിൽ അന്തരിച്ചത് നടനും എഴുത്തുകാരനും പൊതുപ്രവർത്തകനുമായ വികെ ശ്രീരാമനെയാണ് സോഷ്യൽ മീഡിയയിലെ 'കൊലപാതകികൾ' ലക്ഷ്യമിട്ടത്. സാമൂഹ്യമാധ്യമങ്ങളായ വാട്‌സാപ്പിലും ഫേസ്‌ബുക്കിലും എല്ലാം ശ്രീരാമൻ മരിച്ചുവെന്ന വാർത്ത പ്രചരിച്ചു. വാർത്തയിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും അധികം ആരും ശ്രദ്ധിക്കാതിരിക്കുന്ന, ഒട്ടും സജീവമല്ലാത്ത കാലത്ത് നമ്മളെ കുറിച്ച് ഇത്തരം ഉദ്വേഗജനകമായവാർത്ത വരുന്നത നല്ലതാണ് എന്നുമായിരുന്നു നർമ്മം ഒട്ടും വിടാതെ ശ്രീരാമൻ മറുനാടനോട് പ്രതികരിച്ചത്.

ഇങ്ങനെയൊരു വാർത്ത താനും ശ്രദ്ധിച്ചുവെന്നും കണ്ടപ്പോൾ ഒരു തമാശയായി മാത്രമാണ് തോന്നിയതെന്നും ചെറുചിരിയോടെ അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. വെറുതെ പൈപ്പിൻചുവട്ടിൽ ഒരാൾ മരിച്ചു എന്ന് പറയുന്നതിനെക്കാൾ അൽപ്പം ആളുകൾ ശ്രദ്ധിക്കുന്ന ഒരു മരണമാകും എന്റേത് എന്ന് അറിയാൻ സാധിച്ചു. പിന്നെ മുൻപും പലരേയും ഇത്തരത്തിൽ കൊന്നിട്ടുള്ള സ്ഥിതിക്ക് ആ വലിയ ആളുകൾക്ക് ഒപ്പം പട്ടികയിൽ ഇടം പിടിക്കാനായതിലും സന്തോഷമേയുള്ളു. ഇതൊന്നും വലിയ കാര്യമായി എടുക്കുന്നില്ലെന്നും ശ്രീരാമൻ മറുനാടൻ മലാളിയോട് പറഞ്ഞു. ഈ പ്രചരണം തുടങ്ങിയിട്ട് ഇപ്പോൾ രണ്ട് മൂന്ന് ദിവസമായെന്നും അദ്ദേഹം പറഞ്ഞു.

മുൻപും പലരുടേയും പേരിൽ ഇത്തരം പ്രചരണങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ.മാമൂക്കോയയേയും സലിം കുമാറിനേയും ജഗതി ശ്രീകുമാറിനേയും ഒക്കെ വരെ ഇത്തരത്തിൽ വധിച്ചതാണല്ലോ പിന്നെ നമ്മളൊക്കെ സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ ഉള്ളതല്ലേ ഇത്തരം കാര്യങ്ങൾ.പണ്ടൊക്കെ യേശുദാസിനെ വെച്ച് വരെ ഇങ്ങനെ പ്രചരിച്ചിരുന്നു.ഇതൊന്നും ഞാൻ കാര്യമായി എടുക്കാറില്ല എന്നതാണ് സത്യം.

കേസരി ബാലകൃഷ്ണപിള്ള പണ്ട് പറഞ്ഞത് പോലെ ജീവിച്ചിരിക്കുമ്പോൾ തന്നെ മരണ വാർത്ത വായിക്കാൻ കഴിയുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണ്.അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ മാതൃഭൂമിയിലും മറ്റൊരു പത്രത്തിലും മരണ വാർത്ത വന്നിരുന്നു. അത്‌കൊണ്ട് തന്നെ നമ്മൾ മരിക്കുമ്പോൾ നാലാള് അന്വേഷിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും ഇപ്പോൾ മനസ്സിലാക്കാനായി. ബാലകൃഷ്ണപിള്ള സാർ പറഞ്ഞത് പോലെ നമ്മൾ മരിക്കുമ്പോൾ ആർക്കൊക്കെ ഉദ്വേഗമുണ്ടാകും അത് അറിയാൻ എന്ന് മനസ്സിലാക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്. അത്തരത്തിൽ മാത്രമെ അതിനെ കാണുന്നുള്ളു.

ഇത് ഒരു ഒറ്റപെട്ട സംഭവം മാത്രമാണ്. മുൻപ് പലർക്കും ഉണ്ടായ അനുഭവം. പിന്നെ നിയമനടപട് സ്വീകരിക്കുന്നതിനെ കുറിച്ചൊന്നും ഇപ്പോൾ തൽക്കാലം ആലോചിക്കുന്നില്ലെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.പിന്നെ ഒരു കാര്യം പറയാനുള്ളത് ഇത്തരം വാർത്തകൾ വരുമ്പോൾ എന്തെങ്കിലും ഒരു മാർഗത്തിലൂടചെ അന്വേഷിക്കുക എന്നത് ഒരു മര്യാദയാണ്.പ്രത്യേകിച്ച് വാട്‌സാപ്പും ഫേസ്‌ബുക്കുമൊക്കെ ഇത്രയും സജീവമായ കാലത്ത് എന്നും വികെ ശ്രീരാമൻ പ്രതികരിച്ചു.

ഇതാദ്യമായിട്ടല്ല സോഷ്യൽ മീഡിയ പ്രമുഖരെ കൊല്ലപ്പെടുത്തുന്നത്.ചലച്ചിത്ര താരങ്ങളാണ് പലപ്പോഴും സോഷ്യൽ മീഡിയയുടെ കൊലക്കത്തിക്ക് ഇരയാകുന്നത്. ജഗതി ശ്രീകുമാർ, മാളാ അരവിന്ദൻ, സലിം കുമാർ, വിജയരാഘവൻ തുടങ്ങിയ നടന്മാരും കന്കഉൾപ്പടെയുള്ള നടിമാർക്കും തങ്ങൾ മരിച്ചിട്ടില്ലെന്ന് ജീവനോടെ വന്ന് പറയേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.