തൃശൂർ: കമ്മ്യൂണിസ്റ്റുകാരനാണ് ശ്രീനിവാസൻ എന്നാണ് വയ്പ്. എന്നാൽ അനീതിക്കെതിരെ സന്ദേശമെന്ന സിനിമയിലൂടെ പ്രതികരിച്ച് രാഷ്ട്രീയ നേതൃത്വത്തങ്ങളുടെ മുഖം മൂടി എടുത്തുമാറ്റിയ ശ്രീനിവാസൻ കുറച്ച് കാലിക പ്രസക്തിയുള്ള വാക്കുകൾ തുറന്നു പറയുകയാണഅ. ഇവിടെ പ്രതിക്കൂട്ടിലാകുന്നവരിൽ പ്രധാനി സിപിഐ(എം) തന്നെയാണ്.

രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രവർത്തനം മലയാളികൾക്കു മടുത്തെന്നു നടൻ ശ്രീനിവാസൻ പറയുന്നു. തൃശൂരിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണു രാഷ്ട്രീയ കക്ഷികൾക്കെതിരെ ശ്രീനിവാസൻ ആഞ്ഞടിച്ചത്. പണവും അധികാരവും നേടാൻ നേതാക്കന്മാർ ആവിഷ്‌കരിക്കുന്ന തന്ത്രമാണു രക്തസാക്ഷിത്വം. എന്നാൽ, അണികൾക്കു കിട്ടുന്നതോ ജയിലറയും കണ്ണീരും മാത്രം.

പണത്തിനും അധികാരത്തിനുംവേണ്ടി നേതാക്കന്മാർ ഒരുക്കുന്ന തന്ത്രത്തിൽ അണികൾക്ക് കിട്ടുന്നത് ജയിലറയും കണ്ണീരും മാത്രമാണെന്ന് ശ്രീനിവാസൻ പറഞ്ഞു. രക്തസാക്ഷികളുടെ ഫോട്ടോയുള്ള ഫ്‌ളെക്‌സ് വച്ച് ജനവികാരമുയർത്തി പിന്തുണ ഉറപ്പിക്കാൻ നേതാക്കൾ ശ്രമിക്കുമ്പോൾ ഈ ഫൽക്‌സുകളിലൊക്കെ കാണുന്നത് നേതാക്കൾ കൊലയ്ക്കുകൊടുക്കുന്ന അണികളുടെ ചിത്രം മാത്രമാണ്. അണികളിൽ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ തമ്മിൽ പരസ്പരം അകമഴിഞ്ഞ സൗഹൃദത്തിലാണെന്നും ശ്രീനിവാസൻ പരിഹസിച്ചു.

അണികളുടെ വീട്ടിലേയുള്ളൂ വിധവകളും അനാഥരും; നേതാക്കന്മാരുടെ വീടുകളിലൊന്നുമില്ല. ശ്രീനിവാസന്റെ വാക്കുകൾ: ''പിന്നാക്ക ജില്ലയായ കണ്ണൂരിലാണു ഞാൻ ജനിച്ചത്. വലിയ ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. അതുകൊണ്ടു ഞങ്ങളൊരു കുടിൽവ്യവസായം തുടങ്ങി, ബോംബു നിർമ്മാണം. പകൽ ഞങ്ങളിങ്ങനെ ബോംബുണ്ടാക്കും, രാത്രി പൊട്ടിക്കും. എതിർ പാർട്ടിക്കാരും ഉണ്ടാക്കും, തിരിച്ചു പൊട്ടിക്കും.

മൂന്നു പ്രധാനപ്പെട്ട പാർട്ടികളാണ് ഈ ബോംബു നിർമ്മാതാക്കൾ. രക്തസാക്ഷികളുടെ ഫ്‌ലെക്‌സ് വച്ചു ജനവികാരമുയർത്തി പിന്തുണ ഉറപ്പാക്കാൻ കഴിയുമെന്നാണു രാഷ്ട്രീയ നേതാക്കന്മാരുടെ വിശ്വാസം. പക്ഷേ, ഈ ഫ്‌ലെക്‌സുകളിലൊക്കെ കാണുന്നത് അണികളുടെ ചിത്രം മാത്രമാണ്. നേതാക്കൾ കൊലയ്ക്കു കൊടുക്കുന്ന അണികളുടെ ചിത്രം. സ്വമേധയാ മരിക്കാൻ പോകുന്നവരല്ല ഇവർ, നിവൃത്തികേടു കൊണ്ടും നേതാക്കന്മാരുടെ മസ്തിഷ്‌ക പ്രക്ഷാളനം കൊണ്ടുമാണു രക്തസാക്ഷികൾ ഉണ്ടാകുന്നത്.

വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കന്മാർ പരസ്പരം അകമഴിഞ്ഞ സൗഹൃദത്തിലാണ്. കാണുമ്പോഴൊക്കെ അവർ സൗഹൃദം പുതുക്കും, വ്യക്തിപരമായ വിശേഷ അവസരങ്ങളിലെല്ലാം അവർ പരസ്പരം ക്ഷണിക്കും. കക്കൽ മാത്രമാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പൊതുലക്ഷ്യം. ഇന്ത്യയെന്ന രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ കട്ടുമുടിച്ചു. അംബാനിമാരുടെയും അദാനിമാരുടെയും ഇന്ത്യയാണിപ്പോഴുള്ളതെന്ന് ശീനിവാസൻ പറയുന്നു.