കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിൽ നിരപരാധിയെന്ന പരിവേഷത്തോടെ ദിലീപിനെ ജയിൽമോചിതനാക്കാൻ നടന്നുവരുന്ന ആസൂത്രിത നീക്കം തകൃതിയിയായി പുരോഗമിക്കുകയാണ്. മുഖ്യപ്രതി പൾസർ സുനിയെ വിലയ്‌ക്കെടുക്കുകയെന്ന ആദ്യഘട്ടം അണിയറക്കാർ ഭംഗിയായി പൂർത്തിയാക്കിയെന്നും നടിയെ നിശബ്ദയാക്കി ,ദിലീപിനെ വിശുദ്ധനാക്കുന്നതിനുള്ള ഇവരുടെ നീക്കം ഫലം കണ്ടുതുടങ്ങിയെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.

സിനിമാക്കാർക്കിടയിൽ മാത്രം ഒതുങ്ങേണ്ട സംഭവം പുറലോകത്തെത്തിച്ച് നിരവധിതാരങ്ങൾക്ക് മാനക്കേടുണ്ടാക്കിയെന്നും ഇതുമൂലം മലയാള സിനിമ മേഖല തകർന്നെന്നും ഇതിനെല്ലാം കാരണം നടിയുടെ എടുത്തുചാട്ടമാണെന്നും തനിക്കൊപ്പമൊന്ന് വിശ്വസിച്ചവരിൽ ചിലർ തന്നെ നടിയെ കുറ്റപ്പെടുത്തിയെന്നും ഇതിൽ ഇവർ ഏറെ ദുഃഖിതായാണെന്നുമാണ് ഒരുവിഭാഗം സിനിമ പ്രവർത്തകർ പങ്കുവയ്ക്കുന്ന വിവരം. ഇരയ്‌ക്കൊപ്പമെന്ന് പരസ്യപ്രഖ്യാപനം നടത്തിയവരിൽ ചിലർ തന്നേ കേസിന്റെ തുടർനടപടികളിൽ പൊലീസിനോട് സഹകരിക്കരുതെന്ന് ആവശ്യപ്പെട്ട് നടിയെ സമീപിച്ചെന്നും ഇത് അനുസരിക്കാൻ തയ്യാറായില്ലങ്കിൽ നടി സിനിമ മേഖലയിലെ വെറുക്കപ്പെട്ടവളായി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും മറ്റും ഇക്കൂട്ടർ നടിയെ ധരിപ്പിച്ചെന്നുമാണ് ലഭ്യമായ വിവരം.

സിനിമ മേഖലയിലെ വനിത സുഹൃത്തുക്കളിൽ ചിലരും കടുത്ത തീരുമാനങ്ങളിൽ നിന്നും പിൻതിരിയണമെന്ന് ആവശ്യപ്പെട്ട് നടിയെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇവരിൽ ചിലരോട് താനിനി ഒന്നിനും ഇല്ലന്ന് നടി സൂചിപ്പിച്ചെന്നും ഇത് നിരപരാധിയെന്ന തിളക്കത്തോടെ ദിലീപ് ജയിൽ മോചിതനാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന് സഹായകമാവുമെന്നുമാണ് ദിലീപ് അനുകൂലികളുടെ പ്രചാരണം. ഇത്തരം ഒരുറപ്പ് ഇരയുടെ ഭാഗത്തുനിന്നും ലഭിച്ചതായും ഈ പ്രചാരകർ അവകാശപ്പെടുന്നു.

ഇര പൊലീസുമായി വേണ്ടവണ്ണം സഹകരിക്കാതിരിക്കുകയും മുഖ്യപ്രതി പൾസർസുനി കോടതിയിൽ മൊഴിമാറ്റിപ്പറയുകയും ചെയ്താൽ കേസ് നിലനിൽക്കില്ലന്നാണ് ഇവർക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം. പൊലീസ് കോടതിയിലെത്തിച്ചിട്ടുള്ള തെളിവുകൾ ഖണ്ഡിക്കുന്ന തരത്തിൽ രാമൻപിള്ള വക്കീലിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടാവുമെന്നും ഇതോടെ കേസ് ദുർബ്ബലമാവുമെന്നും ദിലീപ് രക്ഷപെടുമെന്നും ഇവർ കണക്ക് കൂട്ടുന്നു.ദിലീപ് അനുകൂലികൾ ഈ വിവരം ഒട്ടുമിക്ക ചലച്ചിത്ര പ്രവർത്തകരിലുമെത്തിക്കാൻ രഹസ്യനീക്കം നടത്തുന്നുണ്ടെന്നും ഇതിന്റെ പ്രചരണാർത്ഥമാണ് ജയറാമും ഹരിശ്രീ അശോകനും അടക്കമുള്ള നടന്മാരും മറ്റും ജയിലെത്തി ദിലീപിനെ സന്ദർശിച്ച് പിൻതുണ അറിയിച്ചതെന്നുമാണ് പറയപ്പെടുന്നത്.

നടി ശ്വേതമേനോന്റെ വിവാദമായ വെളിപ്പെടുത്തൽ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അസ്തമിച്ച കാര്യവും ഇവരിൽ ചിലർ അടുപ്പക്കാരുമായി പങ്കുവയ്ക്കുന്നുണ്ട്. കൊല്ലത്ത് വള്ളംകളി ഉദ്ഘാടനത്തിനെത്തിയ തന്നേ പിതാവിന്റെ പ്രായമുള്ള പീതാമ്പരക്കുറുപ്പ് എം പി കടന്നുപിടിച്ചെന്നായിരുന്നു അന്ന് ശ്വേതാമേനോൻ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചത്. ഇത് പിന്നീട് വലിയ വിവാദമായി.

കേസ് നടപടി കളുമായി സഹകരിക്കാൻ ശ്വേത താല്പര്യം പ്രകടിപ്പിക്കാത്തതിനെത്തുടർന്ന് കേസെടുക്കുന്നില്ലന്നായിരുന്നു ഏതാനും ദിവസങ്ങൾക്ക് ശേഷം ഇക്കാര്യത്തിൽ പൊലീസ് പ്രതികരിച്ചത്. കുറച്ച് കാലത്തേക്ക് ശ്വേത മാധ്യമങ്ങൾക്ക് മുന്നിൽ നിന്നും ഒഴിഞ്ഞ് മാറി നടന്നു.താമസിയാതെ കേസ് ആറിത്തണുക്കുകയും ചെയ്തു. ബാഹ്യഇടപെടലുകളാണ് കേസ് ഒത്തുതീർപ്പിലെത്തിച്ചതെന്ന് അന്ന് പരക്കെ ആരോപണമുയരുകയും ചെയ്തിരുന്നു.

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ മുഖ്യപ്രതി പൾസർസുനിയുടെ വെളിപ്പെടുത്തലാണ് ദിലീപിനെ അഴിക്കുള്ളിൽ എത്തിച്ചത്.നാല് വർഷം മുമ്പ് ദിലീപ് ഒന്നരകോടി രൂപക്ക് എൽപ്പിച്ച കൊട്ടേഷൻ പ്രകാരമാണ് നടിയെ ആക്രമിച്ചതെന്ന് പൊലീസിനുമുമ്പാകെ സുനി കുറ്റസമ്മതമാണ് ദിലീപിന് വിനയായത്.