- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയരികിലെ പട്ടിയും പൂച്ചയും വരെ ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ച ഒരു കാരണവർ നമുക്ക് ഉണ്ടായിരുന്നുവെന്ന് ഇന്ദ്രൻസ്;തുടർഭരണം ഉറപ്പെന്ന് ഹരിശ്രീ അശോകനും; പിന്തുണയുമായി സിനിമാ താരങ്ങൾ
കണ്ണൂർ: കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത കെടുതിയിലൂടെ കടന്ന പോയിക്കൊണ്ടിരിക്കുന്ന കാലത്ത് ഒരു കാരണവരെ പോലെ നിന്ന് കാര്യങ്ങൾ അന്വേഷിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടൻ ഇന്ദ്രൻസ്. മുഖ്യമന്ത്രിയുടെ പിണറായിൽ നടന്ന റോഡ്ഷോയുടെ സമാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയവും ദുരന്തങ്ങളും വന്ന് പോയപ്പോൾ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നിന്ന കാലത്ത് നമ്മൾ അന്നം കഴിക്കുന്നുണ്ടോ, നമുക്ക് വസ്ത്രമുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊപ്പം കാവുകളിലെ കുരങ്ങന്മാരും വഴിയരികിലെ പട്ടിയും പൂച്ചയും വരെ ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ച ഒരു നേതാവ് നമുക്ക് ഉണ്ടായിരുന്നെന്നും ഇന്ദ്രൻസ് പറഞ്ഞു. കേരളത്തിന് തുടർഭരണം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നമുക്ക് മുമ്പും നിരവധി മുഖ്യമന്ത്രിമാർ വന്നു പോയിട്ടുണ്ട്. എല്ലാവരും ആദരിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ നമ്മൾ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ദുരന്തങ്ങളും പ്രളയങ്ങളും വന്നുപോയി, അന്നൊക്കെ എന്തു ചെയ്യുമെന്ന് നമ്മൾ പകച്ച് നിന്നപ്പോൾ, ഒരു കാരണവരെ പോലെ നിന്ന്, നമുക്ക് അന്നമുണ്ടോ, വസ്ത്രമുണ്ടോ, കിടക്കാൻ ഇടമുണ്ടോ എന്ന് അന്വേഷിക്കുന്നതിനോടൊപ്പം തന്നെ കാവുകളിലെ കുരങ്ങനും, തെരുവിൽ കഴിയുന്ന പട്ടിയും പൂച്ചയും വരെ എപ്പോഴും ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ച ഒരു കാരണവർ നമുക്ക് ഉണ്ടായിരുന്നു. ആ കാരണവർ തുടരണം. ഈ കുടുംബം വളരെ അഭിവൃദ്ധിയോടെ മുന്നോട്ട് വരണം. അതിന് നമുക്ക് ഈ കുടുംബം നിലനിർത്തേണ്ടതുണ്ട്. എല്ലാ പ്രിയപ്പെട്ട സഖാക്കൾക്കും അഭിനന്ദനങ്ങൾ,' എന്നായിരുന്നു ഇന്ദ്രൻസ് പറഞ്ഞത്.
എൽ.ഡി.എഫ് സർക്കാർ തുടർഭരണത്തിന് അർഹരാണെന്ന് നടൻ ഹരിശ്രീ അശോകനും പറഞ്ഞു. ഇനി ഭരിക്കാൻ പോകുന്ന അഞ്ചുവർഷം ഇതിന്റെ പത്തിരട്ടി വികസനം ആണ് നടപ്പാക്കാൻ പോകുന്നതെന്നും അതിനുള്ള തയ്യാറെടുപ്പുകൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നിപ കോവിഡ്, പ്രളയം തുടങ്ങി എല്ലാ കെടുതികളും ഉണ്ടായിട്ടുള്ള ഒരു വർഷമായിരുന്നു നമ്മൾ കണ്ടത്. ആ സമയത്തും മക്കളെ കൈവെള്ളയിൽ നിർത്തിക്കൊണ്ട്, ഒരു പോറലുപോലും ഏൽപ്പിക്കാതെ വളരെ നന്നായിട്ട് കാത്തു സൂക്ഷിച്ച സഖാവ് പിണറായി വിജയൻ തുടർഭരണത്തിന് അർഹമാണെന്ന കാര്യം ഉറപ്പാണ്. ഇനി ഭരിക്കാൻ പോകുന്ന അഞ്ചുവർഷവും ഇതിന്റെ പത്തിരട്ടി വികസനം ആണ് നടപ്പാക്കാൻ പോകുന്നത്. അതിനുള്ള തയ്യാറെടുപ്പുകളും അണിയറയിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്,' ഹരിശ്രീ അശോകൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