കോഴിക്കോട്: നടിയെ ആക്രമിച്ച കേസ് നിർണായ ഘട്ടത്തിൽ നിൽക്കുമ്പോൾ പ്രതിസ്ഥാനത്തുള്ള ദിലീപിനെ തള്ളിപ്പറയുന്നവരുടെ എണ്ണം കൂടുകയാണ്. ഒരിക്കൽ ദിലീപിനെ പിന്തുണച്ചിരുന്നവർ പലരും ഇപ്പോൾ പിന്തുണക്കുന്നില്ലെന്നതാണ് വാസ്തവം. കാരണം ദിലീപിനെതിരായി പുറത്തുവന്ന ശബ്ദരേഖകളും പുതിയ കേസുകളും കൂടിയാകുമ്പോൾ പരസ്യ പിന്തുണ നൽകാൻ ആരും തയ്യാറല്ല.

നടിയെ ആക്രമിച്ച കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് താരസംഘടനയായ 'അമ്മ'യുടെ മുൻ പ്രസിഡന്റ് ഇന്നസന്റ്. നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇന്നസന്റ് വ്യക്തമാക്കി. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ഒടുവിലായാണ് ഇന്നസെന്റും നടനെ കൈവിട്ടിരിക്കുന്നത്. കേസിൽ ഇപ്പോൾ താരത്തിനൊപ്പമുള്ളത് ചുരുക്കം ചിലർ മാത്രമാണ്.

ദിലീപ് പണം നൽകിയവരുടെ ലിസ്റ്റ് കൂടി പരിശോധിക്കുമ്പോൾ സിനിമാ രംഗത്തുള്ള കൂടുതൽ പേർ ആശങ്കയിലാണ്. അതുകൊണ്ട് കൂടിയാണ് പലരും പിന്നോട്ടു വലിയുന്നത്. അതേസമയം, നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കൂടുതൽ തെളിവുതേടി ക്രൈംബ്രാഞ്ച് സംഘം നടൻ ദിലീപിന്റെ വീട് അടക്കം 3 ഇടങ്ങളിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി.

ആലുവയിലെ 'പത്മസരോവരം' വീട്ടിൽ പകൽ 11.50ന് ആരംഭിച്ച റെയ്ഡ് 6.50 വരെ നീണ്ടു. ഹാർഡ് ഡിസ്‌ക്, മൊബൈൽ ഫോണുകൾ, ടാബ്, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തു. എറണാകുളം ചിറ്റൂർ റോഡിൽ ദിലീപിന്റെ സിനിമാ നിർമ്മാണക്കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ഓഫിസിലും ആലുവ പറവൂർ കവല വിഐപി ലെയ്‌നിൽ ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും പരിശോധന നടന്നു. ഇവിടെനിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു. ദിലീപ് ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ അഭിഭാഷകന്റെ ആവശ്യപ്രകാരം പ്രത്യേകം കൈപ്പറ്റു ചീട്ട് എഴുതി നൽകിയാണ് കസ്റ്റഡിയിലെടുത്തത്. സിം കാർഡുകൾ തിരികെ നൽകി.

നേരത്തെ ഇരായായ നടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്നും കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി കുറിച്ചിരുന്നു. എന്നാൽ, അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് എനിക്കുവേണ്ടി സംസാരിക്കാനും എന്റെ ശബ്ദം നിലയ്ക്കാതിരിക്കുവാനുമായി മുന്നോട്ടുവന്നുവെന്നും നടിയുടെ കുറിപ്പിൽ.

ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നുവെന്നും നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കുമെന്നും കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദിയെന്നും നടി കുറിപ്പിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമാ ലോകത്തെ പലരും ദിലീപിനെ കൈവിട്ടു രംഗത്തുവന്നു.