സിനിമയിൽ കൈനിറയേ അവസരങ്ങൾ വന്ന് നന്നായി സമ്പാദിച്ച ശേഷം താരങ്ങൾ അടുത്ത് കൈവയ്ക്കുന്ന ഒന്നാണ് ബിസിനസ്. നടൻ ധർമ്മജൻ അടുത്തിടെ ആരംഭിച്ച ഫിഷ്മാർട്ടിന്റെ പെട്ടന്നുള്ള വളർച്ച തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. സിനിമാ നിർമ്മാണവും റിയൽ എസ്‌റ്റേറ്റും ഹോട്ടലുമാണ് പുരുഷ താരങ്ങൾ ആരംഭിക്കുന്നതെങ്കിൽ ബൊട്ടിക്കും ഡാൻസ് സ്‌കൂളും പരസ്യ കമ്പനിയുമായിരിക്കും സ്ത്രീകളായ താരങ്ങൾ മിക്കവാറും ആരംഭിക്കുക. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ഹണി റോസ്.

ഹണി എന്ന ബ്രാൻഡ് നെയിമിൽ രാമച്ചം കൊണ്ടുള്ള ബാത്ത് സ്‌ക്രബാണ് ഹണി വിപണിയിലെത്തിക്കുന്നത്. തന്റെ നാട്ടിലെ കുറേ സ്ത്രീകൾക്കും കർഷകർക്കും ജീവിത വരുമാനമാകുമെന്ന സന്തോഷവുമുണ്ട്. നൂറുശതമാനം പ്രകൃതിദത്തമായ രാമച്ചം ഉപയോഗിച്ച് നിർമ്മിച്ച സ്‌ക്രബർ ഹണി ബ്രാൻഡിൽ ഇനി വിപണിയിലെത്തും. സംരംഭത്തിന്റെ വിപണനോദ്ഘാടനം ഡിസംബർ ഒന്നിനു വൈകിട്ട് നാലിനു ലുലു മാളിൽ നടക്കും. സിനിമാ രംഗത്തെ ഏതാനും സഹപ്രവർത്തകർ ചടങ്ങിനെത്തും. ഉദ്ഘാടകൻ ആരെന്നത് സർപ്രൈസ് ആയിരിക്കുമെന്ന് ഹണി റോസ് അറിയിച്ചു. 

ഹണിയുടെ പിതാവ് വർഗീസ് തോമസ് 20 വർഷമായി രാമച്ചം ഉപയോഗിച്ചുള്ള ബാത്ത് സ്‌ക്രബറുകളുടെ ഉൽപാദന വിപണന മേഖലയിലുണ്ട്. മാതാവ് റോസ് തോമസാണ് ഉത്പാദനം നോക്കി നടത്തിയിരുന്നത്. രാമച്ചത്തിന്റെ ലഭ്യതക്കുറവ് മേഖലയ്ക്ക് തിരിച്ചടിയാണെങ്കിലും മികച്ച വില നൽകി കൂടുതൽ കർഷകരെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനു സാധിക്കുന്നുണ്ടെന്ന് തോമസ് പറയുന്നു.

ലഭ്യതക്കുറവുകൊണ്ട് കൂടുതൽ രാമച്ചം വാങ്ങി സംഭരിക്കേണ്ട സാഹചര്യമുണ്ട്. ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. രാമച്ചം സ്‌ക്രബറിനൊപ്പം സിന്തറ്റിക് മോഡലും വിപണിയിലെത്തിക്കുന്നുണ്ട്. സൂപ്പർമാർക്കറ്റുകളിലൂടെയും മറ്റും പ്രാദേശിക വിപണിയിലെത്തിക്കാനാണ് തീരുമാനം. ഉൽപന്നത്തിന്റെ കയറ്റുമതി സാധ്യതയും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.