കൊച്ചി: തന്റെ സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ലാൽ. ഒരു നടിയാണ് ക്വട്ടേഷനു പിന്നിലെന്ന് ആക്രമിക്കപ്പെട്ട നടി തന്നോടു വെളിപ്പെടുത്തിയിരുന്നതായി ലാൽ കൊച്ചിൽ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ആക്രമിച്ച പ്രതികൾ തന്നെയാണ് നടിയോക്ക് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇതിൽ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല. ചിലപ്പോൾ വെറുതെ പറഞ്ഞതായിരിക്കാമെന്നും ലാൽ കൂട്ടിച്ചേർത്തു.

നടി കൊച്ചിയിലേക്ക് വന്നത് ഷൂട്ടിങ് ആവശ്യത്തിനായി അല്ലെന്നും നടി രമ്യാ നമ്പീശന്റെ വീട്ടിൽ താമസിക്കാനായിരുന്നുവെന്നും ലാൽ പറഞ്ഞു. നടി ആവശ്യപ്പെട്ടതുപ്രകാരമാണ് വാഹനം അയച്ചുകൊടുത്തത്. നടിയെ ആക്രമിച്ച പ്രതിയെ പെട്ടെന്ന് പിടികൂടാനായത് വലിയ കാര്യമാണെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ലാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് തന്നെ സഹായിച്ച നിർമ്മാതാവും സംവിധായകനുമായ ആന്റോ ജോസഫ് ക്രൂശിക്കപ്പെട്ടതിൽ വിഷമമുണ്ട്. നടി ആക്രമിക്കപ്പെട്ട ദിവസം സഹായത്തിനായാണ് ആന്റോയെ വിളിച്ചത്. പക്ഷെ എല്ലാവരും ചേർന്ന് ആന്റോയെ ക്രൂശിക്കുകയായിരുന്നു. പ്രതിയെ പെട്ടെന്ന് പിടികൂടാനായത് മഹാകാര്യമാണ്. കേരള പൊലീസിന് അഭിനന്ദനം.

എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ ഊഹാപോഹങ്ങളിൽ അതൃപ്തിയുണ്ട് - ലാൽ പറഞ്ഞു. ഊഹാപോഹങ്ങൾ ഒരുപാടുപേരെ മാനസികമായി ബാധിച്ചെന്ന് ലാൽ പറഞ്ഞു. പേര് വലിച്ചിഴച്ചിതിൽ നടൻ ദിലീപിന് അതീയായ വിഷമമുണ്ട്. അയാൾ അനുഭവിച്ച വേദനയ്ക്ക് കയ്യുംകണക്കുമില്ല. ഇത് എല്ലാവരും മനസിലാക്കണമെന്നും ലാൽ പറഞ്ഞു.

മാർട്ടിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ താൻതന്നെയാണ് അവന്റെ കള്ളത്തരം പിടികൂടിയത്. കള്ള അഭിനയമാണെന്ന് മനസ്സിലായെന്നും ചികിത്സതേടണമെന്ന് പറഞ്ഞതിൽ സംശയം തോന്നിയതോടെ അവനെ പിടികൂടുകയായിരുന്നുവെന്നും ലാൽ പറഞ്ഞു. നടിയെ ഒറ്റയ്ക്ക് അയച്ച ശേഷം വിളിച്ചന്വേഷിച്ചില്ലായെന്ന ആരോപണം തെറ്റാണ്. എവിടെയെത്തിയെന്ന് നടിയെ ഇടയ്ക്കിടെ വിളിച്ച് അന്വേഷിച്ചിരുന്നു. നടി ആവശ്യപ്പെട്ടിട്ടാണ് തൃശൂരിലേക്ക് വാഹനം അയച്ചത്.

നടി രമ്യാ നമ്പീശന്റെ വീട്ടിൽ താമസിക്കാൻ വരുമ്പോഴാണ് നടിക്കു നേരെ ആക്രമണമുണ്ടായത്. നാലു ദിവസം അവിടെ താമസിക്കാൻ വന്നതാണ്. അല്ലാതെ ഷൂട്ടിങ്ങിനായി വരുകയായിരുന്നില്ല. രമ്യയുടെ വീട്ടിൽ എത്തിയിട്ടുണ്ടാവുമെന്നും പിന്നീട് വിളിക്കാമെന്നും കരുതിയാണ് രാത്രി അന്വേഷിക്കാതിരുന്നത്.- ലാൽ പറഞ്ഞു.

പുറത്തുനിന്നു വിളിച്ച വാഹനത്തിന്റെ ഡ്രൈവറാണ് സുനി. സെറ്റിൽ കുറച്ചുകാലം കൊണ്ട് സുനിക്കു നല്ലപേരുണ്ടാക്കിയിരുന്നു. അയാളെ നേരത്തെ അറിയില്ല. ഗോവയിലും കൊച്ചിയിലുമെല്ലാം ഷൂട്ടിങ് ആവശ്യങ്ങൾക്ക് വാഹനമോടിച്ച് അയാൾ നല്ല മതിപ്പുണ്ടാക്കിയിരുന്നു. ആർക്കും സംശയം തോന്നിയിരുന്നില്ല. ലാൽ പറഞ്ഞു.

നൂജൻ സിനിമാക്കാരെല്ലാം കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരാണെന്ന് വാദിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം. കഞ്ചാവടിച്ച് സിനിമയുണ്ടാക്കിയാൽ ഓടില്ല. ന്യൂജനറേഷൻ സിനിമയെന്നു പറഞ്ഞ് കളിയാക്കുന്നത് ചിലയാളുകളുടെ നിരാശമൂലമാണ്. ഇത്തരം സിനികൾ വിജയിക്കുന്നതു കാണുമ്പോൾ ചിലർക്ക് നിരാശയുണ്ടാകും. ഏതു സൈറ്റിലാണ് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നതെന്ന് ആരോപിക്കുന്നവർ വ്യക്തമാക്കണം.

പഴയ തലമുറയ്ക്ക് പുതിയ തലമുറയുടെ വിജയത്തിൽ ഉണ്ടാവുന്ന അസൂയയാണ് ഇതിന് പിന്നിലെന്നും ലാൽ പറഞ്ഞു. പുതിയ തലമുറ നല്ല സിനിമയുണ്ടാക്കുന്നത് കണ്ട് നിരാശബാധിച്ചവരാണ് ഇത്തരം മോശം പ്രചരണങ്ങൾക്കു പിന്നിലെന്നും ലാൽ പറഞ്ഞു.