പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ നേടി വിജയകരമായ മുന്നേറ്റം തുടരുന്ന വിജയ്സേതുപതിയുടെ 96. എന്നാൽ വലിയൊരു പ്രതിസന്ധിക്ക് ശേഷമാണ് ചിത്രത്തിന്റെ റിലീസെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ വിശാൽ. എന്ത്‌കൊണ്ടാണ് തന്നെ മക്കൾസെൽവൻ എന്നു വിളിക്കുന്നതെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വിജയ്‌സേതുപതി. നിർമ്മാതാവിന്റെ കടം സ്വന്തം തോളിലെടുത്താണ് വിജയ് യാഥാർത്ഥ ജീവിതത്തിലും ഹീറോ ആയത്.

ചിത്രത്തിന്റെ നിർമ്മാതാവായ നന്ദഗോപാൽ അദ്ദേഹത്തിന്റെ മുൻചിത്രമായ കത്തിസണ്ടൈക്കായി മൂന്നുകോടി രൂപ സാമ്പത്തിക ഇടപാടുകാരനിൽ നിന്നു കടം വാങ്ങിയിരുന്നു. കൂടാതെ ഒരുകോടി രൂപ വിശാലിനും നൽകാനുണ്ടായിരുന്നു.  നാലുക്കോടിയുടെ കടം സ്വന്തം തലയിലെടുത്തുവച്ചാണ് സേതുപതി ഈ ചിത്രം റിലീസിനെത്തിച്ചത്.

'പ്രശ്നം ഗുരതരമായി റിലീസിനെ ബാധിക്കുമെന്നായപ്പോൾ വിജയ് സേതുപതി ഈ കടം സ്വന്തം തോളിലെടുത്തുവെച്ചു. നാലരക്കോടി താൻ തരാമെന്ന് അദ്ദേഹം പറഞ്ഞതോടെയാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ സേതുപതി ഈ കടമെല്ലാം ഏറ്റെടുത്തെന്നറിഞ്ഞപ്പോൾ രാത്രി തനിക്കുറങ്ങാനായില്ലെന്ന് വിശാൽ പറഞ്ഞു. ഇത്തരത്തിലുള്ള വേദനകളും അനുഭവങ്ങളും തനിക്കും ഉണ്ടായിട്ടുണ്ടെന്നും തന്റെ സഹപ്രവർത്തകർക്കും ഇങ്ങനെയൊരു അവസ്ഥ വന്നതിലാണ് വിഷമമെന്നും' അദ്ദേഹം പറഞ്ഞു.

നടികർ സംഘത്തെയും, പ്രൊഡ്യൂസേഴ്സ് കൗൺസിലിനെയും നയിക്കുന്ന വിശാൽ സിനിമയുടെ റിലീസിനുള്ള തടസം മാറ്റുകയും നിർമ്മാതാവിന് പണം തിരികെ അടക്കാൻ കൂടുതൽ സമയം നൽകുകയും ചെയ്തു. പണമല്ല, എനിക്ക് സൗഹൃദമാണ് വലുത്. മറ്റുള്ളവർ വരുത്തി വയ്ക്കുന്ന ബാധ്യത ഒരു നടൻ ഏറ്റെടുക്കുക എന്നത് ഏറെ ദുഃഖ:കരമാണ് വിശാൽ വ്യക്തമാക്കി. 96 വലിയൊരു വിജയായി മാറട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

വിജയ് സേതുപതി-തൃഷ താരജോഡി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 96. ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സഹപാഠികളും പ്രണയിതാക്കളുമായ വിജയ് സേതുപതിയും തൃഷയും 22 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നതും 96 ബാച്ചിലെ വിദ്യാർത്ഥികളുടെ ഒത്തുചേരലും തുടർന്നുണ്ടാകുന്ന മനോഹരമായ പ്രണയ നിമിഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തിലടക്കം മികച്ച പ്രതികരണം നേടിയാണ് ചിത്രം മുന്നേറുന്നത്.

കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ആദ്യലുക്ക് പോസ്റ്ററുകൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രാഹകൻ സി പ്രേംകുമാറിന്റെ സംവിധായകനായുള്ള അരങ്ങേറ്റം കൂടിയാണ് 96. തൈക്കൂടം ബ്രിഡ്ജിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് മേനോൻ ഈണം പകർന്ന ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. ആദിത്യ ഭാസ്‌കർ, ഗൗരി ജി കിഷൻ, ദേവദർശിനി, എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.