കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ചിന് തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നൽകരുതെന്ന് ദിലീപ് ഹൈക്കോടതിയിൽ. കാവ്യാ മാധവൻ സമയം നൽകിയിട്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാത്തത് അന്വേഷണം നീട്ടാൻ വേണ്ടിയാണ്. സുരാജിന്റെ ഫോൺ സംഭാഷണം ദുർവ്യാഖ്യാനം ചെയ്ത് കാവ്യയെ കേസിൽ കുരുക്കാനാണ് നീക്കം. പൾസർ സുനിയുടെ കത്തും ഫോൺസംഭാഷണവും വ്യാജമെന്നും ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി കഴിഞ്ഞ 14-ന് അവസാനിച്ചിരുന്നു. ഇത് മൂന്നുമാസം കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇതിനിടെയാണ് തുടരന്വേഷണത്തിന് സമയം നീട്ടി നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ്, ഹൈക്കോടതിയിൽ തിങ്കളാഴ്ച എതിർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

കള്ളത്തെളിവുണ്ടാക്കാനുള്ള ശ്രമമാണ് തുടരന്വേഷണത്തിന്റെ ഭാഗമായി നടക്കുന്നതെന്ന് എതിർ സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിക്കുന്നു. കഴിഞ്ഞ മൂന്നരമാസമായി കേസിലെ വിചാരണ നടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്. ജനുവരിയിൽ തുടങ്ങിയ തുടരന്വേഷണത്തിനുള്ള സമയപരിധി അവസാനിച്ചു കഴിഞ്ഞു. ഇനി സമയം നീട്ടി നൽകരുത്. കാവ്യാ മാധവൻ ചോദ്യംചെയ്യലിന് വിധേയ ആകാൻ സമയം അനുവദിച്ചിരുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് ചോദ്യംചെയ്തില്ല. ഇത് ബോധപൂർവമാണ്. തുടരന്വേഷണം നീട്ടിക്കൊണ്ടു പോവുക എന്ന ലക്ഷ്യത്തോടെയാണ് കാവ്യയെ ചോദ്യം ചെയ്യാതിരുന്നത് എന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

ചൊവ്വാഴ്ച സഹോദരൻ അനൂപിനെയും സഹോദരീഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനിരിക്കുകയാണ്. അതുകൊണ്ട് ഈ കേസിൽ കൂടുതൽ സമയം അനുവദിക്കേണ്ട കാര്യമില്ലെന്ന് ദിലീപ് പറയുന്നു. കാവ്യയ്ക്ക് എതിരായ സുരാജിന്റെ ഫോൺസംഭാഷണത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണ്. ദിലീപിനെയും കാവ്യയെയും കാവ്യയുടെ മുൻസുഹൃത്തുക്കൾ കുടുക്കാൻ ശ്രമിച്ചു എന്നാണ് ഫോൺസംഭാഷണത്തിൽ സുരാജ് പറയുന്നത്. എന്നാൽ ക്രൈം ബ്രാഞ്ച് ഇതിനെ കാവ്യയ്ക്ക് എതിരായ ഫോൺസംഭാഷണമായി ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് ദിലീപ് ആരോപിക്കുന്നു.

അതോടൊപ്പം തന്നെ കേസുമായി ബന്ധപ്പെട്ട് കള്ളത്തെളിവ് സൃഷ്ടിക്കുന്നു. പൾസർ സുനിയുടേത് എന്ന പേരിൽ പുതിയ കത്ത് സൃഷ്ടിച്ചെടുക്കുന്നു. വർഷങ്ങൾ മുൻപ് എഴുതിയത് എന്ന രീതിയിലാണ് ഇത് പ്രചരിപ്പിക്കുന്നത്. ഇതിനു പിന്നിലുള്ള ലക്ഷ്യം നടി ആക്രമിക്കപ്പെട്ട കേസിൽ കള്ളത്തെളിവുകൾ സൃഷ്ടിക്കലാണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു.

അതേ സമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. 1.45ന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറയുക. ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ കേസിൽ വാദം പൂർത്തിയാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്നും അല്ലെങ്കിൽ സിബിഐയ്ക്ക് വിടണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

അതേസമയം, കേസിലെ ഏഴാം പ്രതിയും സൈബർ വിദഗ്ധനുമായ സായ് ശങ്കർ തിങ്കളാഴ്ച ഉച്ചയോടെ ചോദ്യംചെയ്യലിന് അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരായി. പ്രതികളുടെ മൊബൈൽ ഫോൺ സന്ദേശങ്ങൾ ദിലീപിന്റെയും അഭിഭാഷകരുടെയും നിർദേശപ്രകാരം ഡലീറ്റ് ചെയ്തതായി ഇയാൾ സമ്മതിച്ചിരുന്നു. അന്വേഷണ സംഘത്തിനു നൽകിയ മൊഴി കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പൊലീസ് ദിലീപിനെതിരേ പുതിയ കേസും രജിസ്റ്റർ ചെയ്തത്.