- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർച്ചന കവിയുടെ ആരോപണം; പൊലീസുദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചു; അച്ചടക്ക നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
കൊച്ചി: നടി അർച്ചന കവിയോട് മോശമായി പെരുമാറിയ പൊലീസുകാരനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. പൊലീസിനെതിരായ നടി അർച്ചന കവിയുടെ ആരോപണത്തിൽ ആഭ്യന്തര അന്വേഷണം നടത്തി. പൊലീസുദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചതായി കണ്ടെത്തി. ഫോർട്ട് കൊച്ചി എസ്എച്ച്ഒക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും സി. നാഗരാജു പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിൽ സ്ത്രീകൾ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പൊലീസ് മോശമായി പെരുമാറി എന്നാണ് നടി ഇൻസ്റ്റാഗ്രാം കുറിപ്പിൽ ആരോപിച്ചത്. ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആണ് സംഭവം. ഓട്ടോ തടഞ്ഞ് നിർത്തിയ പൊലീസ് രൂക്ഷമായ ഭാഷയിലാണ് വിവരങ്ങൾ ചോദിച്ചതെന്നും മുഴുവൻ കാര്യങ്ങൾ പറഞ്ഞിട്ടും പിന്തുടർന്നെന്നുമാണ് പോസ്റ്റിൽ നടി വ്യക്തമാക്കിയത്.
ഇൻസ്റ്റാഗ്രാം പോസ്റ്റിനെ തുടർന്ന് ഔദ്യോഗികമായി പൊലീസ് തന്നെ സമീപിച്ചിട്ടില്ലെന്ന് അർച്ചന പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും തന്റെ അനുഭവം മറ്റുള്ളവർ കൂടി അറിയാനാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നും നടി പ്രതികരിച്ചു. കേരള പൊലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞായിരുന്നു നടി അർച്ചന കവിയുടെ പോസ്റ്റ്. പൊലീസ് മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും അർച്ചന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അർച്ചന പറയുന്നു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അർച്ചന കുറിപ്പ് പങ്കുവച്ചത്. കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അർച്ചന പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
അർച്ചന കവിയുടെ വാക്കുകൾ
ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്‌നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോ?ഗസ്ഥർ ഞങ്ങളെ നിർത്തി ചോദ്യം ചെയ്തു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ പരുക്കൻ ഭാഷയിലാണ് പെരുമാറിയത്. ഞങ്ങൾക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്‌നമൊന്നുമില്ല. എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഒരു പ്രശ്നമുണ്ടാകുമ്പോൾ ഞങ്ങൾ അവരുടെ അടുത്തേക്ക് പോകണമെന്ന് അവർ ആഗ്രഹിക്കുന്നു.