തിരുവനന്തപുരം: തന്റെ വേറിട്ട പെരുമാറ്റ രീതിയിലൂടെ എന്നും വാർത്തകളിൽ ഇടംനേടുന്ന വ്യക്തിയാണ് സുരേഷ് ഗോപി.തൃക്കാക്കര ഇലക്ഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉൾപ്പടെ സുരേഷ് ഗോപിയുടെ ഈ വേറിട്ട പ്രകൃതം ചർച്ചയായതാണ്.ഇപ്പോഴിത അത്തരത്തിൽ ഒരു അനുഭവം ഓർത്തെടുക്കുകയാണ് നടൻ സുധീർ.കുറച്ചുകാലം അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്ന കാലത്തെ അനുഭവമാണ് സുധീർ വെളിപ്പെടുത്തുന്നത്.

'അമ്മ സംഘടനയിൽ നിന്ന് ഇൻഷുറൻസ് അടക്കമുള്ള ഹെൽപ് ലഭിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയിൽ കിടക്കുമ്പോൾ ഒരുപാട് പേർ വന്ന് കാണുന്നുണ്ട്. എനിക്ക് എന്തു സഹായവും ചെയ്തു കൊടുക്കണം, എന്തു കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്തു ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്നു ആശുപത്രി അധികൃതരോട് പറഞ്ഞ ഒരു നടനുണ്ട്; പേര് സുരേഷ് ഗോപി.

സുരേഷേട്ടന്റെ നമ്പർ പോലും ആ സമയത്ത് എന്റെ കൈയിലില്ല. ആകെ മൂന്ന് സിനിമയെ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ളൂ. ഫോണിൽക്കൂടി പോലും സംസാരിച്ചിട്ടില്ല. അങ്ങനെയുള്ള അദ്ദേഹം വിളിച്ച് എനിക്ക് എന്തുസഹായം വേണമെങ്കിലും ചെയ്തുകൊടുക്കണമെന്ന് പറയുകയാണ്. എന്റെ രോഗം സുരേഷേട്ടൻ എങ്ങിനെ അറിഞ്ഞു എന്നുപോലും എനിക്കറിയില്ല.

അതൊക്കെ കഴിഞ്ഞ് ഈ അടുത്താണ് ഞാൻ അദ്ദേഹത്തെ കാണുന്നത്.ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിന് അദ്ദേഹം എത്തിയപ്പോൾ നന്ദി പറയാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും എന്നെ മൈൻഡ് ചെയ്യാതെ അദ്ദേഹം പോയി. ഒന്നു നോക്കിയതു പോലുമില്ല. ഒരു താങ്ക്‌സ് പോലും കേൾക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. എന്തു മനുഷ്യനണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല. അദ്ദേഹം നമുക്ക് അഭിമാനമാണ്'.സുധീര് പറഞ്ഞുനിർത്തുന്നു.