വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കൂടുകൂട്ടിയ താരമാണ് അനുമോൾ. വെടിവഴിപാട്, ഞാൻ, ഗോഡ് ഫോർ സെയിൽ തുടങ്ങിയ നിരൂപക പ്രശംസ നേടിയ ഒരുപിടി സിനിമകളിലൂടെ അനു മലയാളികൾക്ക് സുപരിചിതയാണ്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. തന്റെ വിമർശകർക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകാനും താരം റെഡിയാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വീടിനടുത്തുള്ള പാടത്ത് വിത്തു വിതയ്ക്കാൻ ഇറങ്ങിയ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് താരം

"ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചണ്ണു.." എന്ന കുറിപ്പോട് നടി അനുമോൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അനുമോൾ വിത്തുവിതയ്ക്കാൻ പാടത്ത് നിൽക്കുന്ന ഫോട്ടോയാണ് ഇൻസ്റ്റാ​ഗ്രാമിൽ പ്രചരിക്കുന്നത്.

നിരവധി കമൻറുകളും അനുമോളുടെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്തായാലും ഇത്തവണ കൂടുതൽ പറ നെല്ല് കിട്ടും എന്ന് തോന്നുന്നു, അങ്ങിനത്തെ ആളല്ലെ ഇറങ്ങിയിരിക്കണെ എന്നാണ് ഒരു ആരാധകന്റെ കമൻറ്. കമൻറ് ചെയ്യുന്നവർക്കൊക്കെ അനു റിപ്ലേ കൊടുക്കുന്നുമുണ്ട്. സ്വന്തം പാടം ആണോ എന്നൊരാളുടെ ചോദ്യത്തിന് അതേയെന്നും താരം കമൻറ് ചെയ്തിട്ടുണ്ട്.

മലയാളത്തിലെ യുവനടിമാരിൽ വളരെ സെലക്റ്റഡ് ആയി സിനിമകൾ തെരഞ്ഞെടുക്കുന്ന നടിയാണ് അനുമോൾ. 2010ൽ സിനിമാലോകത്തെത്തിയ താരം തമിഴിലും മലയാളത്തിലും ബംഗാളിയിലുമായി ഇതുവരെ മുപ്പതോളം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെയാണ് അനുമോൾ ആദ്യമായി സിനിമയിൽ അഭിനയിച്ചത്. ഇവൻ മേഘരൂപനിലൂടെയാണ് മലയാളത്തിൽ എത്തിയത്.

പാലക്കാടു ജില്ലയിലെ, പട്ടാമ്പിയിലുള്ള നടുവട്ടം എന്ന സ്ഥലത്താണ് അനുമോൾ ജനിച്ചത്. പെരിന്തൽമണ്ണയിലുള്ള പ്രസന്റേഷൻ കോൺവെന്റ് സ്‌കൂളിൽ നിന്നായിരുന്നു പ്രാഥമികവിദ്യാഭ്യാസം. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജിൽ നിന്നും ഒന്നാം റാങ്കിൽ ഗോൾഡ് മെഡലോടെ കമ്പ്യൂട്ടർ സയൻസിൽ ബിടെക് എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി.

ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ, എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമാണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നത് ആയിരുന്നു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം ''ആക്ടിങ് ജീനിയസ്'' എന്നാണ് അനുമോൾ മലയാള സിനിമയിൽ അറിയപ്പെടുന്നത് തന്നെ.

അമീബയിൽ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ ചെയ്തത്. കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്‌നത്തെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രം. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും.

ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കാൻ അറിയുന്ന അനുമോൾ ഒരു മേക്കോവറിലൂടെ വി കെ പ്രകാശ് സംവിധാനം ചെയ്ത 'റോക്സ്റ്റാർ' എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫർ ആയ സഞ്ജന കുര്യൻ എന്ന ടോംബോയ് കഥാപാത്രത്തിനുവേണ്ടി 130 കിലോമീറ്റർ വേഗത്തിൽ 500 സി സി ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബുള്ളറ്റും, ജീപ്പും, കാറും മുതൽ ബസ്സ് വരെ ഓടിക്കുന്ന നല്ലൊരു ഡ്രൈവറായ അനുമോളുടെ ഇഷ്ടപ്പെട്ട ഹോബിയും ഡ്രൈവിങ് ആണ്.