സിനിമയുടെ സുവർണകാലങ്ങൾ എന്നു വിശേഷിപ്പിക്കുന്ന 1980- 2000 കാലഘട്ടത്തിൽ തന്റേതായ അഭിനയ മികവ് കൊണ്ട് തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നായികയാണ് കനക. ഗോഡ്ഫാദർ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഈ താരം പിന്നീട് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള സൂപ്പർ നായകന്മാരുടെ പ്രിയ നായികയും എത്തി.

എന്നാൽ വെള്ളിത്തിരയിലെ തിളക്കത്തിനപ്പുറം കയ്‌പേറിയ ജീവിതമായിരുന്നു അവരുടേത്. പതിയെപ്പതിയെ ചലച്ചിത്രലോകം വിട്ടതോടെയാണ് കനകയുടെ ജീവിതവിഷമങ്ങൾ ചർച്ചയായത്. തന്റെ അച്ഛൻ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും തന്റെ മരണ വാർത്ത പ്രചരിപ്പിച്ചിരുന്നുവെന്നും കനക അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കിടയിൽ അന്നത്തെ ചർച്ചാ വിഷയമായിരുന്നു കനകയുടെ 'മരണം'.

2002ലാണ് കനകയുടെ അമ്മയായ നടി ദേവിക മരിച്ചത്. കനകയ്ക്ക് മൂന്നു വയസ്സുള്ളപ്പോൾ ഭർത്താവ് ദേവികയെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇതിന് ശേഷമുണ്ടായ ഒരു കേസിന്റെ വിചാരണയ്ക്കിടയിലാണ് താൻ അച്ഛനെ ആദ്യമായി കാണുന്നതെന്നും പിന്നീട് ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നും കനക പറഞ്ഞിരുന്നു.

തന്റെ പേരിൽ വിജിപി ഗോൾഡൻ ബീച്ചിനു സമീപമുള്ള നാല് ഏക്കർ ഭൂമിയുൾപ്പെടെ നഗരത്തിൽ തന്റെ വിവിധയിടങ്ങളിലായി കോടികളുടെ സ്വത്തുണ്ട്. അമ്മ മരിക്കുന്ന സമയത്താണ് തന്റെ പേരില് വിൽപ്പത്രം എഴുതിവച്ചത്. അത് തട്ടിയെടുക്കാൻ പിതാവ് ശ്രമിക്കുന്നുണ്ടെന്ന് കനക നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. പിതാവിൽ നിന്നുള്ള ശല്യം സഹിക്കവയ്യാതായതോടെ നടി വീണ്ടും പിതാവിനെതിരെ കടുത്ത വിമർശനവുമായി എത്തുന്നു.

താൻ മാനസിക രോഗിയാണെന്നു പറയുന്നത് കനകയുടെ അച്ഛനാണെന്നു പ്രചരിച്ചതോടെ മാധ്യമങ്ങൾ അത് ഏറ്റെടുത്ത് വിവാദമാക്കി. മനോരോഗിയാണെന്നും മയക്കുമരുന്നു അടിമയാണെന്നും അദ്ദേഹം പ്രചരിപ്പിച്ചു. അതൊന്നും ഒരിക്കലുമൊരു പുതിയ കാര്യമല്ല. കാരണം എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ചയാളാണ് എന്റെ അച്ഛൻ. സ്വന്തം ഭാര്യയെ അങ്ങനെ വിളിക്കണമെങ്കിൽ മകളായ എന്നെക്കുറിച്ച് മോശമായി പറയുക എന്നത് പുതുമയഉള്ള കാര്യമൊന്നുമല്ല. അതുകൊണ്ടാണ് ഞാന് അയാളോട് സംസാരിക്കാൻ വിസമ്മതിച്ചതെന്ന് കനക പറഞ്ഞു.

എനിക്ക് പതിനാല് വയസ്സുള്ളപ്പോഴാണ് അദ്ദേഹം രക്ഷാകർതൃത്വത്തിനായി കോടതിയിൽ കേസ് ഫയൽ ചെയ്തത്. തന്റെ ഭാര്യയ്ക്ക് മകളെ സംരക്ഷിക്കാൻ അറിയില്ലെന്നും മകളെ തനിക്ക് വേണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കരകാട്ടക്കാരൻ എന്ന സിനിമയുടെ ചിത്രീകരണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയിലേക്കു പോയി. വിവാഹകാര്യം വരുമ്പോൾ മാത്രമാണ് പത്തൊമ്പത് വയസ്സ് നോക്കേണ്ടതെന്നും പതിനഞ്ചു വയസ്സിൽ ജോലി തിരഞ്ഞെടുക്കാമെന്നും അന്നു കോടതി അറിയിച്ചു.

ഇപ്പോഴും അദ്ദേഹത്തോട് സംസാരിക്കാൻ എനിക്കു താൽപര്യമില്ല. എന്നെയും അമ്മയെയും എന്തെങ്കിലും പറയുമോ എന്ന പേടിയാണുള്ളത്. അത്ര പ്രശസ്തനായിട്ടുള്ള ആളൊന്നുമല്ല അദ്ദേഹം. സംവിധായകൻ ഭീംസിംഗിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. പത്തു സിനിമകൾ പോലും അദ്ദേഹം തികച്ച് സംവിധാനം ചെയ്തിട്ടില്ല. എന്റെ അമ്മ കുറേയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. കുറെയേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മയെ വിവാഹം ചെയ്ത ശേഷമാണ് സംവിധാനത്തിലോട്ട് തിരിയുന്നത്. അമ്മ ഒരു ചിത്രത്തിൽ നായികയായി എത്തുന്ന സമയത്തായിരുന്നു വിവാഹം കഴിച്ചതെന്നും കനക പറഞ്ഞു.

എന്റെ സ്വകാര്യ കാര്യങ്ങളിൽ അദ്ദേഹം ഇടപെടന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ടാണ് പൊതുചടങ്ങുകളിൽ പങ്കെടുക്കാത്തത്. സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിൽ എനിക്കു അവാർഡ് ചടങ്ങുകളിൽ പങ്കെടുക്കാം. അതെല്ലാതെ ഞാനെന്തിനാണ് വെറുതെ അവിടെ നോക്കിയിരിക്കുന്നത്. അതൊക്കെ എനിക്കു ടിവിയിൽ കാണാം. - താൻ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരിച്ചുകൊണ്ട് താരം നിലപാട് വ്യക്തമാക്കുന്നു.

തമിഴകത്ത് കരകാട്ടക്കാരൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം രജനീകാന്തിന്റേയും നായികയായി ആരാധകർക്ക് മുന്നിലെത്തി. ഇടക്കാലത്ത് അമ്മ മരിച്ചതോടെയാണ് സിനിമയിൽ സജീവമല്ലാതായത്. പിന്നീട് കാൻസർ ബാധിതയായിയെങ്കിലും മാരകരോഗത്തെ അതിജീവിക്കാനായതോടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ഇക്കാലത്ത് ആലപ്പുഴയിലും പാലിയേറ്റീവ് കെയറിൽ ചികിത്സ തേടിയിരുന്നു താരം. മലയാളത്തിലും തമിഴിലുമായി നാല്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് കനക. മലയാളത്തിൽ 2004ൽ ഇറങ്ങിയ കുസൃതിയിലാണ് അവസാനമായി അഭിനയിച്ചത്. തമിഴിൽ 1999്ൽ പുറത്തിറങ്ങിയ സിംഹരാശിയിലും.