- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് ദാനമല്ല, ലെവി'; മിമിക്രി കലാകാരന്മാരുടെ സംഘടന 'മാ'യ്ക്ക് സാമ്പത്തിക സഹായം നൽകും; അഭിനയിക്കുന്ന സിനിമകളിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈമാറുമെന്ന് സുരേഷ് ഗോപി; 'തിരുവോണ'ത്തിനുള്ള കോമഡി മാമാങ്കത്തിൽ അണിനിരന്ന് താരങ്ങളും
കൊച്ചി: കോവിഡ് കാലത്ത് പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാർക്ക് സഹായം എത്തിക്കാൻ പുതിയ പദ്ധതിയുമായി രംഗത്തെത്തിയ മിമിക്രി താരങ്ങളുടെ സംഘടനയായ 'മാ'യ്ക്ക് സഹായം പ്രഖ്യാപിച്ച് നടൻ സുരേഷ് ഗോപി.
കോവിഡ് രൂക്ഷമായതോടെ സീസണുകളിൽ ലഭിച്ചിരുന്ന പരിപാടികൾ ഇല്ലാതാവുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലായ താരങ്ങളെ സഹായിക്കുന്നതിനായി ഏഷ്യാനെറ്റ് ചാനലുമായി ചേർന്ന് മാ മാമാങ്കം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സിനിമാ - മിമിക്രി താരങ്ങൾക്കൊപ്പം നടൻ സുരേഷ് ഗോപിയും പരിപാടിയിൽ പങ്കെടുത്തിരുന്നു.
മാ സംഘടനയുടെ പുതിയ രക്ഷാധികാരികളിൽ ഒരാളായി സുരേഷ് ഗോപിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പരിപാടിയിൽ പങ്കെടുക്കവെയാണ് മാ സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകുമെന്നാണ് താരം പ്രഖ്യാപിച്ചത്. ഇനി മുതൽ താൻ അഭിനയിക്കുന്ന ഓരോ സിനിമകളിലൂടെയും ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം മാ സംഘടനയ്ക്ക് നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ചാനലിൽ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചയാവുകയാണ്.
'വാർധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശിൽ നിന്നും ഇത്ര തരാമെന്ന് പറയുന്നതിൽ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാൻ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയിൽ നിന്നും രണ്ട് ലക്ഷം രൂപ ദാനമല്ല, ലെവിയായി തരും. ഇത് ഉറപ്പിച്ച കാര്യമാണ്' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
മലയാളത്തിലെ മിമിക്രി താരങ്ങളായി വന്ന് പിന്നെ അഭിനേതാക്കളായി മാറിയ എല്ലാവരെയും ചേർത്താണ് കോമഡി മാമാങ്കം ഒരുക്കുന്നത്. ദിലീപും സുരേഷ് ഗോപിയുമടക്കം നിരവധി താരങ്ങളാണ് പരിപാടിക്ക് എത്തുന്നത്.
കോമഡി മാമാങ്കം എന്ന് പേരിട്ടിരിക്കുന്ന ഏഷ്യാനെറ്റിലെ ഷോ തിരുവോണത്തിനാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ദിലീപ്, സുരേഷ് ഗോപി, ജയസൂര്യ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ടിനി ടോം എന്ന് തുടങ്ങി നിരവധി താരങ്ങളാണ് ഷോ യിലുള്ളത്.
വേദിയിൽ പാട്ട് പാടിയും കോമഡി പറഞ്ഞും താരങ്ങളെല്ലാം ഉത്സവപ്രതീതിയിലായി. ദിലീപും സുരേഷ് ഗോപിയും തമ്മിലുള്ള ചില നർമ്മ സംഭാഷങ്ങൾ ട്രോളുകൾ ഏറ്റുവാങ്ങിയിരിക്കുകയാണ്. സാധാരണ എല്ലാ സ്റ്റേജുകളിലും സ്‌കോർ ചെയ്യുന്നത് ദിലീപ് ആണെങ്കിൽ ഇത്തവ സുരേഷ് ഗോപി കേറിയങ്ങ് തകർത്ത് കളഞ്ഞെന്നാണ് ആരാധകർ പറയുന്നത്.
