തിരുവനന്തപുരം: ഒരൊറ്റ സീരിയൽ കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ജൂഹി റസ്തഗി.ലൊക്കേഷനുകളിലൊക്കെ ജൂഹിക്കൊപ്പം നിത്യസാന്നിദ്ധ്യമായിരുന്നു അമ്മ. അതിനാൽ തന്നെ ജൂഹിയോടെന്ന പോലെ അമ്മയോടും പ്രത്യേക അടുപ്പമാണ് സഹതാരങ്ങൾക്ക്.അപ്രതീക്ഷിതമായുണ്ടായ ജൂഹിയുടെ അമ്മയുടെ വേർപാടിൽ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് താരങ്ങൾ.

ഉപ്പും മുളകിലും ജൂഹിയുടെ സഹോദരനായി വേഷമിട്ട അൽസാബിത്ത് അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. ഫേസ്‌ബുക്ക് കുറിപ്പിലുടെയായിരുന്നു അൽസാബിത്തിന്റെ പ്രതികരണം.''സ്‌നേഹനിധിയായ ആന്റി. അൽസൂ എന്ന സ്‌നേഹത്തോടെയുള്ള ആ വിളി നിലച്ചു. ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്നെപ്പോഴും ആന്റി പറഞ്ഞത് ഇതാണോ ?'' ഉപ്പം മുളകും പരമ്പരയിൽ ലച്ചുവിന്റെ സഹതാരമായിരുന്നു അൽസാബിത്ത് സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെയാണ്.

നടി യുടെ അമ്മയുടെ വിയോഗവാർത്ത ഏറെ വേദനയാണ് മിനിസ്‌ക്രീൻ പ്രേക്ഷകരിലുണ്ടാക്കിയത്. അച്ഛന്റെ മരണശേഷം ജൂഹിക്കും സഹോദരൻ ചിരാഗിനും കരുത്തായത് അമ്മ ഭാഗ്യലക്ഷ്മിയായിരുന്നു. കുടുംബത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും ജൂഹി മനസ്സ് തുറന്നിട്ടുണ്ട്.ബിസിനസ് ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്തിയ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ റസ്തഗി കേരളത്തോടുമുള്ള ഇഷ്ടം കൊണ്ടാണ് മലയാളിയെ വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയെ ജീവിതസഖിയാക്കി അദ്ദേഹം ആഗ്രഹം സഫലമാക്കി. ജൂഹി ഒരു നടി ആകണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതു യാഥാർഥ്യമാകും മുമ്പ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. എങ്കിലും അമ്മ മക്കൾക്ക് തണലൊരുക്കി കുടുംബം മുന്നോട്ട് നയിച്ചു. വളരെ യാദൃച്ഛികമായാണ് ജൂഹി അഭിനയരംഗത്തേക്ക് എത്തുന്നത്. ഒരിക്കൽ സുഹൃത്തിന്റെ വീട്ടിൽ ജന്മദിനാഘോഷത്തിനായി പോയപ്പോൾ, സുഹൃത്തിന്റെ അച്ഛനെ പരിചയപ്പെട്ടു.അദ്ദേഹം പുതിയതായി സംവിധാനം ചെയ്യുന്ന ഉപ്പും മുളകും പരമ്പരയിൽ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിക്കുകയായിരുന്നു.

പരമ്പര ഹിറ്റാവുകയും ജൂഹി നിരവധി ആരാധകരെ നേടുകയും ചെയ്തു.ശനി പകൽ 11.45ന് ഇരുമ്പനം സീപോർട്ട്-എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിനു മുന്നിലായിരുന്നു അപകടം. മകൻ ചിരാഗ് രുസ്തഗിക്കൊപ്പം ഇരുചക്രവാഹനത്തിനുപിന്നിൽ യാത്ര ചെയ്യുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചിടുകയായിരുന്നു. തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഭാഗ്യലക്ഷ്മി സ്ഥലത്തുവച്ച് തന്നെ മരിച്ചു.

മകൻ ചിരാഗ് രുസ്തഗിക്ക് നിസ്സാര പരിക്കേറ്റു. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഞായറാഴ്ച എരുവേലി ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ രഘുവീർ ശരൺ. ഫ്ളവേഴ്സിന്റെ 'ഉപ്പും മുളകും' ടിവി പരമ്പരയിൽ ലച്ചുവെന്ന കഥാപാത്രമായാണ് ജൂഹി അഭിനയിച്ചത്.

ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടി ജൂഹി റുസ്തഗി പലപ്പോഴും അമ്മയെ കുറിച്ച് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ബിസിനസുകാരനായ രഘുവീർ ശരൺ റുസ്തഗി ആണ് ഭർത്താവ്. അദ്ദേഹം നേരത്തെ അന്തരിച്ചിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി. എൻജിനീയറാണ് മകനായ ചിരാഗ്.ഭർത്താവിന്റെ മരണ ശേഷം മക്കളുടെ ഏക ആശ്രയമായിരുന്നു ഭാഗ്യലക്ഷ്മി.