ചെന്നൈ: കോളിവുഡിനെ ഞെട്ടിച്ച് നടിമാരുടെയും നടന്മാരുടെയും സ്വകാര്യചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടുവെന്ന് ആരോപിക്കപ്പെടുന്ന ഗായിക സുചിത്ര കാർത്തിക്കിനെതിരേ നിയമ നടപടി ആവശ്യപ്പെട്ട് പരാതി. തുടർച്ചയായി അപകീർത്തികരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്ന സുചിത്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ ലീഗ് പാർട്ടി(ഐഎൻഎൽപി) ആണ് പരാതി നല്കിയിരിക്കുന്നത്. ഇതുമാത്രമല്ല, ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവന്ന ചിത്രങ്ങളിലെ വ്യക്തികൾക്കെതിരേയും നടപടി എടുക്കണമെന്ന് പാർട്ടി നേതാക്കൾ പൊലീസിനോട് വാക്കാൽ ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം സുചിത്ര തന്നെയാണോ ട്വിറ്റർ അക്കൗണ്ടിലൂടെ ചിത്രങ്ങൾ പുറത്തുവിടുന്നതെന്നു വ്യക്തമല്ല. താനല്ല ചിത്രങ്ങൾ പുറത്തുവിട്ടതെന്നാണ് സുചിത അവകാശപ്പെടുന്നത്. എന്തായാലും പുറത്തുവന്ന പല ദൃശ്യങ്ങളും തമിഴ് സിനിമാ ലോകത്തെ പല അതികായകന്മാരുടെയും അതികായികമാരുടെയും ഉറക്കം കെടുത്തുന്നതായിരുന്നു.

തമിഴ് സിനിമാ താരങ്ങൾക്ക് വളരെയധികം ആരാധകരുണ്ടെന്ന് ഐഎൻഎൽപി പ്രസിഡന്റ് അബ്ദുൾ റഹീം പറഞ്ഞു. യുവാക്കളടക്കം ജീവിതമാതൃകയാക്കുന്നത് താരങ്ങളെയാണ്. പുറത്തുവന്ന ചിത്രങ്ങളിലൂടെ തെറ്റായ മാതൃകയും കീഴ് വഴക്കവുമാണ് താരങ്ങൾ നല്കുന്നത്. കിടപ്പുമുറിയിലേത് അടക്കമുള്ള രംഗങ്ങൾ ചിത്രീകരിക്കാൻ താരങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ അനുവദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഇത് സാമൂഹിക തിന്മയാണ്. ചിത്രത്തിലെ താരങ്ങളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായാൽ മറ്റുള്ളവർ ഇത്തരം മാതൃക ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് അബ്ദുൾ റഹീം കൂട്ടിച്ചേർത്തു.

സുചിത്രയുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ആരാണു വിവാദ ചിത്രങ്ങൾ പുറത്തുവിടുന്നത് എന്നതിനെച്ചൊല്ലി സംശയമുണ്ട്. സുചിത്രയുടെ പ്രതികരങ്ങൾ വൈകാരികപരമാണെന്ന് അവരുടെ ഭർത്താവ് കാർത്തിക് പറഞ്ഞിരുന്നു. എന്നാൽ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും താനല്ല ചിത്രങ്ങൾ പുറത്തുവിടുന്നതെന്നുമാണ് സുചിത അവകാശപ്പെടുന്നത്.

ഇതിനിടെ നടിമാരുടെയും നടന്മാരുടെയും ചൂടൻ ചിത്രങ്ങൾ പുറത്തുവിടുന്ന സുചിത്രയുടെ ട്വിറ്റർ അക്കൗണ്ടിന് സുചി ലീക്‌സ് എന്ന പേരും നല്കപ്പെടുകയുണ്ടായി. കോളിവുഡിലെ മാത്രമല്ല മോളിവുഡിലേയും ചൂടൻ ചിത്രങ്ങൾ സുചി ലീക്‌സിലൂടെ പുറത്തുവരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

ധനുഷും അനിരുദ്ധ് രവിചന്ദറും ആൻഡ്രിയയും ഉൾപ്പെടുന്ന മുൻ നിര തമിഴ് സിനിമ പ്രവർത്തകരുടെ സ്വകാര്യ ചിത്രങ്ങളാണ് ഇതിനോടകം സുചിത്രയുടെ അക്കൗണ്ട് വഴി പുറത്തുവന്നത്. ധനുഷും അനിരുദ്ധും ചേർന്ന് മയക്കു മരുന്നു നൽകി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചിരുന്നു. ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ തന്റെ കൈ ധനുഷിന്റെ സംഘത്തിൽപ്പെട്ടവരിൽ ആരോ പിടിച്ച് വളച്ച് ചതച്ചുവെന്ന് ആരോപിച്ച് കൈയുടെ ചിത്രമടങ്ങുന്ന ട്വീറ്റുമായാണ് സുചിത്ര ആദ്യമെത്തിയത്.