- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ' കാണണോ എന്ന് ദിലീപ് പറഞ്ഞെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എത്രകണ്ട് വിശ്വസിക്കാം; വിശദമായ അന്വേഷണത്തിന് എഡിജിപി എസ് ശ്രീജിത്ത്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം സത്യസന്ധമായി നടക്കുമെന്ന് ശ്രീജിത്ത്; ദൃശ്യങ്ങളുടെ ശബ്ദം 20 ഇരട്ടിയാക്കിയെന്ന ആരോപണം നിഷേധിച്ച് സ്റ്റുഡിയോയും
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കും. ശനിയാഴ്ച കൊച്ചിയിൽ എഡിജിപി എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ ദിലീപിനെ വീണ്ടും ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തിയിട്ടുണ്ട്. അതേസമയം ദിലീപിനെ ഇനിയും ചോദ്യം ചെയ്യണമെങ്കിൽ കോടതിയുടെ അനുമതി വേണ്ടിയും വരും. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ കോടതിയിൽ നിന്നടക്കം അനുമതി തേടാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ദിലീപിന് നോട്ടീസ് നൽകാനാണ് ആദ്യ നടപടിയായി അന്വേഷണം. പൾസർ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്യാനും യോഗത്തിൽ തീരുമാനമായെന്നാണ് പുറത്തുവരുന്ന വിവരം.
സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരേ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. ഇതിനായി പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു. 20-ാം തീയതിക്കകം കേസിന്റെ റിപ്പോർട്ട് കൈമാറേണ്ടതിനാൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് ശനിയാഴ്ച കൊച്ചിയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ചോദ്യംചെയ്യലും മൊഴിയെടുക്കലുമെല്ലാം അടുത്തദിവസങ്ങളിൽ തന്നെ ഉണ്ടായേക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ കോടതി നിർദ്ദേശമനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് എഡിജിപി എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം സത്യസന്ധമായി നടക്കും. അതെല്ലാം വഴിയെ അറിയിക്കാം. കോടതി നിർദ്ദേശം അനുസരിച്ച് കാര്യങ്ങൾ ചെയ്യും. ഇപ്പോൾ ഒന്നും പറയാനില്ല. അന്വേഷണപുരോഗതിക്കനുസരിച്ച് വിവരങ്ങൾ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ, പീഡനദൃശ്യങ്ങൾ സ്റ്റുഡിയോയിൽ എത്തിച്ച് 20 ഇരട്ടി ശബ്ദവർധന നടത്തിയെന്ന ആരോപണം നിഷേധിച്ച് കൊച്ചിയിലെ സ്റ്റുഡിയോയും രംഗത്തുവന്നു. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായതായി അറിയില്ലെന്നും കഴിഞ്ഞ ആറു വർഷത്തിനിടെ ഒരിക്കൽ പോലും, വെളിപ്പെടുത്തലുമായി എത്തിയ സംവിധായകനെ സ്റ്റുഡിയോയിൽ കണ്ടിട്ടില്ലെന്നും സ്റ്റുഡിയോയുടെ ചുമതലക്കാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ തെളിവെടുപ്പിനു പൊലീസ് എത്തുന്നതിനെക്കുറിച്ച് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണമുണ്ടായാൽ സഹകരിക്കുമെന്നുമാണ് സ്റ്റുഡിയോ പറയുന്നത്.
കേസിലെ ഒന്നാം പ്രതി പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ നടൻ ദിലീപ് തന്റെ മുന്നിലിരുന്നു കണ്ടെന്ന് അവകാശപ്പെട്ട് സംവിധായകൻ ബാലചന്ദ്ര കുമാറാണ് രംഗത്തെത്തിയത്. 'പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ' കാണണോയെന്നു ചോദിച്ചാണു ദൃശ്യങ്ങൾ കാണാൻ ദിലീപ് തന്നെ ക്ഷണിച്ചതെന്നും ഭയവും സങ്കടവും തോന്നിയതിനാൽ കാണാൻ തയാറായില്ലെന്നും എന്നാൽ അതിലെ ശബ്ദം അതേപടി തന്റെ ടാബിൽ റെക്കോർഡ് ചെയ്തു സൂക്ഷിച്ചെന്നും ബാലചന്ദ്രകുമാർ പൊലീസിനു മൊഴി നൽകിയിരുന്നു. ഈ ശബ്ദത്തിന്റെ പകർപ്പ് അന്വേഷണ സംഘത്തിനു കൈമാറിയിട്ടുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