കൊച്ചി; ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നടി അക്രമിക്കപ്പെട്ട സംഭവം വെള്ളിത്തിരയിലേക്ക്. മലയാള സിനിമയെ ആഴത്തിൽ പിടിച്ച് കുലുക്കിയ സംഭവത്തെ തുടർന്ന് സിനിമ മേഖലയിൽ വൻ അഴിച്ചു പണികളാണ് നടന്നത്. സിനിമ സംഘടനയായ അമ്മയ്ക്ക് ബദലായി വുമൺ ഇൻ സിനിമ കളക്ടീവ് എന്ന രൂപം കൊണ്ടതും. നടൻ ദിലീപ് അമ്മയിൽ നിന്ന പുറത്താകുന്നതും അടക്കം നിരവധി സംഭവങ്ങൾ ഇതിനെ തുടർന്ന് ഉണ്ടായി.

കേസിലെ മുഖ്യ പ്രതി പൾസർ സുനിക്കായി കോടതിയിൽ ഹജരായ അഡ്വ. ബി എ ആളൂരാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കൈലാസിന്റെ അസോസിയേറ്റ് ആയിരുന്ന സലീം ഇന്ത്യയാണ് സിനിമയുടെ സംവിധാനം.

ഡിസംബർ ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നതും സലീം ഇന്ത്യയാണ്. കേസിൽ ഉന്നതരടക്കം നിരവധിപേരെ ചോദ്യം ചെയ്യുകയും നടൻ ദിലീപ് 90 ദിവസത്തോളം ജയിലിൽ കിടക്കുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണ ഇതുവരെയും ആരംഭിച്ചിട്ടില്ല. ഇതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും കേസിന്റെ സത്യാവസ്ഥയുമാണ് ചിത്രം വിവരക്കുന്നതെന്നാണ് സൂചന.

ചിത്രത്തിൽ നടൻ ദിലീപ് അതിഥി വേഷത്തിലെത്തുമെന്ന് സംവിധായകൻ സലീം ഇന്ത്യ പറഞ്ഞു. ആളൂരിന്റെ മേൽനോട്ടത്തിലുള്ള ഐഡിയൽ ക്രിയേഷൻസാണ് 10 കോടി ചെലവ് പ്രതിക്ഷിക്കുന്ന ചിത്രം നിർമ്മിക്കുന്നത്. കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.