- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർത്തിക ഭാവനയായി.. ധന്യാ വീണ നവ്യാ നായരായി.. അശ്വതി പാർവതിയായി.. ആശ രേവതിയായി.. ക്ലാര ഷീലയായി.. കവിത ഉർവശിയായി: മലയാള സിനിമയിലെ പ്രമുഖരുടെ യഥാർത്ഥ പേരുകൾ ഇങ്ങനെ
തിരുവനന്തപുരം: സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും പൊതുവേ അന്ധവിശ്വാസികളായിരിക്കുമെന്നാണ് പറയാറ്. മലയാള സിനിമയിൽ ആണെങ്കിൽ ഇത്തരം അന്ധവിശ്വാസങ്ങൾ അൽപ്പം കൂടുതൽ ഉണ്ട് താനും. ഇങ്ങനെയുള്ള വിശ്വാസങ്ങളുടെ കൂട്ടത്തിലാണ് താരങ്ങളുടെ പേരിന്റെ സ്ഥാനവും. മലയാളത്തിലെ പ്രശസ്തരായ പല നടീനടന്മാരുടെയും യഥാർത്ഥ പേര് അവർ തന്നെ ഒളിപ്പിച്ചു
തിരുവനന്തപുരം: സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും പൊതുവേ അന്ധവിശ്വാസികളായിരിക്കുമെന്നാണ് പറയാറ്. മലയാള സിനിമയിൽ ആണെങ്കിൽ ഇത്തരം അന്ധവിശ്വാസങ്ങൾ അൽപ്പം കൂടുതൽ ഉണ്ട് താനും. ഇങ്ങനെയുള്ള വിശ്വാസങ്ങളുടെ കൂട്ടത്തിലാണ് താരങ്ങളുടെ പേരിന്റെ സ്ഥാനവും. മലയാളത്തിലെ പ്രശസ്തരായ പല നടീനടന്മാരുടെയും യഥാർത്ഥ പേര് അവർ തന്നെ ഒളിപ്പിച്ചു വെക്കുകയാണ് പതിവ്. മലയാളത്തിലെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ജീവിതത്തിലെ പേര് പോലും സിനിമയിൽ നിന്നും വ്യത്യസ്തമാണ്. മുഹമ്മദ് കുട്ടിയാണ് സിനിമയിൽ എത്തിയപ്പോൾ ചുരുങ്ങി മമ്മൂട്ടിയായി മാറിയത്.
സിനിമയിൽ പ്രവേശിച്ചാൽ ഉടൻ തന്നെ പേര് മാറ്റണം എന്നതാണ് ഇപ്പോഴത്തെ പുതിയ ട്രെന്റ്. ഇപ്പോൾ അത് നിർബന്ധമല്ലെങ്കിലും തുടക്കകാലത്ത് വ്യാപകമായിരുന്നു. തിക്കുറുശ്ശി സുകുമാരൻ നായരാണ് ഈ പേരു മാറ്റലിന്റെ ആശാൻ. പ്രേം നസീർ, സത്യൻ തുടങ്ങി അക്കാലത്തെ പ്രമുഖ താരങ്ങൾക്കൊക്കെ പേരിട്ടത് തിക്കുറിശ്ശി ആയിരുന്നു എന്നാണ് പഴയകാല സിനിമാ താരങ്ങൾ അഭിപ്രായപ്പെടുന്നത്.
ഇപ്പോൾ നടന്മാർ മാറ്റുന്നതിനേക്കാൾ അധികം നടിമാരാണ് പേര് മാറ്റുന്നത്. ആദ്യ ചിത്രത്തിൽ സംവിധായകൻ നിശ്ചയിക്കുന്ന പേരിലാവും പിന്നീട് നടി അറിയപ്പെടുന്നത്. ഇങ്ങനെ പേര് മാറ്റാൻ കാരണങ്ങൾ പലതാവാം. എന്ത് തന്നെയായാലും പിന്നീട് താരങ്ങൾ അറിയപ്പെടുന്നത് ഈ പേരുകളിലായാരിക്കും. കാർത്തിക എന്ന പേര് കേട്ടാൽ മലയാളികൾക്ക് ഓർമ്മ വരിക മറ്റൊരു നടിയുടെ പേരാണ് എന്നാൽ, ഇത് ഭാവനയാണെന്ന് പറഞ്ഞാലോ? അൽപ്പമൊന്ന് അത്ഭുതപ്പെടുമെന്നത് തീർച്ചയാണ്. ഇങ്ങനെയുള്ള സിനിമാതാരങ്ങളുടെ ചില പേരുമാറ്റങ്ങൾ നമുക്ക് പരിചയപ്പെടാം..
