ചെറുപ്പത്തിൽ സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അഞ്ജു പ്രഭാകർ. മലയാളത്തിലും തമിഴിലും അഞ്ജു അഭിനയിച്ച സിനിമകൾ സൂപ്പർ ഹിറ്റുകളാണ്. വർഷങ്ങൾക്ക് മുൻപേ അഞ്ജു സിനിമാ മേഖലയോട് വിട പറയുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ അഞ്ജു മരിച്ചെന്ന വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തമിഴ് ഓൺലൈൻ മാധ്യമങ്ങളിലൂടെ വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി അഞ്ജു തന്നെ ഇതിനെതിരെ രംഗത്തെത്തി. 

'വ്യാജ വാർത്തയാണ് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. നിരവധി പേർക്ക് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഞാനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് എന്നേയും എന്റെ കുടുംബത്തേയും മാനസികമായി തളർത്തുന്നുവെന്നും അഞ്ജു വ്യക്തമാക്കിയിരുന്നു. അഞ്ജു മരിച്ചെന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെ അഞ്ജുവിന്റെ സുഹൃത്തും ക്യാമറാമാനും നടനുമായ നാട്ടിയും വാർത്തയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. അഞ്ജു തമിഴ്‌നാട്ടിലെ വലസരവക്കം എന്ന സ്ഥലത്ത് സന്തോഷത്തോടെ ജീവിക്കുകയാണ്. പിന്നെന്തിനാണ് ഉത്തരത്തിലുള്ള വ്യാജ വാർത്ത പടച്ചുവിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മഹേന്ദ്രൻ സംവിധാനം ചെയ്ത ഉത്തിരിപ്പൂക്കൾ എന്ന ചിത്രത്തിലൂടെ രണ്ടാം വയസിൽ വെള്ളിത്തിരയിലെത്തിയ പ്രതിഭയാണ് അഞ്ജു. ഇതിനു ശേഷം നിരവധി ചിത്രങ്ങളിൽ വേഷമിട്ട അഞ്ജു 'ബേബി അഞ്ജു' എന്ന പേരിൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടി. പിന്നീട് മമ്മൂട്ടി അടക്കമുള്ള സൂപ്പർ താരങ്ങളുടെ നായികയായും നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തു. താഴ്‌വാരം, കൗരവർ, നീലഗിരി തുടങ്ങി അഞ്ജു അഭിനയിച്ച ചിത്രങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.