കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. നാദിർഷായുടെ ചോദ്യം ചെയ്യലിന് ശേഷമാകും ഇത്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയും കേസിൽ പ്രതിയാകാനാണ് സാധ്യത. ഇവരെ മൂന്നു പേരേയും കേസിൽ അവസാന പ്രതികളാക്കാനാണ് സാധ്യത. നടിയെ ആക്രമിച്ച കേസിൽ മൊത്തം 16 പ്രതികളാകും ഉണ്ടാവുകയെന്നാണ് സൂചന. ഇതിൽ പൾസർ സുനിയും കുറ്റകൃത്യത്തിന് ഒപ്പമുള്ളവരും ദിലീപും ഗൂഢാലോചന അടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് വിചാരണ നേരിടേണ്ടി വരും. ബാക്കിയുള്ളവർക്ക് പ്രതികളെ സഹായിച്ചെന്ന കുറ്റത്തിനും നിയമനടപടി വരിക

അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങിയിരിക്കെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനും വേണ്ടി വന്നാൽ അറസ്റ്റിലേക്ക് തന്നെ നീങ്ങാനും പൊലീസ് തയ്യാറെടുക്കുന്നതായാണ് സൂചന. കേസിൽ പ്രതിചേർക്കാനാണ് അറസ്റ്റ് ചെയ്യുക. കാവ്യയെ അറസ്റ്റ് ചെയ്താലും വിട്ടയ്ക്കാനും സാധ്യതയുണ്ട്. എന്നാൽ പീഡനത്തെ കുറിച്ചും കാവ്യയ്ക്ക് അറിയാമായിരുന്നുവെന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം കാവ്യയെ കുരുക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കേസിൽ മുഖ്യപ്രതികളിൽ ഒരാളായി കാവ്യ മാറും. ചോദ്യം ചെയ്യൽ തന്നെയാണ് പ്രധാനം. കേസിൽ മാഡത്തിന് വലിയ റോളുണ്ടായിരുന്നുവെന്ന് പൊലീസിന് തെളിവ് കിട്ടിയിട്ടുണ്ട്. കാവ്യയ്ക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്ന് പൾസർ പറഞ്ഞെങ്കിലും അന്വേഷണത്തിൽ ചില ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.

തന്നെ അറിയില്ലെന്ന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പൊലീസിന് മൊഴി നൽകിയത് കളവാണെന്ന് പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാം. ഇല്ല എന്ന് പറയുന്നത് ശരിയല്ല. കാവ്യയുടെ പണം താൻ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്. എന്നാൽ നടി ആക്രമിച്ച സംഭവത്തിൽ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മൊഴിയിൽ പകുതി മാത്രമേ പൊലീസ് വിശ്വസിക്കുന്നുള്ളൂ. നേരത്തെ ഓഗസ്റ്റ് 16ന് മുൻപ് കേസിലെ വിഐപി മാഡത്തിന്റെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുനി രണ്ടു മാസം കാവ്യയുടെ ഡ്രൈവറായി ജോലിചെയ്തിരുന്നുവെന്നാണ് പൊലീസിന് സൂചന ലഭിച്ചിരുന്നു. പൾസർ സുനി നൽകിയ മൊഴിയിൽ താൻ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ സുനിലിനെ അറിയില്ലെന്നായിരുന്നു കാവ്യ നൽകിയ മൊഴി. ഡ്രൈവറായി എത്തിയിട്ടുണ്ടെങ്കിൽ കാവ്യാ മാധവൻ പൾസർ സുനിയെ നിരവധി തവണ കണ്ടിരിക്കണമെന്നാണ് പൊലീസിന്റെ നിഗമനം. എന്നിട്ടും സുനിയെ അറിയില്ലെന്ന് കാവ്യ പറഞ്ഞത് എന്തുകൊണ്ടാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ദിലീപും കാവ്യാ മാധവനും ഒരുമിച്ചഭിനയിച്ച പിന്നെയും എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കാവ്യ, പൾസർ സുനിയെ കാണുന്നത്. കാവ്യ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായി എത്തിയത് പൾസറായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകൾ. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന തെളിവുകൾ പൊലീസിന് കിട്ടിയത്. ഇത് സ്ഥിരീകരിക്കാൻ പൾസറിനേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത.

