കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയെ കുറ്റപ്പെടുത്തി ഇരയും പ്രോസിക്യൂഷനും രംഗത്തെത്തിയതിന് പിന്നാലെ സർക്കാറും കോടതിയിൽ സമാന നിലപാട് സ്വീകരിച്ചു. കേസിൽ വിചാരണക്കോടതിക്ക് എതിരായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വിചാരണക്കോടതി പ്രോസിക്യൂഷനെ അവഗണിക്കുന്നു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചു.

കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നും അതിനാൽ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി സമർപ്പിച്ച ഹർജിയിലെ ആരോപണങ്ങൾ ശരിവെക്കുന്നതായിരുന്നു സർക്കാർ നിലപാട്. പ്രോസിക്യൂഷൻ ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങൾ പോലും പരിഗണിക്കാത്ത സാഹചര്യമാണുള്ളതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

വിചാരണ നിർത്തിവെക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ കീഴ്‌വഴക്കങ്ങൾ ലംഘിച്ച് കോടതി സ്വമേധയാ തീരുമാനമെടുത്തു. രഹസ്യവിചാരണ ആയിരുന്നിട്ടും നടിയെ വിചാരണ ചെയ്യുന്ന സമയത്ത് 20 അഭിഭാഷകരാണ് കോടതിയിൽ ഉണ്ടായിരുന്നത്. കേസുമായി ബന്ധപ്പെട്ട പല രേഖകളും കോടതി പ്രതിഭാഗത്തിന് നൽകുമ്പോൾ പ്രോസിക്യൂഷന് നൽകുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

ഇക്കാര്യങ്ങൾ എന്തുകൊണ്ട് വിചാരണ സമയത്ത് ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. വാക്കാൽ ഉന്നയിച്ചിരുന്നുവെന്നും വിശദമായ വിവരങ്ങൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രോസിക്യൂഷന് പോലും കോടതിയിൽ വിശ്വാസമില്ലാത്ത സാഹചര്യമാണുള്ളതെന്ന് നടി കോടതിയിൽ പറഞ്ഞു.

നടിയെ മാനസികമായി പീഡിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകരിൽ നിന്നുണ്ടായി. ഇത് നിയന്ത്രിക്കാൻ വിചാരണക്കോടതി തയ്യാറായില്ലെന്നും നടിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.


സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ഹർജിക്ക് പിന്നാലെ കേസിലെ വിചാരണ നിർത്തിവെച്ചിരുന്നു. കേസിൽ ഇതുവരെ 182 സാക്ഷികളെയാണ് വിസ്തരിച്ചത്. താരങ്ങളും അമ്മയുടെ ഭാരവാഹികളുമായ ഇടവേള ബാബു, സിദ്ദീഖ് എന്നിവരും നടിമാരായ ബിന്ദു പണിക്കർ, ഭാമ എന്നിവരും കേസിൽ കൂറുമാറിയിരുന്നു. കേസിൽ ഇതുവരെ 182 സാക്ഷികളെയാണ് വിസ്തരിച്ചത്. താരങ്ങളും അമ്മയുടെ ഭാരവാഹികളുമായ ഇടവേള ബാബു, സിദ്ദീഖ് എന്നിവരും നടിമാരായ ബിന്ദു പണിക്കർ, ഭാമ എന്നിവരും കേസിൽ കൂറുമാറിയിരുന്നു.

അതേസമയം ഉന്നതർ ഉൾപ്പെടുന്ന ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കുന്ന നീക്കങ്ങൾക്കെതിരെ നെറ്റ് വർക്ക് ഓഫ് വിമൺ ഇൻ മീഡിയ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തു. നടൻ ദിലീപ്, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, തേജസ്വി സൂര്യ എന്നിവർ പ്രതികളായ കേസുകളിൽ മാധ്യമങ്ങളെ സത്യസന്ധമായി റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണമെന്നാണ് നെറ്റ് വർക്ക് ഓഫ് വിമൺ ഇൻ മീഡിയ ആവശ്യപ്പെടുന്നത്.