തമിഴ് സിനിമയിലെ ജനപ്രിയ താരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി. കഴിഞ്ഞ ദിവസം വിജയ് സേതുപതിയുടെ വീട്ടിൽ റെയ്ഡ് നടന്ന വിവരം മിക്ക മാധ്യമങ്ങളിലും വാർത്തായായിരുന്നു. എന്നാൽ വൈകാതെ തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി വിജയ് സേതുപതി രംഗത്തെത്തി.

തന്റെ വീട്ടിൽ നടന്നത് റെയ്ഡ് ആയിരുന്നില്ലെന്നും തന്റെ വരവ് ചെലവ് കണക്കുകളുടെ രേഖകൾ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും വിജയ് അറിയിച്ചു. പുതിയ സിനിമയായ 96ന്റെ പ്രചരണാർത്ഥം നടത്തിയ പത്രസമ്മേളത്തനിടെയാണ് വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പത്രസമ്മേളനത്തിൽ വിജയ് സേതുപതി പറഞ്ഞതിങ്ങനെ

അത് റെയ്ഡ് ആയിരുന്നില്ല ആദായ നികുതി വകുപ്പിന്റെ പരിശോധനയായിരുന്നു അത്. ഈ സംഭവം നടന്നതിന് ശേഷമാണ് എനിക്കും ഇതിനെ കുറിച്ച് കൂടുതൽ മനസ്സിലായത്. അവർ എന്റെ വരവ് -ചെലവ് കണക്കുകൾ നോക്കി ബോദ്ധ്യപ്പെടുക മാത്രമാണ് ചെയ്തത്. എന്റെ മൂന്നു കൊല്ലത്തെ നികുതി ഞാൻ മുൻകൂറായി അടച്ചിരുന്നു. എന്നാൽ അതിന്റെ റിട്ടേൺ എന്റെ ഓഡിറ്റർ ഫയൽ ചെയ്തിരുന്നില്ല. എല്ലാ ക്രയവിക്രയങ്ങളും കൃത്യമണോയെന്ന് ഉറപ്പ് വരുത്താനാണ് അവർ എത്തിയത്.

എന്നാൽ ഇതിന്റെ പേരിൽ ഒരുപാട് വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ എനിക്കുണ്ടാവുന്ന നെഗറ്റീവ് ഇമേജിനെ ഞാൻ പരിഗണിക്കുന്നില്ല വിജയ് സേതുപതി പറഞ്ഞു.

സി.പ്രേംകുമാർ സംവിധാനം ചെയ്യുന്ന 96ാണ് വിജയ് സേതുപതി യുടെ പുതിയ ചിത്രം. തൃഷയാണ് ഈ ചിത്രത്തിലെ നായിക. ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. മലയാളിയായ ഗോവിന്ദ് വസന്താണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.