തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ വീണ്ടും സംവിധായകൻ ബാലചന്ദ്ര കുമാർ. കേസിൽ ദിലീപിനെതിരായ തെളിവായി കൂടുതൽ ശബ്ദരേഖകൾ പുറത്തുവരും എന്ന സൂചനയാണ് ബാലചന്ദ്രകുമാർ നൽകുന്നത്.

ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഒരു ശബ്ദരേഖ മാത്രമാണ്. 'ഇത് താൻ അനുഭവിക്കേണ്ട ശിക്ഷയല്ല' എന്ന് നടൻ ദിലീപ് പറഞ്ഞു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പൊലീസിന് കൈമാറി. ദിലീപ് അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെന്നും ബാലചന്ദ്രകുമാർ ഒരു ചാനൽ ചർച്ചയിൽ പ്രതികരിച്ചു.

'ഇത് താൻ അനുഭവിക്കേണ്ട ശിക്ഷയല്ലെന്നും മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണെന്നും ദിലീപ് ബൈജു എന്നയാളോട് പറഞ്ഞവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ ബാലു കാണൂ എന്നും സംസാരിച്ചിരുന്നു. എന്നാൽ ആ വിഡിയോ കാണാൻ താൻ തയ്യാറായില്ലെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ പ്രതികൾ പദ്ധതിയിട്ടതായാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ റദ്ദാൻ വേണ്ട നടപടികളും ദിലീപ് തുടങ്ങിയിട്ടുണ്ട്. ദിലീപിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത പുതിയ കേസിനെതിരെ ദിലീപിന്റെ അഭിഭാഷകൻ കോടതിയെ സമീപിക്കാനാണ് ഒരുങ്ങുന്നത്. ദിലീപിനെ ഒന്നാം പ്രതിയാക്കിയുള്ള എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ട് ഹർജി നൽകുമെന്നും കേസ് നിലനിൽക്കില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ പ്രതികൾ പദ്ധതിയിട്ടതായാണ് ക്രൈംബ്രാഞ്ച് എഫ്ഐആറിൽ പറയുന്നത്. എഫ്‌ഐആറിന്റെ വിശദാംശങ്ങൾ നേരത്തെ പുറത്തുവന്നിുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരൻ. എസ്‌പി കെ എസ് സുദർശന്റെ കൈവെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും അപായപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്നാണ് എഫ്ഐആറിലെ കണ്ടെത്തൽ.

എഫ്‌ഐആറിന്റെ ഉള്ളടക്കം ഇങ്ങനെ: 'ഒന്നാം പ്രതിയെ നെടുമ്പാശ്ശേരി പി. എസ്. കം. 297/2017 നമ്പർ കേസിലെ 8-ആം നമ്പർ പ്രതിയാക്കി അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയമാക്കിയതിന്റെ വിരോധത്താൽ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ആവലാതിക്കാരനെയും കേസിൽ മേൽനോട്ടം വഹിച്ച മറ്റ് മേലുദ്യോഗസ്ഥരെയും അപായപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി 1 മുതൽ 6 വരെ പ്രതികൾ ചേർന്ന് 15.11.2017-ആം തീയതി ആലുവ കൊട്ടാരക്കടവിലുള്ള ഒന്നാം പ്രതിയുടെ പത്മസരോവരം വീട്ടിലെ ഹാളിൽ വച്ച് കുറ്റകരമായ ഗൂഢാലോചന നടത്തി. കേസിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന എസ്‌പി എവി ജോർജ്ജിന്റെ വീഡിയോ യൂടൂബിൽ ഫ്രീസ് ചെയ്തു വച്ച് ദൃശ്യങ്ങളിൽ ജോർജ്ജിനു നേരെ ഒന്നാം പ്രതി കൈചൂണ്ടി 'നിങ്ങൾ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കാൻ പോവുകയാണ്. സോജൻ,സുദർശൻ, സന്ധ്യ, ബൈജു പൗലോസ്, പിന്നെ നീ, പിന്നെ ഇതിൽ എന്റെ ദേഹത്ത് കൈവച്ച സുദർശന്റെ കൈവെട്ടണം' എന്ന് ഒന്നാം പ്രതി പറയുന്നതും ബൈജു പൗലോസിനെ നാളെ പോകുമ്പോൾ ഏതെങ്കിലും വല്ല ട്രക്കോ അല്ലെങ്കിൽ വല്ല ലോറിയോ വന്ന് സൈഡിലിടിച്ചാൽ... ഒന്നരക്കോടി നോക്കേണ്ടിവരും അല്ലേ' എന്ന് മൂന്നാം പ്രതി പറഞ്ഞും 1 മുതൽ 6 വരെ പ്രതികൾ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കുന്നതും ബാലചന്ദ്രകുമാർ എന്നയാൾ നേരിട്ട് കാണാനും കേൾക്കാനും ഇടയാക്കി പ്രതികൾ മേൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നുള്ളത്'

വധഭീഷണി, ഗൂഢാലോചന എന്നിവയുൾപ്പെടെ ഗുരുതരമായ അഞ്ച് വകുപ്പുകൾ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരായ പുതിയ കേസ്. ദിലീപ്, സഹോദരൻ അനൂപ്, ബന്ധു സുരാജ്, അപ്പു, ബൈജു ചെങ്ങമനാട് തുടങ്ങി ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.