ചെന്നൈ: നോട്ട് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം നല്ലതായിരുന്നുവെങ്കിലും അത് നടപ്പാക്കുന്നതിൽ പാളിച്ചപറ്റിയെന്ന അഭിപ്രായവുമായി തമിഴ് സൂപ്പർ സ്റ്റാർ വിജയ്. 500,1000 നോട്ടുകൾ നിരോധിക്കുവാനുള്ള മോദി സർക്കാരിന്റെ തീരുമാനം ധീരമാണെന്നും എന്നാൽ കുറച്ച് കൂടി കരുതലോടെ നീക്കങ്ങൾ നടത്തിയിരുന്നെങ്കിൽ സാധാരണക്കാർക്ക് ഇത്രയധികം ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നുവെന്നും വിജയ് പറഞ്ഞു.

ഇപ്പോൾ ചെറിയൊരു വിഭാഗം ആളുകൾ ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കുന്നത് രാജ്യത്തെ 80 ശതമാനം വരുന്ന സാധാരണക്കാരാണ്.

കുറച്ചുപേർ കള്ളപ്പണത്തിന്റെ ആൾക്കാരാണെങ്കിലും അതിന് ഇപ്പോൾ നോട്ടുനിരോധനത്തിലൂടെ പാവങ്ങളാണ് കഷ്ടപ്പെടുന്നത്. സമ്പന്നരായ ചിലരുടെ തെറ്റാണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നും ഇളയ ദളപതി പറയുന്നു.

അതേസമയം നോട്ടുകൾ നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനങ്ങളെ വിജയ് പ്രശംസിക്കുകയും ചെയ്തു. കേന്ദത്തിന്റെ നീക്കം വളരെ ധീരവും സ്വാഗതാർഹവുമാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് തീരുമാനം വളരെയധികം ഉപകരിക്കുമെന്നും താരം പറഞ്ഞു.

കൃത്യമായ പഠനങ്ങൾ നടത്തിയതിന് ശേഷം മാത്രമേ ഇത്തരം തീരുമാനം നടപ്പിലാക്കാൻ പാടുള്ളുവായിരുന്നു എന്ന് പറഞ്ഞ വിജയ് അവശ്യസാധനങ്ങളും മരുന്നും മറ്റും വാങ്ങാനായി ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുകയാണെന്നത് കാണാതിരിക്കാനാവില്ലെന്നും വ്യക്തമാക്കി.