കൊച്ചി: നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ അടുത്ത മാസം 8 വരെ നീട്ടി. വിചാരണ നിർത്തിവെക്കണമെന്ന് പ്രതിഭാഗത്തിന്റെ ആവശ്യം വിചാരണ കോടതി അംഗീകരിക്കുകയായിരുന്നു. ദിലീപിന്റെ അഭിഭാഷകന് കോവിഡ് ബാധിച്ചതിനാലാണ് വിചാരണ മാറ്റിവെക്കാൻ ആവശ്യപ്പെട്ടത്.

അഭിഭാഷകന്റെ ഓഫിസിലുള്ളവരെല്ലാം ക്വാറന്റീനിലാണെന്നും കോടതിയെ അറിയിച്ചു. വിചാരണ നിർത്തിവെച്ചതിനാൽ സാക്ഷി വിസ്താരങ്ങളെല്ലാം മാറ്റിവെച്ചു. നേരത്തേ നിശ്ചയിച്ച പ്രകാരം നടി കാവ്യ മാധവനെ നാളെ വിസ്തരിക്കില്ല. അതേസമയം, കേസിലെ മാപ്പുസാക്ഷി വിപിൻലാലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 29ന് വിപിൻലാൽ വിചാരണക്കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കേസിലെ പത്താംപ്രതിയായിരുന്ന വിപിൻലാൽ മാപ്പുസാക്ഷിയായതിന് പിന്നാലെ വിയൂർ ജയിലിൽ നിന്ന് വിട്ടയച്ചിരുന്നു. ഈ നടപടി ചട്ടവിരുദ്ധമാണെന്നും അതിനാൽ ഉടൻതന്നെ കോടതിയിൽ ഹാജരാകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എട്ടാംപ്രതി നടൻ ദിലീപ് സമർപ്പിച്ച ഹരജിയിലായിരുന്നു വിചാരണക്കോടതിയുടെ ഉത്തരവ്. തുടർന്ന് വിപിൻലാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.