പൾസർ സുനി നടിയെ ആക്രമിക്കുമ്പോൾ കാറിനുള്ളിൽ നിന്ന് വിളിച്ചത് കാവ്യയെ ആയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചു കഴിഞ്ഞുവെന്നാണ് സൂചന. ഇത്തരമൊരു തെളിവ് പൊലീസിന് കിട്ടിയിട്ടുണ്ടെങ്കിൽ അത് കാവ്യയ്ക്ക് ഊരാക്കുടുക്കാകും. ഇത്തരത്തിലൊരു തെളിവും നാദിർഷായ്‌ക്കെതിരേയോ അപ്പുണ്ണിക്കെതിരേയോ കിട്ടിയിട്ടില്ല. ഇരുവരും ദിലീപിനെ സഹായിക്കുക മാത്രമാണ് ചെയ്തത്. അതും സംഭവത്തിന് ശേഷമെന്നാണ് പൊലീസ് നൽകുന്ന സൂചന. നാദിർഷായുടെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. കാവ്യയെ കുടുക്കാനുള്ള തെളിവുകൾ നാദിർഷായിൽ നിന്ന് കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷ. ഇതെല്ലാം വിശകലനം ചെയ്താകും കാവ്യയുടെ കാര്യത്തിൽ തീരുമാനം എടുക്കുക.

നേരത്തെ പൾസർ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്. എന്നാൽ ഇത് തെറ്റെന്ന് പൊലീസ് പറയുന്നു. നടി ആക്രമിക്കപ്പെട്ടതിന് ശേഷം കാവ്യയുടേയും ദിലീപിന്റേയും ഫോണുകൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിൽ നിന്നും ദിലീപ് നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ആരോടൊക്കെ സംസാരിച്ചുവെന്നത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാവ്യയുടെ സഹോദരൻ മിഥുൻ മാധവന്റെ വിവാഹത്തിൽ പൾസർ പങ്കെടുത്തതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ദിലീപിന്റെ നിർദ്ദേശപ്രകാരം പൾസർ സുനിക്ക് കാവ്യ 25,000 രൂപ നൽകിയതാണ് മറ്റൊരു തെളിവ്. കാറിൽ നിന്നുള്ള ഫോൺ വിളിയിൽ സ്ഥിരീകരണമുള്ളതു കൊണ്ട് തന്നെ ഈ തുക നൽകലും കേസിൽ വഴിത്തിരവാകും.

ഇത് കൂടാതെ കാവ്യയുടെ പല യാത്രകളിലും പൾസർ സുനി ഡ്രൈവറായി പോയിരുന്നതിനും പൊലീസിന് തെളിവ് ലഭിച്ചു. പൊലീസുകാരൻ മുഖേന പൾസർ, കാവ്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചതാണ് കുരുക്കാകുന്ന മറ്റൊരു ഘടകം. ഇക്കാര്യങ്ങളെല്ലാം കാവ്യയെ കുടുക്കും. കാവ്യയെ ചോദ്യം ചെയ്തു കഴിഞ്ഞാൽ ദിവസത്തിനുള്ളിൽ തെളിവെല്ലാം കൂട്ടിയിണക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം. ഇതോടെ ദിലീപിന് ജാമ്യം നിഷേധിക്കാൻ പൊലീസിന് പുതുവാദം ഉയർത്തുകയും ചെയ്യാം. എന്നാൽ കാവ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യണമോ എന്ന കാര്യത്തിൽ പൊലീസിന് ഇനിയും തീരുമാനം എടുക്കാനായിട്ടില്ല.

കാവ്യയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചാൽ അത് ദിലീപിന് ജാമ്യം കിട്ടാനുള്ള പഴുതാകുമോ എന്ന സംശയം പൊലീസിലെ ചിലർക്കുണ്ട്. ഇതെല്ലാം കണക്കിലെടുത്താകും കാവ്യയുടെ കാര്യത്തിൽ തീരുമാനം എടുക്കുക.