കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. സിആർപിസി 406 പ്രകാരമാണ് സർക്കാർ കോടതി മാറ്റത്തിനുള്ള ആവശ്യം ഹർജിയായി ഉന്നയിക്കുന്നത്. വിചാരണ വൈകിപ്പി്ക്കാനാകില്ലെന്ന വിചാരണ കോടതിയുടെ നിലപാട് കണക്കിലെടുത്താണ് ഇത്.

ഹൈക്കോടതി ഉത്തരവിനെതിരേയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്. ഹൈക്കോടതിയിൽ ഉന്നയിച്ച വാദമുഖങ്ങൾ സുപ്രീംകോടതിയേയും അറിയിക്കുക. ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല എന്നുള്ളതായിരിക്കും വാദം. 2013-ലെ ഭേദഗതിപ്രകാരമുള്ള മാറ്റങ്ങൾക്കനുസൃതമായല്ല ഹൈക്കോടതി വിധി എന്നതും ചർച്ചയാക്കും. കോടതിയിൽ നടന്നിട്ടുള്ള വിചാരണയുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ എല്ലാം നേരത്തേ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളതാണ്. അക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടായിരിക്കും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരേ സുപ്രീംകോടതിയിലേക്ക് സംസ്ഥാനസർക്കാർ പോകുന്നത്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ ഇതേ കാര്യവുമായി സമീപിക്കുന്ന കാര്യം ആലോചിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ ഉത്തരവ് ഇതിന് തടസ്സമായതിനാലാണ് സിആർപിസി 406 പ്രകാരം കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിലേക്ക് പോകാനുള്ള തീരുമാനം. ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടന്നുവരികയാണ്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ തന്നെ ഹാജരാകും.

സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. ഹർജി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലേക്ക് സർക്കാർ അഭിഭാഷകർ കടന്നുകഴിഞ്ഞു. ഹൈക്കോടതി വിധി വന്നതോടെ വിചാരണക്കോടതി നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം ഉണ്ടായിരുന്നു.

അതിനാൽ വേഗത്തിൽ വിചാരണയുമായി മുന്നോട്ടുപോകാനാണ് വിചാരണകോടതിയുടെ ശ്രമം. അടുത്തമാസം രണ്ടിന് വിചാരണ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമറിയിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അടക്കമുള്ളവർക്കും വിചാരണ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സുരേശൻ രാജിവെച്ചിരുന്നു. എന്നാൽ സുരേശന്റെ രാജി ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടില്ല. കോടതി മാറ്റം സുപ്രീംകോടതി അംഗീകരിച്ചാൽ സുരേഷൻ തന്നെ പ്രോസിക്യൂട്ടറായി തുടരും. അതിന് വേണ്ടിയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

സുപ്രീംകോടതി ഹർജി ഫയലിൽ സ്വീകരിച്ചാൽ വിചാരണയ്ക്ക് വിലക്കും വരും. ഈ സാഹചര്യത്തിൽ അന്തിമ വിധി പുറത്തു വരാൻ വൈകുന്ന സാഹചര്യവും ഉണ്ടാകും. നേരത്തെ സർക്കാരിന്റേയും ആക്രമത്തിന് ഇരയായ നടിയുടെ വാദങ്ങൾ തള്ളിയാണ് വിചാരണ കോടതി മാറ്റാനുള്ള ഹർജിയിൽ ഹൈക്കോടതി എതിർവിധി പുറപ്പെടുവിച്ചത്.

കോടതി മാറ്റം ആവശ്യപ്പെട്ട് നടിയും സർക്കാരും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക കോടതിയിൽ തന്നെ വിസ്താര നടപടികൾ പുനരാരംഭിച്ചത്. കോടതിയും പ്രോസിക്യൂഷനും സഹകരിച്ചു പോവണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വിചാരണക്കോടതിയിൽ നിന്നും നീതി കിട്ടുന്നില്ലെന്ന് പ്രോസിക്യൂഷൻ തന്നെ പറയുമ്പോൾ ഇരയുടെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കണമെന്നായിരുന്നു ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ വാദിച്ചത്. വിചാരണ വേളയിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചോദ്യങ്ങൾ പ്രതിഭാഗം ഉന്നയിച്ചപ്പോൾ ജഡ്ജി ഇടപെട്ടില്ലെന്നും നടി കോടതിയിൽ ബോധിപ്പിച്ചിരുന്നു. പ്രോസിക്യൂട്ടർ തന്നെ ജഡ്ജിക്കെതിരെ പറയുന്നത് ആദ്യമാണെന്നും 20 അഭിഭാഷകർ രഹസ്യ വിചാരണ വേളയിൽ പങ്കെടുക്കുന്നു എന്നുള്ളത് തന്നെ പീഡനമാണെന്നും നടി ബോധിപ്പിച്ചു.

തന്നെ വിസ്തരിച്ച ദിവസം കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകൻ വ്യക്തിപരമായി ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾ ചോദിച്ചിട്ടും ജഡ്ജി നിശബ്ദയായി നോക്കി നിന്നു. തന്റെ പല മൊഴികളും രേഖപ്പെടുത്താൻ കോടതി തയ്യാറായില്ല. കോടതിയിൽ വിചാരണ ഇല്ലാത്ത ദിവസം തെളിവായ ദൃശ്യങ്ങളുടെ ഫോറസിൻസിക് പരിശോധനാ ഫലം ദിലീപിന്റെ അഭിഭാഷകന് കൈമാറിയെന്നും ആരോപണമുണ്ടായിരുന്നു.