കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ല. സർക്കാരിന്റേയും നടിയുടേയും ഹർജികൾ ഹൈക്കോടതി തള്ളി. ഇതോടെ നടിയെ ആക്രമിച്ച കേസിൽ വിചാരണയും തുടരും. തിങ്കളാഴ്ച മുതൽ വിചാരണ തുടരാനും നിർദ്ദേശിച്ചു. പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ച് പോയാലെ നീതി നടപ്പാക്കൂവെന്നും സിംഗിൾ ബഞ്ച് നിരീക്ഷിച്ചു. വിചാരണ കോടതി മാറ്റാൻ ആവശ്യമായ കാരണമൊന്നും ബോധിപ്പിക്കാൻ പറ്റിയില്ലെന്നും ഹൈക്കോടതി നിലപാട് എടുത്തു. അപ്പീൽ നൽകാൻ വിചാരണയ്ക്ക് സ്റ്റേ നൽകണമെന്ന ആവശ്യവും ഹൈക്കോടതി സിംഗിൾ ബഞ്ച് അംഗീകരിച്ചില്ല. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നാണ് സൂചന.

സിംഗിൾ ബെഞ്ച് ജഡ്ജി വി.ജി.അരുണിന്റേതാണ് ഉത്തരവ്. തിങ്കളാഴ്ച മുതൽ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ വാദം കേൾക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്റ്റേ ഏർപ്പെടുത്തിയിരുന്നു. വിചാരണ കോടതിയെ മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മാനസിക പീഡനം നേരിടേണ്ടി വന്നെന്നും നടി കോടതിയിൽ വ്യക്തമാക്കിയിരുന്നു. വിചാരണ നടപടികൾ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവസ്യപ്പെട്ടാണ് സർക്കാരും നടിയും ഹൈക്കോടതിയിൽ ഹർജി നൽകിയത്.

വിചാരണ കോടതിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അക്രമണത്തിനിരയായ നടിയും സർക്കാരും ഉന്നയിച്ചത്. പ്രതിഭാഗം കോടതി മുറിയിൽവെച്ച് മാനസികമായി പീഡിപ്പിച്ചപ്പോൾ ജഡ്ജി ഇടപെട്ടില്ലെന്നും പരസ്യമായി താൻ കോടതിയിൽ പൊട്ടിക്കരഞ്ഞുവെന്നും നടി ഹർജിയിൽ പറഞ്ഞിരുന്നു. പ്രതിഭാഗത്തെ 20-ഓളം അഭിഭാഷകർ കോടതിമുറിയിൽ വെച്ച് മാനസികമായി തേജോവധം ചെയ്യുന്നുവെന്നാണ് നടി പരാതി നൽകിയത്. പ്രധാനപ്പെട്ട പല മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആരോപണവും ഹർജിയിലുണ്ടായിരുന്നു. നടിയുടെ പരാതി പിന്തുണച്ച സർക്കാരും കേസിൽ രഹസ്യവിചാരണയെന്ന നിർദ്ദേശം അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമാക്കിയിരുന്നു.

വിചാരണയ്ക്ക് ഒരാഴ്ചത്തെ സ്‌റ്റേയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. രഹസ്യ വിചാരണ ജഡ്ജി അട്ടിമറിച്ചെന്നും നടിയെ വിസ്തരിക്കുമ്പോൾ 20 അഭിഭാഷകർ ഉണ്ടായിരുന്നുവെന്നും ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ നിലപാട് എടുത്തിരുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നും ആവശ്യപ്പെട്ടു. ദിലീപ് കേസിൽ വിചാരണ കോടതി ജഡ്ജി ഹണി വർഗ്ഗീസിന് പിന്തുണയുമായി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ അടക്കം രംഗത്തു വന്നിരുന്നു. ഈ കേസിൽ എത്ര പ്രതികളുണ്ടെന്ന് നോക്കണം. അവർക്കെല്ലാം കുറഞ്ഞത് ഓരോ അഭിഭാഷകനെങ്കിലുമുണ്ട്. അവർക്കെല്ലാം കോടതിയിൽ വിസ്താരം കേൾക്കേണ്ടതുണ്ട്. ഇര പറയുന്നത് കേൾക്കണ്ടതുണ്ട്. അവരെ ഇറക്കിവിടാനാവില്ല. അതിൽ ഒരു തെറ്റുമില്ല എന്നതാണ് വസ്തുതയെന്ന് കെമാൽ പാഷ വ്യക്തമാക്കിയിരുന്നു.