സുരേഷ് ഗോപിയോട് ഒരു മിമിക്രി കാണിക്കാൻ ആവശ്യപ്പെട്ടത് കലാഭവൻ ഷാജോൺ ആയിരുന്നു. കോട്ടയം നസീർ ചെയ്തത് പോലെ കൊച്ചിൻ ഹനീഫയുടെ ശബ്ദം അനുകരിക്കാനാണ് പറഞ്ഞത്. പറ്റുന്നത് പോലെ ചെയ്താൽ മതിയെന്ന് ഷാജോൺ പറയുന്നുണ്ടെങ്കിലും ഞാൻ മിമിക്രിക്കാരൻ അല്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇത് കേട്ട ദിലീപ് ഞങ്ങൾ ആക്കും എന്ന് പറഞ്ഞു. ഇവിടുന്ന് ഇറങ്ങി പോവുന്നതിന് മുൻപ് ഞങ്ങൾ ആക്കുമെന്ന് ദിലീപും കോട്ടയം നസീറും പറഞ്ഞതോടെ 'നിങ്ങൾ മിമിക്രിക്കാരൻ ആക്കിക്കോ, പക്ഷേ ആക്കരുത്' എന്ന മറുപടിയാണ് സുരേഷ് ഗോപി നൽകിയത്.
ദിലീപും കോട്ടയം നസീറും പ്ലാൻ ചെയ്താണ് ആക്കുമെന്ന് പറഞ്ഞത്. അത് സുരേഷ് ഗോപി പിടിച്ചെന്ന് പറഞ്ഞതോടെ പിടിക്കുകയല്ല, പിടിച്ച് ഒടിച്ച് കളയുമെന്നായി താരം. ഇത് മാത്രമല്ല സ്വന്തം സിനിമയിലെ ഡയലോഗ് പറഞ്ഞ് സുരേഷ് ഗോപി സ്വയം ട്രോളിയിരുന്നു. മിമിക്രിക്കാർ തന്നെ അനുകരിക്കുന്നത് പോലെ തന്നെ സുരേഷ് ഗോപി നടന്ന് നീങ്ങുന്നതുമൊക്കെ വീഡിയോസിലൂടെ കാണാം. അതേ സമയം ഇത്രയും കാലം ഞാൻ ലാലേട്ടൻ ഫാനായിരുന്നു. ഇന്ന് മുതൽ സുരേഷേട്ടന്റെ കൂടി ഫാനാണെന്ന് പറയുകയാണ് ചില ആരാധകർ.
സുരേഷേട്ടന്റ ക്യാരക്ടർ മനസിലായപ്പോൾ ഒരുപാട് ബഹുമാനം തോന്നി അദ്ദേഹത്തോട്. സുരേഷ് ഏട്ടൻ എന്നാ സൂപ്പർ ആന്നേ എന്ന് തുടങ്ങി നിരവധി പ്രശംസയാണ് താരത്തിന് ലഭിക്കുന്നത്. ഒപ്പം ദിലീപ് എന്തൊക്കെ തമാശ പറഞ്ഞിട്ടും ചെയ്തിട്ടും പഴത് പോലെ അങ്ങ് എത്തുന്നില്ലെന്നാണ് ചില അഭിപ്രായങ്ങൾ.
പരിപാടിയുടെ വേദിയിലാണ് സുരേഷ് ഗോപി സഹായം പ്രഖ്യാപിച്ചത്.പിന്നാലെ കമന്റുമായി ദിലീപ് എത്തി. സുരേഷേട്ടന് ഒരുപാട് സിനിമകൾ ഉണ്ടാവാൻ ഇനി നമ്മളെല്ലാവരും പ്രാർത്ഥിക്കണം. രണ്ട് രൂപ വീതം കിട്ടുന്നതാണ്. എന്നിട്ട് ആ പണമെല്ലാം കൂട്ടിവെച്ച് മാ സംഘടന സുരേഷേട്ടനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യും. അതിൽ സുരേഷേട്ടൻ ഫ്രീയായി അഭിനയിക്കുകയും ചെയ്യുമെന്ന് ദിലീപ് കൂട്ടിചേർത്തു. ഇത് താരം സമ്മതിക്കുകയും ചെയ്തിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്