ഗോപാലകൃഷ്ണൻ ദിലീപായി
മലയാള സിനിമയിൽ മിമിക്രിയിലൂടെ കടന്നുവന്ന താരമാണ് ദിലീപ്. എന്നാൽ, ദിലിപിന്റെ യഥാർത്ഥ പേര് ഇതല്ല. ഗോപാലകൃഷ്ണൻ എന്നതാണ് മലയാളത്തിലെ ജനപ്രിയ നായകന്റെ ഒറിജിനൽ നാമം. സിനിമയിൽ അഭിനയം തുടങ്ങിയ വേളയിലാണ് ഗോപാലകൃഷ്ണൻ ദിലീപായി മാറിയത്. 15 വർഷത്തിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമായ ദിലീപിന് എന്തായാലും ഈ പേര് ഭാഗ്യം തന്നെയാണ് സമ്മാനിച്ചത്.
മമ്മൂട്ടിയായി മാറിയ മുഹമ്മദ് കുട്ടി ഇസ്മായിൽ പാണിപ്പറമ്പിൽ
മുഹമ്മദ് കുട്ടി ഇസ്മായിൽ പാണിപ്പറമ്പിൽ എന്ന പേര് മാത്രം കേട്ടാൽ പെട്ടന്ന് ആർക്കും ആളെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടാണ്. ആരാടാ ഈ മഹാൻ എന്ന് തോന്നിപ്പോയേക്കാം. എന്നാൽ മലയാള സിനിമയിലെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒറിജിനൽ പേരാണിത്. സിനിമയിൽ എത്തിയപ്പോൾ സൗകര്യത്തിലാണ് മമ്മൂട്ടി എന്നാക്കി മാറ്റിയത്. ഇതോടെ മമ്മൂട്ടിയുടെ ശരിക്കുള്ള ഭാഗ്യവും തെളിഞ്ഞു. ഇന്ത്യയാകെ അറിയപ്പെടുന്ന നടനായി മലയാള സിനിമയുടെ മെഗാ സ്റ്റാർ മാറുകയും ചെയ്തു.
ശാരദയായ സരസ്വതി ദേവി
സരസ്വതി ദേവി എന്നാണ് ആദ്യകാല നടിയും ദേശീയപുരസ്‌കാര ജേതാവുമായ ശാരദയുടെ യഥാർത്ഥ പേര്. പിന്നീട് നിർമ്മാതാവിന്റെ നിർദ്ദേശത്തെ തുടർന്നാണത്രെ ശാരദ എന്ന പേര് സ്വീകരിച്ചത്.
ക്ലാര എന്ന ഷീല
മലയാള സിനിമയുടെ തുടക്കകാലത്ത് തിളങ്ങിയ നായികനടിമാരിൽ മുന്നിലാണ് ഷീല. ക്ലാര എന്ന പേരിലാണ് ജനിച്ചത്. പിന്നീട് ഈ പേര് ഒരു സിനിമാ നടിക്ക് ചേർന്നതല്ലെന്ന് കണ്ടാണ് ഷീല എന്ന പേര് സ്വീകരിച്ചത്.
കെപിഎസി ലളിതയും മഹേശ്വരിയും
മഹേശ്വരി എന്നാണ് കെപിഎസി ലളിതയുടെ യഥാർത്ഥപേര്. പ്രശസ്ത നാടക ട്രൂപ്പായ കെപിഎസിയിൽ വന്നതിന് ശേഷമാണ് ലളിത എന്ന പേര് സ്വീകരിച്ചത്. കാലക്രമത്തിൽ അത് കെപിഎസി ലളിത എന്നായി.
രേവതിയുടെ ആശ
തന്റെ ആദ്യ ചിത്രത്തിന് വേണ്ടി സംവിധായകൻ ഭാരതി രാജ നിർദ്ദേശിച്ചത് പ്രകാരമാണ് ആശ എന്ന പെൺകുട്ടി രേവതി എന്ന പേര് സ്വീകരിച്ചത്. ഒരു സൗത്ത് ഇന്ത്യൻ നടിക്ക് ആശ എന്ന പേര് ചേരില്ലെന്നതാണ് കാരണമത്രെ.
