കൊച്ചി: വിചാരണ കോടതിയുടെ നടപടിക്കെതിരെ വിമർശനവുമായി ആക്രമിക്കപ്പെട്ട നടി. ഒരു സ്ത്രീയോട് ചോദിക്കാൻ പാടില്ലാത്ത നിരവധി ചോദ്യങ്ങൾ ഉണ്ടായെന്നും കോടതി മുറിയിൽ താൻ അപമാനിക്കപ്പെട്ടെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കുന്ന എറണാകുളം കോടതിയിൽ നിന്ന് കേസ് മാറ്റണമെന്ന സർക്കാരിന്റേയും നടിയുടേയും ഹർജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്. കേസിൽ വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. വിധി അതിനിർണ്ണായകമാകും.

ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ ചോദിച്ചപ്പോൾ വിചാരണകോടതി തടഞ്ഞില്ലെന്നും സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിൽ വരെ ചോദ്യങ്ങളുണ്ടായെന്നും കോടതിയിൽ തനിക്ക് മാനസികമായ പീഡനം നേരിടേണ്ടി വന്നെന്നും നടി പറഞ്ഞു. അനേകം അഭിഭാഷകർ കോടതിയിലുണ്ടായിരുന്നു. എട്ടാം പ്രതി ദിലീപിന് വേണ്ടി നിരവധി അഭിഭാഷകരാണ് എത്തിയത്. അവരുടെ മുന്നിൽ വച്ചാണ് പല ചോദ്യങ്ങൾക്കും മറുപടി നൽകേണ്ടി വന്നത്. ചില ചോദ്യങ്ങൾക്കെതിരെ പ്രോസിക്യൂഷൻ രംഗത്തെത്തിയപ്പോഴും അത് തടയാൻ കോടതി തയ്യാറായില്ലെന്നും നടി പറഞ്ഞു. എന്തുകൊണ്ട് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്ന് നടിയോട് ഹൈക്കോടതി ആരാഞ്ഞു. എല്ലാത്തിലും എതിർപ്പ് ഫയൽ ചെയ്യേണ്ടെന്ന് തോന്നിയെന്നും എന്നാൽ അത് തെറ്റായെന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകൻ പറഞ്ഞു.

വിചാരണ കോടതിയെ വിശ്വാമില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. കോടതി ചട്ടവിരുദ്ധമായി ഫോറെൻസിക് ലാബിൽ വിളിച്ചെന്നും തെളിവുകൾ വേണ്ടവിധം രേഖപ്പെടുത്തിയില്ലെന്നും കഴിഞ്ഞ ദിവസം പ്രോസിക്ക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ നടപടികൾ ശരിയല്ലെന്ന വാദവും സജീവമാണ്. ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷ അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് സർക്കാരും നടിയും ആരോപിച്ചിട്ടുണ്ട് തുടർന്നാണ് ഇന്നുവരെ കേസിന്റെ വിചാരണ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവുണ്ടായത്. മഞ്ജു വാര്യരുടേയും അക്രമിക്കപ്പെട്ട നടിയുടേയും മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിക്ക് വീഴ്‌ച്ച പറ്റിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. പതിഭാഗത്തെ നിരവധി അഭിഭാഷകർ നടിയെ മാനസികമായി തകർക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിച്ചിട്ടും വിചാരണ കോടതി ഇടപെട്ടില്ല, മകൾ വഴി ദിലീപ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന മഞ്ജുവാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ല തുടങ്ങിയ ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ നടിയും സർക്കാരും ഉന്നയിക്കുന്നത്.

കേസിലെ മാപ്പുസാക്ഷിയായ കാസർകോട് സ്വദേശി വിപിൻലാലിനെ ദിലീപിന്റെ അടുത്ത സുഹൃത്തും എംഎ‍ൽഎയുമായ കെ.ബി ഗണേശ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിൽ പ്രദീപിനെ പ്രതി ചേർത്ത് ബേക്കൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ കേസും അതിനിർണ്ണായകമാണ്.