ടി അനുശ്രീയുടെ പേരിൽ സൈബർ ലോകത്ത് നടക്കുന്നത് ഒരു ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധമാണോ എന്ന് താരത്തിന്റെ ഫേസ്‌ബുക്ക് പേജിൽ ഒന്നു പോയാൽ ആർക്കും തോന്നാം. നടിയെ കട്ട ഹിന്ദുവാക്കി ബിജെപിക്കാർ എത്തുമ്പോൾ ഇസ്ലാം വിരുദ്ധയാക്കി ചിത്രീകരിച്ച് മുസ്ലിംകളും രംഗത്തുണ്ട്. ഇതും പോരാഞ്ഞ് സംഘി അല്ലെന്ന് പറഞ്ഞ അനുശ്രീയെ തങ്ങളുടെ പ്രിയപ്പെട്ട സംഘി തന്നെ എന്ന് ഉറപ്പിച്ച് ബിജെപിക്കാരും ബിജെപി ബന്ധം നിഷേധിച്ച താരത്തെ ലാൽസലാം വിളിച്ച് എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സൈബർ സഖാക്കളും രംഗത്തുണ്ട്. ആകെ മൊത്തം ടോട്ടൽ അനുശ്രീ പോലും അറിയാതെ അനുശ്രീ ചെയ്ത പല കാര്യങ്ങളും കൈവിട്ടു പോയെന്ന് തന്നെ പറയാം.

കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിയിൽ ബാലഗോകുലം നടത്തിയ ഘോഷയാത്രയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പ്രവർത്തകർ അനുശ്രീയെ വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങിയത്. ഇതോടെ സംഘി എന്ന പേരിൽ അനുശ്രീയെ പലരും ചിത്രീകരിക്കാനും തുടങ്ങി.

ഈസ്റ്റർ ദിനത്തിൽ ലൈവിൽ വന്ന അനുശ്രീ വളരെ നിഷ്‌കളങ്കമായി നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ നടിക്ക് തന്നെ പാരയായി മാറിയിരിക്കുന്നത്. സംഘി എ്‌ന് വിളിച്ച് ലൈവിൽ ചിലർ കമന്റുമായി എത്തിയപ്പോൾ നടി താൻ സംഘിയല്ലെന്ന് തുറന്നടിച്ചു. ഇതോടെ അനുശ്രീ ലൈവിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വീണ്ടും നടിയെ ആക്രമിക്കുകയാണ് സോഷ്യൽ മീഡിയ.