തിരുവനന്തപുരം: കോവിഡ് ഉറ്റസുഹൃത്തിനെ കവർന്ന വാർത്ത പങ്കുവച്ച് പൊട്ടിക്കരഞ്ഞ് നടി അമൃത നായർ. കോവിഡിനെ വളരെ നിസാരമായാണ് പലരും കാണുന്നതെന്നും എന്നാൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് അതിന്റെ ആഴം എത്രയാണെന്നു മനസ്സിലാകുകയെന്ന് അമൃത ലൈവ് വിഡിയോയിൽ പറഞ്ഞു.

ഞെട്ടിച്ച വാർത്തയ്‌ക്കൊപ്പം വീട്ടിലിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിക്കാനാണ് അമൃത ലൈവിൽ എത്തിയത്. ''തമിഴ് സിനിമയുടെ ഷൂട്ടിനായി പോയപ്പോൾ പരിചയപ്പെട്ടൊരു വ്യക്തിയാണ്. പുള്ളിക്കാരൻ മരിച്ചു. കോവിഡ് വാക്‌സീൻ എടുത്തിരുന്നു. വാക്‌സീൻ എടുത്തതിനുശേഷം അറ്റാക്ക് വന്നാണു പോയത്. എല്ലാവരും കെയർ ചെയ്യുക.

എന്തെങ്കിലും സംഭവിച്ചാൽ കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് കോവിഡ് നമ്മുടെ ജീവിതത്തിൽ എത്രമാത്രം വന്നിട്ടുണ്ടെന്ന് മനസ്സിലാവുക. ആരൊക്കയൊണ് നഷ്ടമാകുക എന്നൊന്നും പറയാൻ പറ്റില്ല. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. വാക്‌സീൻ എടുത്തവരാണെങ്കിലും നല്ലതുപോലെ സൂക്ഷിക്കുക'' അമൃത പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് അമൃത നായർ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. അമൃതയുടെ ഇൻസ്റ്റഗ്രാം ലൈവ് വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. തനിക്കേറെ പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടമായതിനെക്കുറിച്ചായിരുന്നു നടി പറഞ്ഞത്. പൊതുവെ ചിരിച്ച മുഖത്തോടെ കാണുന്ന അമൃത പൊട്ടിക്കരഞ്ഞായിരുന്നു എത്തിയത്.