കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രദീപ് കോട്ടാത്തലയുടെ കസ്റ്റഡി കാലാവധി അവസാനിക്കുമ്പോഴും കാര്യങ്ങളിൽ അവ്യക്തത. നാലുദിവസം കസ്റ്റഡിയിൽ ലഭിച്ചിട്ടും കാര്യമായ വെളിപ്പെടുത്തൽ പ്രദീപ് നടത്തിയില്ല. ജാമ്യാപേക്ഷ ഇന്ന് ഹൊസ്ദുർഗ് കോടതി പരിഗണിക്കും.

ബേക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ ലഭിച്ചിട്ടും സിംകാർഡ് അടങ്ങിയ ഫോൺ നഷ്ടപ്പെടുത്തി എന്നുമാത്രമാണു പ്രദീപ് പൊലീസിനോട് പറഞ്ഞത്. കാസർകോട് വന്നത് ആരാധനാലയത്തിൽ സന്ദർശനം നടത്താനും ജൂവലറിയിൽ എത്തിയത് വാച്ച് വാങ്ങാനുമാണ് എന്ന മൊഴികളിൽ തന്നെ ഉറച്ചുനിൽക്കുന്നു. ഇതിന് അപ്പുറത്തേക്ക് ചോദ്യം ചെയ്യൽ നീങ്ങിയുമില്ല. സോളാർ ഇരയുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകൾ ശരണ്യാ മനോജ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദീപ് കോട്ടത്തലയെ പൊലീസ് വെറുതെ വിടുന്നത് എന്നാണ് ഉയരുന്ന വാദം. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്.

ചോദ്യം ചെയ്യലിൽനിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് കൊല്ലത്ത് പോയി തെളിവെടുക്കാം എന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. കൂടുതലായി വെളിപ്പെടുത്തലുകൾ ഉണ്ടായാൽ തിരുനൽവേലിയിൽ പോകാനും പൊലീസ് ആലോചിച്ചിരുന്നു. എന്നാൽ കസ്റ്റഡിയിലായ ആദ്യ ദിവസം മുതൽ പ്രദീപ് സഹകരിച്ചിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാസർകോട് എസ്‌പി നിയോഗിച്ച പ്രത്യേക സംഘം പത്തനാപുരത്തെ ഗണേശ് കുമാർ എംഎൽഎയുടെ വസതിയിൽനിന്നു പ്രദീപിനെ അറസ്റ്റ് ചെയ്തത്.

കാസർകോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലർച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. തുടർന്ന് കൂടുതൽ പൊലീസുകാരെ ഉൾപ്പെടുത്തി സംഘം വിപുലപ്പെടുത്തിയിരുന്നു. ജനുവരി 24ന് മാപ്പുസാക്ഷിയുടെ ബന്ധുവിനെ ജൂവലറിയിൽ എത്തി നേരിൽ കണ്ടെന്നും പിന്നീട് ഫോൺ വിളിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി. എന്നാൽ ഇതിന് സാക്ഷിയെ സ്വാധീനിക്കലുമായി ബന്ധമില്ലെന്നാണ് ഇയാൾ പറയുന്നത്.

ജനുവരിന് 20ന് മുൻപ് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ നടന്ന യോഗം സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് എന്നാണ് പൊലീസ് നിഗമനം. യോഗത്തിനുശേഷം പ്രദീപ്, ദിലീപിന്റെ സഹായി അപ്പുണ്ണിയെ വിളിച്ചെന്നും സൂചനയുണ്ട്. ഇതൊന്നും പൊലീസിന് വ്യക്തത വരുത്താൻ കഴിഞ്ഞിട്ടില്ല.

പ്രദീപിന്റെ റിമാൻഡ് കാലാവധി ഡിസംബർ എട്ടിന് അവസാനിക്കും. ഹൊസ്ദുർഗ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും.