- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ കേസ് കുറേ നാളായിട്ട് നിലനിൽക്കുന്ന നാണംകെട്ടൊരു കേസായിട്ടാ എനിക്ക് തോന്നുന്നത്; നമുക്കൊന്നും പറയാൻ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്'; നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് എം എം മണി
കൊച്ചി: നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസെന്ന് മുന്മന്ത്രി എംഎം മണി. വിശദമായി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ഒന്നും ചെയ്യാനില്ലെന്നും എംഎം മണി പറഞ്ഞു. ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'കേസ് എന്നൊക്കെ പറഞ്ഞാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. നമുക്ക് അത് സംബന്ധിച്ച് എല്ലാമൊന്നും പറയാൻ പറ്റില്ല. കേസെടുക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും കോടതിയിൽ ഹാജരാക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്‌നം. ബാക്കിയൊക്കെ കോടതിയിലെ വിചാരണയും വാദകോലാഹലവുമൊക്കെയാണ്', എം എം മണി പറയുന്നു.
ഈ കേസ് കുറേ നാളായിട്ട് നിലനിൽക്കുന്ന നാണംകെട്ടൊരു കേസായിട്ടാ എനിക്ക് തോന്നുന്നത്. അങ്ങേരാണേൽ നല്ല നടനായി ഉയർന്നു വന്ന ഒരാളാണ്. ഇതിനകത്തൊക്കെ ചെന്ന് ഇങ്ങേര് എങ്ങനെ ഇടപെടേണ്ടി വന്നെന്ന് എനിക്കൊരു പിടിയുമില്ല. നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അതിന്റെ പിന്നിൽ വിശദമായി പരിശോധിച്ചാൽ നമുക്കൊന്നും പറയാൻ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്. അതെല്ലാം ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും മണി പറയുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ സർക്കാരിനെതിരെ ആരോപണമുയർത്തി അതിജീവിതയായ നടി ഹർജി നൽകിയത് ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. അതിന്റെ യുക്തി സംശയകരമാണെന്നും നടി ഉന്നയിച്ച് ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്നുമാണ് കോടിയേരി പറഞ്ഞത്.
സർക്കാരും പാർട്ടിയും അതീജീവിതയ്ക്കൊപ്പമാണ്. അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സർക്കാരും പാർട്ടിയും നൽകും. കേസുമായി ബന്ധപ്പെട്ട് സർക്കാർ നടപടിയെ എല്ലാവരും പ്രശംസിച്ചതാണ്. നടിയുടെ ഇപ്പോഴത്തെ ഹർജിക്ക് പിന്നിൽ ആരാണ് ഉള്ളതെന്ന് പറയാൻ കഴിയില്ലെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കോടിയേരി പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുൻപിൽ കണ്ടാണ് അതിജീവിതയുടെ പ്രശ്നമുയർത്തിപ്പിടിച്ച് കോൺഗ്രസ് നടക്കുന്നത്. അത് അവർക്ക് തന്നെ തിരിച്ചടിയായി മാറും. അതിജീവിത ആവശ്യപ്പെടുന്നയാളെ പബ്ലിക് പ്രോസികൂട്ടറാക്കാമെന്നു പറഞ്ഞ സർക്കാരാണിത്. അവർ പറഞ്ഞാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. അതിജീവിതയുടെ താത്പര്യത്തിനാണ് സർക്കാർ മുൻഗണന നൽകിയതെന്നും കോടിയേരി പറഞ്ഞു. ആക്രമണത്തിന് ഇരയായ നടിയുടെ ആവശ്യം പരിഗണിച്ചാണ് വനിതാ ജഡ്ജിയെ വച്ചത്. കേസുമായി ബന്ധപ്പെട്ട് എന്ത് വീഴ്ചയാണ് ഇക്കാര്യത്തിൽ സർക്കാർ ചെയ്തത്. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ് മറ്റൊരു കേസ് ഉയർന്നുവന്നത്. അതാണ് ഈ കേസിന്റെ ഗതിതന്നെ മാറ്റിയിട്ടുള്ളത്. അല്ലെങ്കിൽ ഇതിനകം റിപ്പോർട്ട് സമർപ്പിക്കുമായിരുന്നെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന ചലച്ചിത്രോത്സവത്തിൽ അതിജീവിതയെ പങ്കെടുപ്പിച്ച് മുഖ്യാതിഥിയാക്കിയ സർക്കാരാണ് കേരളത്തിലെ ഗവൺമെന്റ്. അതിജീവിതയ്ക്കൊപ്പം നിന്ന സർക്കാരിനെ അവർ അധിക്ഷേപിച്ചത് ശരിയാണോ?. ആ പരിപാടിയിൽ പങ്കെടുപ്പിച്ച് സർക്കാർ നൽകിയ സന്ദേശം അതിജീവിതയ്ക്കൊപ്പമാണെന്നതാണ്. അത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചവരാണ് എൽഡിഎഫ് സർക്കാർ. യുഡിഎഫിന്റെ ഇപ്പോഴത്തെ പ്രചാരവേലയ്ക്ക് അൽപായുസേ ഉണ്ടാകു. നടിയുടെ ഹർജി കോടതി പരിഗണിക്കട്ടെ. അഭിഭാഷകന്മാർക്ക് എല്ലാ നേതാക്കന്മാരുമായി ബന്ധമുണ്ടാകും. അവർ ഒരു പാർട്ടിയുടെയും ആളുകളല്ല. അഭിഭാഷകരെ ചോദ്യം ചെയ്യേണ്ട കാര്യം അന്വേഷണസംഘമാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.




