കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ രാഷ്ട്രീയക്കാരും സിനിമാക്കാരും നടത്തിയ പ്രതികരണങ്ങളെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക് പോസ്റ്റ്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും നടന്മാരായ മമ്മൂട്ടിയെയും ഇന്നസെന്റിനെയും പ്രമുഖ ചാനലുകളായ കൈരളിയെയും മനോരമയെയും എല്ലാം പരിഹസിച്ചുകൊണ്ടാണ് ജയശങ്കറിന്റെ കുറിപ്പ്.

സഹോദരിയെ തട്ടിക്കൊണ്ടുപോയത് 'ഒറ്റപ്പെട്ട' സംഭവമാണെന്ന കോടിയേരി സഖാവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കാരണം അദ്ദേഹത്തിന്റെ സഹോദരിയെയല്ല തട്ടിക്കൊണ്ടുപോയത്. പാർട്ടിക്കാരിയെയുമല്ല. വെറുമൊരു അരാഷ്ട്രീയ സിനിമാനടിയാണ് പീഡനത്തിനിരയായത്. അതിങ്ങനെ ഊതിപെരുപ്പിക്കുന്നത് ശരിയല്ലെന്നാണ് ജയശങ്കറിന്റെ പരിഹാസം.

ഇന്നസെന്റിന്റെ പ്രതികരണം തണുത്തുപോയത് ആൾ ഇന്നസെന്റ് ആയതുകൊണ്ടാണെന്നും ജയശങ്കർ പറയുന്നു. സഹോദരിയെ തട്ടിക്കൊണ്ടുപോയ വാർത്ത ഏറ്റവും സഭ്യമായി, മാതൃകാപരമായി റിപ്പോർട്ട് ചെയ്തുവെന്നു പറഞ്ഞ് കൈരളി- പീപ്പിൾ ചാനലുകളെയും കളിയാക്കുന്നു.

ജയശങ്കറിന്റെ പോസ്റ്റ്:

പീഡനത്തിനിരയായ സഹോദരി പ്രതിരോധത്തിന്റെ പ്രതീകമാണ്. സ്ത്രീയെ കീഴ്‌പ്പെടുത്തുന്നത് പൗരുഷമല്ല. സ്ത്രീയെ സംരക്ഷിക്കുന്നവനാണ് പുരുഷൻ. മനുഷ്യരൂപം പൂണ്ട പിശാചുക്കളാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്. സഹോദരിയുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

സഹോദരിയെ തട്ടിക്കൊണ്ടുപോയ വാർത്ത ഏറ്റവും സഭ്യമായി, മാതൃകാപരമായി റിപ്പോർട്ട് ചെയ്തത് ഞങ്ങളുടെ കൈരളി-പീപ്പിൾ ചാനലാണ്. അതുകണ്ട് മനോരമയിലെ അച്ചായന്മാർ പോലും നാണിച്ചുപോയി. കാരണം മനുഷ്യരൂപം പൂണ്ട മാലാഖാമാരാണ് ഈ ചാനലിൽ പ്രവർത്തിക്കുന്നത്. അവരെ സർവാത്മനാ അഭിനന്ദിക്കുന്നു.

സഹോദരിയെ തട്ടിക്കൊണ്ടുപോയത് 'ഒറ്റപ്പെട്ട' സംഭവമാണെന്ന കോടിയേരി സഖാവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കാരണം അദ്ദേഹത്തിന്റെ സഹോദരിയെയല്ല തട്ടിക്കൊണ്ടുപോയത്. പാർട്ടിക്കാരിയെയുമല്ല. വെറുമൊരു അരാഷ്ട്രീയ സിനിമാനടിയാണ് പീഡനത്തിനിരയായത്. അതിങ്ങനെ ഊതിപെരുപ്പിക്കുന്നത് ശരിയല്ല.

വിവരം അറിഞ്ഞയുടനെ ദുഃഖം രേഖപ്പെടുത്തിയ 'അമ്മ' സംഘടന പ്രവർത്തകരെയും പ്രസിഡന്റ് ഇന്നസെന്റിനെയും അനുമോദിക്കുന്നു. ആൾ വളരെ ഇന്നസെന്റായതുകൊണ്ടാണ് പ്രതികരണം തണുത്തുപോയത്.

തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ ഗുണ്ടകൾ മാത്രമല്ല പ്രമുഖ നടന്മാരും ഉൾപ്പെട്ടിട്ടുണ്ട് എന്ന കിംവദന്തി സത്യമല്ല. അങ്ങനെ ഒരു നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്മാത്രം മനുഷ്യരൂപംപൂണ്ട പിശാചുക്കളല്ല മലയാളത്തിലെ സിനിമാനടന്മാർ.

സംഭവം അറിഞ്ഞയുടൻ പൾസർ സുനിയെ ഫോണിൽ വിളിച്ചു 'പൊലീസ് അന്വേഷണം തുടങ്ങി ഉടൻ മുങ്ങിക്കോ' എന്ന് മുന്നറിയിപ്പ് നൽകിയത് ആന്റോ ജോസഫ് ആണെന്ന പച്ചക്കള്ളം കോട്ടയത്തൂന്നിറങ്ങുന്ന ഒരു പത്രം തട്ടിവിട്ടിട്ടുണ്ട്. (മനോരമയല്ല. അവർ അത്രവലിയ കള്ളം ഒരിക്കിലും എഴുതത്തില്ല).

ഇതുപോലെ വാർത്ത എഴുതുന്നവരെയും കിംവദന്തി പ്രചരിപ്പിക്കുന്നവരെയും ഫാൻസ് അസോസിയേഷൻകാർ കൈകാര്യം ചെയ്യണം. ഇത് ഉഷാ ഉതുപ്പിന്റെ സംഗീതപരിപാടിയല്ല. ഒരു പ്രമുഖ സിനിമാനടിയെ, നമ്മുടെ ഒരു സഹോദരിയെ തട്ടിക്കൊണ്ടുപോയ കേസാണ്.