തിരുവനന്തപുരം: സ്വവർഗാനുരാഗം ഒരു രോഗമോ, തെറ്റോ അല്ല. അതൊരു അവസ്ഥയാണ്. പല രാജ്യങ്ങളിലും സ്വവർഗ വിവാഹം നിയമപരമാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് ചാനൻ ഷോയിൽ സ്വവർഗാനുരാഗികളായ പെൺകുട്ടികളെ നടി ഗീത ആക്ഷേപിച്ചത്. സീ തെലുഗു ചാനലിൽ സംപ്രേഷണം ചെയ്യുന്ന ബതുക്കു ജാതക ബന്ദിയിൽ പങ്കെടുക്കാനെത്തിയ ദമ്പതികളെയാണ് പരിപാടിയുടെ അവതാരികയായ ഗീത കടുത്ത ഭാഷയിൽ ആക്ഷേപിച്ചത്.

ചെരുപ്പ് ഊരി അടിക്കുമെന്നു വരെ പരിപാടിയുടെ ഒരു ഘട്ടത്തിൽ ഗീത പറഞ്ഞു. എങ്ങനെ ഇവരെ നന്നാക്കാമെന്ന് ഇരുവരുടെയും മാതാപിതാക്കളെ നടി ഉപദേശിക്കുകയും ചെയ്തു. കുടുംബത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരിടമെന്ന രീതിയിൽ നടത്തുന്ന പരിപാടിയാണ് ബതുക്കു ജാതക ബന്ദി. ഒക്ടോബർ 31 ന് സംപ്രേഷണം ചെയ്ത എപ്പിസോഡിലായിരുന്നു എൽ ജി ബി ടി ക്യു വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടി നടത്തിയത്.

ഇരുപതുകാരിയായ പെൺകുട്ടിയും അവൾക്കൊപ്പം പുരുഷനായി ജീവിക്കാൻ ആഗ്രഹിക്കുന്ന 23 കാരിയുമായിരുന്നു പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. മാതാപിതാക്കളുമായുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു തീർക്കാനും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനുമായിരുന്നു ഇരുവരുടെയും ആഗ്രഹം. അതിന്റെ ഭാഗമായാണ് ഇവർ മാതാപിതാക്കൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്.

പ്രശ്‌നത്തെ കുറിച്ച് ചെറുവിവരണം നൽകിയ ശേഷം, പുരുഷനായി ജീവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെയാണ് അവതാരിക ആദ്യം വിളിച്ചത്. ആദ്യമൊക്കെ മൃദുവായി സംസാരിച്ചെങ്കിലും പിന്നീട് ഭാഷയും പ്രയോഗങ്ങളും രൂക്ഷമാവുകയായിരുന്നു.

പുരുഷന്റെ മാനസികാവസ്ഥയും അഭിരുചികളുമാണ് തനിക്കുള്ളതെന്ന ട്രാൻസ് മാൻ ആയ പെൺകുട്ടിയുടെ ഉത്തരത്തോട് ചറുപ്പം മുതലേ ഇതാണോ നിന്റെ ബുദ്ധി? മാതാപിതാക്കൾ നിന്നെ ഉപദേശിച്ചില്ലേ? എന്നിട്ടും നീ നന്നായില്ലേ എന്നിങ്ങനെ ആയിരുന്നു ഗീതയുടെ പ്രതികരണം.

ജീവിതകാലം മുഴുവനും നിങ്ങൾക്ക് സുഹൃത്തുക്കളായി ഇരിക്കാമല്ലോ. വിവാഹം, പാർക്കുകളിലെ ചുറ്റിത്തിരിയൽ, സിനിമാ കാണാൻ ഒരുമിച്ചുള്ള പോക്ക് ഇതൊന്നും നല്ലതല്ല. ഭിന്നലൈംഗിക വ്യക്തിത്വമുള്ളത് പാപമാണെന്നുള്ള ധാരണയെ ഊട്ടിയുറപ്പിക്കാൻ പോന്നതായിരുന്നു പിന്നീടുള്ള ഗീതയുടെ ഉപദേശം മുഴുവനും.

പെൺകുട്ടിയുടെ ഊഴമായതോടെ നടിയുടെ ഭാഷ കുറച്ചു കൂടി കടുത്തതായി. നാണമില്ലേ നിനക്ക് എന്ന ചോദ്യത്തോടെയായിരുന്നു തുടക്കം. പെൺകുട്ടിയെ ചെരുപ്പ് ഊരി അടിക്കുമെന്നും ഭയപ്പെടുത്തുകയും ചെയ്തു. നിങ്ങൾക്ക് എങ്ങനെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുമെന്നും നടി ചോദിച്ചു. ഇവളെ മറ്റാർക്കെങ്കിലും വിവാഹം കഴിച്ചു കൊടുക്കൂ. അതാണ് ശരിയായ പരിഹാരം. ഇതായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഗീത നൽകിയ ഉപദേശം.

തുടക്കത്തിൽ ആത്മവിശ്വാസത്തോടെ സംസാരിച്ച് തുടങ്ങിയ പെൺകുട്ടികൾ തളരുന്നതും അടിച്ചമർത്തപ്പെടുന്നതും കാണാനാകും. ഷോ അവസാനിക്കുമ്പോഴേക്കും ഇരുവരും തകർന്നു വിഷാദത്തിന് അടിപ്പെട്ട് കഴിഞ്ഞിരുന്നു. ഭിന്നലിംഗ, മൂന്നാംലിംഗക്കാരടക്കം ലൈംഗിക ന്യൂനപക്ഷങ്ങൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ എന്തെന്നും എത്തരത്തിലുള്ള സമീപനമാണ് നേരിടുന്നതെന്നും ഈ ഷോ തെളിയിക്കും. അത്രയ്ക്കും അവഹേളനപരമായ സമീപനമാണ് അവതാരികയും ടിവി ഷോ നടത്തിപ്പിക്കാരും എപ്പിസോഡിൽ കാണിച്ചു കൂട്ടിയത്.

ഗീതയുടെ അഭിപ്രായപ്രകടനങ്ങൾക്കെതിരെ പ്രതിഷേധവുമായി ഭിന്നലൈംഗിക വ്യക്തിത്വമുള്ളവരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. എപ്പിസോഡ് സംപ്രേഷേപണം ചെയ്ത തെലുങ്ക് സംസാരിക്കുന്ന ഇരു സംസ്ഥാനങ്ങളിലും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഭിന്നലിംഗക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.