പാർവ്വതിയിലെ അശ്വതി
അശ്വതി കുറുപ്പ് എന്നാണ് പാർവ്വതിയുടെ യഥാർത്ഥ പേര്. സിനിമയിൽ പാർവ്വതി എന്ന് അറിയപ്പെടുന്ന നടി യഥാർത്ഥ ജീവിതത്തിൽ അശ്വതി എന്നു തന്നെയാണ് അറിയപ്പെടുന്നത്. സിനിമക്കാർക്ക് മാത്രമാണ് പാർവ്വതി
ഉർവശി എന്ന കവിത രഞ്ജിനി
ഉർവശിയുടെ യഥാർത്ഥ പേര് കവിത രഞ്ജിനി എന്നാണ്. ആദ്യ ചിത്രത്തിന് ശേഷം സംവിധായകനാണ് ഉർവശി എന്ന പേര് നിർദ്ദേശിച്ചത്. നടിക്ക് ഏറ്റവും ചേരുന്ന പേര് ഉർവശി ആണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ
ധന്യ എന്ന നവ്യ
ആദ്യ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് സംവിധായകൻ സിബി മലയിലാണ് ധന്യ നായരെ നവ്യ നായരാക്കിയത്. ധന്യ എന്ന പേര് കോമണാണെന്നും ഒരു നടിക്ക് ആ പേര് ചേരില്ല എന്നതുമായിരുന്നത്രെ പേര് മാറ്റാൻ കാരണം.
നയൻതാരയായി മാറിയ ഡയാന
ആദ്യ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് സംവിധായകൻ സത്യൻ അന്തിക്കാടാണ് ഡയാന മറിയം കുര്യാൻ എന്ന നടിയെ നയൻതാര ആക്കിയത്. പിന്നീട് 2011 ൽ ഹിന്ദുമതം സ്വീകരിച്ചതോടെ നയൻ ആ പേര് ഔദ്യോഗികമാക്കി. സിനിമയിൽ മാത്രമല്ല, ഇപ്പോൾ യഥാർത്ഥത്തിലും നയൻതാരയുടെ പേര് നയൻതാര എന്ന് തന്നെ.
ഭാവന തെളിഞ്ഞ കാർത്തിക മേനോൻ
കാർത്തിക മേനോൻ എന്നായിരുന്നു ഭാവനയുടെ പേര്. എന്നാൽ നേരത്തെ ഈ പേരിൽ അറിയപ്പെടുന്ന ഒരു നായിക ഉള്ളതുകൊണ്ട് ആദ്യ ചിത്രത്തിൽ തന്നെ കാർത്തിക മേനോന്റെ പേര് മാറ്റി ഭാവന എന്നാക്കി.
രഖിതയെ ഭാമയാക്കി ലോഹി
രഖിത കുറുപ്പ് എന്നായിരുന്നു ഭാമയുടെ യഥാർത്ഥ പേര്. നിവേദ്യം എന്ന ആദ്യ ചിത്രത്തിന് വേണ്ടി സംവിധായകൻ ലോഹിതദാസാണ് ഭാമ എന്ന പേരിട്ടത്. രഖിത എന്ന പേര് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലത്രെ.
ബ്രെറ്റി മൈഥിലിയായ കഥ
ബ്രെറ്റി ബാലചന്ദ്രനെ അറിയുമോ? മലയാള സിനിമയിൽ അങ്ങനെ ഒരാളുണ്ടോ എന്നു ചോദിക്കാൻ വരട്ടെ. ഉണ്ട്, 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലെ നായിക. ബ്രെറ്റി ബാലചന്ദ്രനെയാണ് സംവിധായകൻ രഞ്ജിത് 'മൈഥിലി' എന്ന പേരിട്ട് സിനിമയിലേക്ക് ആനയിച്ചത്.
എന്നാൽ, 'മൈഥിലി' എന്ന പേര് ബ്രെറ്റിക്ക് മടുത്തു എന്നാണു റിപ്പോർട്ടുകൾ. മൈഥിലി എന്ന പേരിൽ മറ്റൊരു താരം സിനിമയിലുണ്ട് എന്നാണ് ബ്രെറ്റി പറയുന്നത്. അതിനാൽ ഇനിമുതൽ 'മാണിക്യം' എന്ന പേരിൽ അറിയപ്പെടാനാണ് ബ്രെറ്റിക്ക് താൽപ്പര്യം.