ബെംഗ്ലൂരു: ബെംഗ്ലൂരുവിൽ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ നടി ചേതന രാജ് മരിച്ചതിന് പിന്നാലെ ഒളിവിൽ പോയ ക്ലിനിക്കിലെ ഡോക്ടർമാർക്കായി അന്വേഷണം വിപുലമാക്കി പൊലീസ്. ഇവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നതായുള്ള വിവരത്തിന്റ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു.

നടിയുടെ മരണത്തിന് പിന്നാലെ ഷെട്ടീസ് ക്ലിനിക്ക് അടച്ചുപൂട്ടിയ നിലയിലാണ്. നടത്തിപ്പുകാരനായ ഡോക്ടർ അടക്കം ഒളിവിൽ പോയി. പോളിക്ലിനിക്കിന്റെയും മരുന്നുവിൽപ്പനശാലയുടെയും ലൈസൻസിന്റെ മറവിലാണ് അവിടെ ശസ്ത്രക്രിയ വരെ നടത്തിയത്.

വിദഗ്ധരായ ഡോക്ടർമാരും അനസ്തീഷ്യ വിദഗ്ധരും ഇല്ലായിരുന്നു. തീവ്രപരിചരണ സംവിധാനവും ഉണ്ടായിരുന്നില്ല. മരുന്നുവിൽപ്പനശാലയുടെ ലൈസൻസിന്റെ മറവിലാണ് കോസ്‌മെറ്റിക് ക്ലിനിക്ക് പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ക്ലിനിക്കിനെതിരെ നടപടിക്ക് ആരോഗ്യവകുപ്പും നീക്കം തുടങ്ങി.

സൗന്ദര്യവർധക ചികിത്സയ്ക്ക് മറ്റ് ക്ലിനിക്കുകളെ അപേക്ഷിച്ച് കുറഞ്ഞ തുകയായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇക്കാര്യം കണക്കിലെടുത്ത് നിരവധി പേരാണ് ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയിരുന്നത്. ചേതന രാജിന് അമിത വണ്ണമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല.

എന്നിട്ടും കൊഴുപ്പ് മാറ്റുന്ന ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചത് ഗുരുതര വീഴ്ചയെന്ന് ആരോഗ്യവകുപ്പ് ചൂണ്ടികാട്ടുന്നു. കൊഴുപ്പ് മാറ്റുന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ നടിക്ക് ശ്വാസതടസം തുടങ്ങി. മൂന്ന് മണിക്കൂറിനകം മരണമടയുകയായിരുന്നു.

ശ്വാസകോശത്തിലും കരളിലും ദ്രാവകം നിറഞ്ഞതായിരുന്നു മരണകാരണം. ഹൃദയമിടിപ്പ് നിലച്ചതോടെ നടിയെ കോസ്‌മെറ്റിക് ക്ലിനിക്കിലെ ജീവനക്കാർ സമീപത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നിർബന്ധിച്ച് പ്രവേശിപ്പിച്ചിരുന്നു. സൗന്ദര്യം വർധിപ്പിക്കാനുള്ള പ്ലാസ്റ്റിക് സർജറിക്കും ചേതന രാജിൽ നിന്ന് പണം ഈടാക്കിയിരുന്നു.

രക്ഷിതക്കളുടെ അനുമതി പോലും തേടാതെയായിരുന്നു ശസ്ത്രക്രിയ. ക്ലിനിക്ക് നടത്തിപ്പുകാരനായ ഡോക്ടർ ഷെട്ടിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഡോക്ടറുടെ സഹായിയും ഒളിവിലാണ്. ക്ലിനിക്കിന് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അടച്ചുപൂട്ടുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.