കൊച്ചി: തട്ടിക്കൊണ്ടുപോകപ്പെട്ട് വണ്ടിയിൽവച്ച് ആക്രമിക്കപ്പെട്ട നടി അഭയം തേടിയെത്തിയത് സംവിധായകനും നിർമ്മാതാവും നടനുമായ ലാലിന്റെ ഭവനത്തിലേയ്ക്കായിരുന്നു. ഈറനണിഞ്ഞ കണ്ണുമായാണ് ശനിയാഴ്ച പുലർച്ചെ തന്റെ വീട്ടിൽ നടന്ന സംഭവങ്ങൾ ലാൽ വിവരിച്ചത്. കൊച്ചി ദർബാർ ഹാൾ മൈതാനത്ത് താരസംഘടനയായ അമ്മ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ലാൽ ഇക്കാര്യം വിവരിച്ചത്.

പേടിച്ചരണ്ട് വീട്ടിലേക്ക് കയറിവന്ന നടി തന്റെ ഞെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുകയായിരുന്നെന്ന് ലാൽ പറഞ്ഞു. പുലർച്ചെ തന്നെ നടിയുടെ പ്രതിശ്രുത വരനും വീട്ടുകാരും തന്റെ വീട്ടിലെത്തി. അവർയ്ക്ക് പൂർണ്ണ പിന്തുണയാണ് നൽകിയത്. ആദ്യ മണിക്കൂറുകളിൽ സംഭവം പുറത്തറിയരുതെന്ന നിലപാടിലായിരുന്നു നടി. എന്നാൽ പ്രതിശ്രുത വരനടക്കം പിന്തുണ നൽകിയതോടെ എവിടെയും തുറന്ന് പറയാമെന്നും പരാതി നൽകാമെന്നും നടി തീരുമാനിക്കുകയായിരുന്നു.

സംഭവത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ വിവരമറിഞ്ഞയാളാണ് സംവിധായകൻ ലാൽ. അദ്ദേഹം നടിക്കുണ്ടായ അനുഭവം വിവരിച്ചപ്പോൾ കേട്ടിരുന്ന മറ്റ് താരങ്ങളുടെയും കണ്ണ് നിറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് നടി ആക്രമിക്കപ്പെട്ടത്. പകൽ നാല് മണിയോടെയാണ് കാക്കനാട്ടെ ലാൽ മീഡിയയിൽ നിന്ന് ഡബ്ബിങ്ങിനായി നടിയെ കൂട്ടിക്കൊണ്ടുവരാൻ മഹീന്ദ്ര എക്‌സ്യുവി കാറുമായി ഡ്രൈവർ മാർട്ടിൻ തൃശ്ശൂരിലേക്ക് പുറപ്പെട്ടു. തൃശ്ശൂരിൽ നിന്ന് ഏഴ് മണിയോടെ നടിയുമായി കൊച്ചിയിലേക്ക് വരുമ്പോഴാണ് നടിയുടെ മുൻ ഡ്രൈവർ കൂടിയായ പൾസർ സുനിയും സംഘവും നടിയുടെ കാറിനെ പിന്തുടർന്നത്.

നെടുമ്പാശ്ശേരിക്ക് അടുത്തുള്ള കോട്ടായി എന്ന സ്ഥലത്തുവച്ചാണ് സംഭവങ്ങളുടെ തുടക്കം. പ്രതികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നടി സഞ്ചരിച്ച കാറിന്റെ പിന്നിൽ ഇടിപ്പിച്ചു. ഇത് സംബന്ധിച്ച തർക്കത്തിനിടെയാണ് രണ്ട് പേർ നടിയുടെ കാറിനുള്ളിൽ കയറിയത്. നടിയുമായി നഗരത്തിൽ മൂന്ന് മണിക്കൂറോളം കറങ്ങി ഇവർ ഉപദ്രവിക്കുകയായിരുന്നു. ഇതിനിടയിൽ ട്രാവലറിൽ സഞ്ചരിക്കുകയായിരുന്ന മറ്റുള്ളവരും കാറിൽ കയറിയതായും സൂചനകളുണ്ട്. ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം രാത്രി 11.30 യോടെ പടമുകളിൽ കാറിൽ നടിയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ എത്തിയ ട്രാവലറിൽ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

ഇതിൽ വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരെ കോയമ്പത്തൂരിൽനിന്ന് പിടികൂടി. നടിയെ അക്രമിച്ചതിന് പൾസർ സുനി 30 ലക്ഷം വാഗ്ദാനം ചെയ്തെന്ന് അറസ്റ്റിലായ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.