ഏതോ സെറ്റിൽ വച്ച് ഇരയാക്കപ്പെട്ട നടിയെക്കുറിച്ച് 'അവളെ ഞാൻ പച്ചയ്ക്ക് കത്തിക്കും' എന്ന് ദിലീപ് ആരോടോ പറഞ്ഞത് കേട്ടെന്ന് ഒരു നടി പറഞ്ഞതായാണ് ഇരയുടെ ഒരു മൊഴി. അത് കോടതി എഴുതിയില്ല എന്നതാണ് ഒരു ആക്ഷേപം. ഇത് ഒരു ജഡ്ജിയാണ് കേട്ടുകൊണ്ടിരിക്കുന്നത് എന്നതിൽ അത്ഭുതം തോന്നുന്നു. ഇത് കേട്ടുകേൾവിയാണ്; തെളിവാകില്ല. നേരിട്ട് ഇരയോട് 'നിന്നെ ഞാൻ കത്തിക്കും' എന്ന് പറഞ്ഞാൽ അത് തെളിവാണ്. മറ്റൊരാൾ പറഞ്ഞത് ആരോടോ പറയുന്നത് കേട്ടു എന്നതാണ് ഇവിടെ. ഇത് ഒരിക്കലും റെക്കോർഡ് ചെയ്യാൻ പാടില്ലാത്തതാണ്-കാര്യ കാരണ സഹിതം കെമാൽ പാക്ഷ പറയുന്നു. ജഡ്ജി ഹണി വർഗ്ഗീസിന്റെ നടപടികൾ എല്ലാം ശരിയാണെന്ന് സമർത്ഥിക്കുകയാണ് ഇതിലൂടെ കെമാൽ പാക്ഷ. കെമാൽപാക്ഷയുടെ ഈ വാദങ്ങൾ അംഗീകരിക്കുന്ന തരത്തിലാണ് ഇപ്പോൾ ഹൈക്കോടതി വിധിയും വന്നത്.

ഫൊറൻസിക് റിപ്പോർട്ട് വിളിച്ചു ചോദിച്ചു എന്നതാണ് ജഡ്ജിക്കെതിരെ ഉയർത്തിയ ഒരു ആരോപണം. ഇത്തരത്തിൽ ഒരു റിപ്പോർട്ട് വന്നില്ലെങ്കിൽ ചോദിക്കാൻ കോടതിക്ക് അധികാരമുണ്ട്. ഒരു റിപ്പോർട്ട് വന്നിട്ടില്ലെങ്കിൽ നടപടി എടുത്തതാണ് എന്റെ ചരിത്രം. വിളിച്ച് ചോദിക്കാനൊന്നും നിൽക്കില്ല, സമൻസ് അയയ്ക്കും. ഡയറക്ടർ നേരിട്ട് ഹാജരാകാൻ പറയും. ഇവർ വിളിച്ചു ചോദിച്ചതിൽ നിയമപരമായി ഒരു അപാകതയുമില്ല. ഇരയെ വിസ്തരിക്കുമ്പോൾ 20ൽ പരം അഭിഭാഷകർ കോടതിയിൽ ഉണ്ടായിരുന്നു എന്നതാണ് കോടതി മാറ്റുന്നതിന് ആവശ്യപ്പെട്ട് ഉയർത്തിയ ഒരു ആരോപണം. ഈ കേസിൽ എത്ര പ്രതികളുണ്ടെന്ന് നോക്കണം. അവർക്കെല്ലാം കുറഞ്ഞത് ഓരോ അഭിഭാഷകനെങ്കിലുമുണ്ട്. അവർക്കെല്ലാം കോടതിയിൽ വിസ്താരം കേൾക്കേണ്ടതുണ്ട്. ഇര പറയുന്നത് കേൾക്കണ്ടതുണ്ട്. അവരെ ഇറക്കിവിടാനാവില്ല. അതിൽ ഒരു തെറ്റുമില്ല എന്നതാണ് വസ്തുത-ഇതെല്ലാം കോടതിയും അംഗീകരിക്കുകയാണ്.

നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തപ്പോൾ രേഖപ്പെടുത്തിയില്ലെന്നതാണ് മറ്റൊരു ആരോപണം. അവരുടെ മൊഴിയെടുത്തിട്ട് ആറു മാസം കഴിഞ്ഞതാണ്. അതുപോലെ മറ്റൊരു സാക്ഷിയുടെ മൊഴിയെടുത്തിട്ട് എട്ടു മാസമായി. ഇത്രയും നാൾ മിണ്ടാതിരുന്നിട്ടാണ് ഇപ്പോൾ ആരോപണവുമായി എത്തുന്നത്. ഒക്കാത്ത കാര്യങ്ങളും തെളിവില്ലാത്ത കാര്യങ്ങളും കാണുമ്പോൾ ഇതെന്താണെന്ന് ജഡ്ജി ചോദിച്ചെന്നിരിക്കും. അത് കോടതി നടപടിയാണ്. ആരോപണ വിധേയയായിട്ടുള്ള വനിതാ ജഡ്ജി ഹണി മൂന്നു വർഷം മുമ്പു വരെ നേരിട്ടു പരിചയമുള്ള വ്യക്തിയാണ്. തൃശൂർ ജില്ലാ ജഡ്ജി ആയിരിക്കെ കോടതിയിൽ അഡീഷനൽ പ്രോസിക്യൂട്ടറായി വരികയും മുമ്പിൽ ഒരുപാട് കേസ് നടത്തുകയും ചെയ്തിട്ടുണ്ട്. അന്തസായ പെരുമാറ്റമാണ് ഇവരുടേത് എന്നു മാത്രമല്ല, ഞാൻ അറിയുന്ന വ്യക്തി എന്ന നിലയിൽ കള്ളത്തരം ചെയ്യുന്ന ആളല്ല. ആവശ്യമില്ലാതെ കോടതിയിൽ എന്തെങ്കിലും പറഞ്ഞാൽ തെറ്റെന്ന് പറയാൻ ആർജവമുള്ള ജഡ്ജിയാണവർ. അങ്ങനെ ഭാഗം ചേരുന്ന ഒരാളല്ല ഈ ജഡ്ജി എന്ന് നേരിട്ടറിയാം-കെമാൽപാക്ഷ പറഞ്ഞിരുന്നു.