- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിനെ തോൽപ്പിച്ചിട്ടും വിധി വെറുതെ വിട്ടില്ല; ചലച്ചിത്ര നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം 98മത്തെ വയസ്സിൽ; കോവിഡ് ഭേദമായി ആശുപത്രി വിട്ടത് കഴിഞ്ഞ ദിവസം; വിട പറഞ്ഞത് മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛൻ
കണ്ണൂർ∙ ചലച്ചിത്ര നടൻ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. കോവിഡ് നെഗറ്റീവായതു കഴിഞ്ഞ ദിവസമാണ്. 1996ൽ ദേശാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി സിനിമകളിൽ മുത്തച്ഛനായി വേഷമിട്ടിട്ടുണ്ട്.
കോവിഡ് പൊസിറ്റീവായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്പ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ താരത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ചു വന്നിരിക്കുന്നുവെന്നും ഭവദാസൻ നമ്പൂതിരി പറഞ്ഞു. ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രേത്യക ചിട്ടകൾ ഉണ്ടായിരുന്നതിനാലാണ് ഈ പ്രായത്തിലും ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞതെന്ന് താരത്തിന്റെ മക്കൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.
1922 ഒക്ടോബർ 25 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായാണ് ജനനം. പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിലായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ പ്രാഥമിക വിദ്യാഭ്യാസം. കമ്യൂണിസ്റ്റ് സഹയാത്രികനായ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പാർട്ടി പ്രവർത്തകനായി പല സമര പരിപാടികളിലും പങ്കെടുത്തിരുന്നു. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് എ കെ ജി ഒളിവിൽ കഴിഞ്ഞത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു. എ.കെ.ജി. അയച്ച കത്തുകൾ നിധിപോലെ നമ്പൂതിരി സൂക്ഷിച്ചിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷക സംഘത്തിന്റെയും പലനേതാക്കൾക്കും പുല്ലേരി വാധ്യാരില്ലം ഒളിയിടമായിരുന്നു. ഇ.കെ.നായനാർ, സി.എച്ച്.കണാരൻ, കെ.പി.ഗോപാലൻ, കെ.പി.ആർ, എ.വി.കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, ടി.എസ്.തിരുമുമ്പ്, വിഷ്ണു ഭാരതീയൻ, കേരളീയൻ എന്നിവർക്കെല്ലാം ഒളിസ്ഥലവും അഭയസ്ഥാനവുമായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വാദ്ധ്യാരില്ലം.
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി തന്റെ 76-ആം വയസ്സിലാണ് സിനിമയിലഭിനയിക്കുന്നത്. 1996 ൽ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്. ആ സിനിമയിലെ അദ്ദേഹത്തിന്റെ വേഷം വലിയതോതിൽ പ്രേക്ഷക പ്രീതിനേടി. തുടർന്ന് ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, ഗർഷോം, കല്യാണരാമൻ... എന്നിവയുൾപ്പെടെ പന്ത്രണ്ടോളം മലയാള ചിത്രങ്ങളിൽ അദേഹം അഭിനയിച്ചു. ചന്ദ്രമുഖി ഉൾപ്പെടെ മൂന്ന് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സെന്റിമെന്റ്സും കോമഡിയും ഒരുപോലെ വഴങ്ങുന്ന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുത്തച്ഛൻ കഥാപാത്രങ്ങൾ സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്.
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ പരേതയായ ലീല അന്തർജ്ജനം. നാലു മക്കളാണ് അദ്ദേഹത്തിനുള്ളത്. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണൻ. പ്രശസ്ത ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മകളുടെ ഭർത്താവാണ്.
മറുനാടന് മലയാളി ബ്യൂറോ