- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ദിവ്യഗോപിനാഥ് വിവാഹിതയായി; സ്വന്തം സിനിമയിലെ താരത്തെ ജീവിത സഖിയാക്കിയത് ആഭാസം സംവിധായകൻ ജുബിത്ത് നമ്രാടത്ത്
തിരുവനന്തപുരം: കമ്മട്ടിപ്പാടം, വൈറസ്, ആഭാസം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയായ നടി ദിവ്യ ഗോപിനാഥും ആഭാസം ചിത്രത്തിന്റെ സംവിധായകൻ ജുബിത്ത് നമ്രാടത്തും വിവാഹിതരായി. ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ഒരുമിച്ച് പ്രവർത്തിച്ച സിനിമയിൽ നിന്ന് ആരംഭിച്ച പരിചയവും സൗഹൃദവുമാണ് ഒടുവിൽ വിവാഹത്തിലേക്ക് എത്തിച്ചത്. ജുബിത്ത് സംവിധാനം ചെയ്ത ആഭാസം എന്ന ചിത്രത്തിൽ ദിവ്യ ഗോപിനാഥ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
2018 ലാണ് ആഭാസം പുറത്തിറങ്ങിയത്. സ്വന്തം സിനിമയിലെ നടിയെ തന്നെ ജീവിതസഖിയാക്കിയിരിക്കുകയാണിപ്പോൾ സംവിധായകൻ. 'ഡെമോക്രസി ട്രാവൽസ് എന്ന ബസ് യാത്രയിൽ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവർത്തിച്ചും സ്നേഹിച്ചും തർക്കിച്ചും വഴക്കിട്ടും കൂടിയും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു..', വിവാഹ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയ ദിവ്യ നാടകങ്ങളിൽ സജീവമായി പ്രവർത്തിച്ചതിനുശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടമായിരുന്നു ആദ്യ ചിത്രം. അയാൾ ശശി, ഇരട്ടജീവിതം, വൈറസ്, ആഭാസം എന്നിവയാണ് അഭിനയിച്ച മറ്റു സിനിമകൾ. അതേസമയം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ഒരുക്കി സിനിമാ സംവിധാന രംഗത്തേക്കെത്തിയ ആളാണ് ജുബിത്ത്.
ലളിതമായ വിവാഹ ചടങ്ങിന്റേയും ശേഷം നടത്തിയ വിവാഹ സത്ക്കാരത്തിന്റേയും ചിത്രങ്ങൾ ജുബിതും പങ്കിട്ടിട്ടുണ്ട്. 'ആഭാസം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിവ്യ, നടൻ അലൻസിയറിന് നേരെ 'മീ ടൂ' ആരോപണം ഉയർത്തിയത് ഏറെ ചർച്ചയായിരുന്നു. ശേഷം നടൻ ദിവ്യയോട് മാപ്പു പറയുകയുമുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