- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വരുമാനത്തിന്റെ 45 ശതമാനം നികുതി നൽകുന്നയാളാണ് ഞാൻ; കുറച്ചുനാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല; ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തിൽ നേരിടുന്നത്'; കോവിഡും ലോക്ഡൗണും വലച്ചെന്ന് തുറന്നുപറഞ്ഞ് കങ്കണ റണൗട്ട്
മുംബൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ രോഗവ്യാപനവും ലോക്ഡൗണും സാമ്പത്തികമായി തന്നെ പിന്നോട്ടടിച്ചുവെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന താരമെന്ന ഖ്യാതി നേടിയ നടി കൂടിയായ കങ്കണ തനിക്കിപ്പോൾ നികുതി അടയ്ക്കാൻ കൂടി കഴിയുന്നില്ലെന്നാണ് പറയുന്നത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ മനസ്സുതുറന്നത്.
പുതിയ പ്രോജക്ടുകളൊന്നുമില്ലാത്തത് വരുമാനത്തെ ബാധിച്ചെന്നും വർഷാവർഷം അടയ്ക്കേണ്ട നികുതിയുടെ പകുതിയാണ് കഴിഞ്ഞവർഷം ഒടുക്കിയതെന്നും കങ്കണ പറയുന്നു. സർക്കാർ പലിശ ഈടാക്കിയാലും പ്രശ്നമില്ലെന്നും കങ്കണ പറഞ്ഞു.
'വരുമാനത്തിന്റെ 45 ശതമാനം നികുതി നൽകുന്നയാളാണ് ഞാൻ. ഏറ്റവും കൂടുതൽ നികുതി സർക്കാരിന് നൽകുന്ന ബോളിവുഡ് നടിയെന്ന പദവിയും എനിക്ക് സ്വന്തമാണ്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്. ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തിൽ നേരിടുന്നത്,' കങ്കണ പറയുന്നു.
നികുതി കുടിശ്ശികയ്ക്ക് മേൽ സർക്കാർ പലിശ ഈടാക്കുന്നുണ്ടെന്നും എന്നാൽ അതിനെ താൻ പൂർണ്ണമനസ്സോടെ സ്വീകരിക്കുന്നുവെന്നും കങ്കണ പറഞ്ഞു. വ്യക്തിപരമായി എല്ലാവർക്കും നഷ്ടങ്ങൾ നേരിടുന്ന കാലഘട്ടമാണിതെന്നും എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും കങ്കണ പറഞ്ഞു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് കങ്കണയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കോവിഡ് വ്യാപനത്തോടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.
വിവാദ പ്രസ്താവനകളിലൂടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് പാത്രമാകാറുണ്ട് നടി കങ്കണ റണൗട്ട്. കൊവിഡിനെപ്പറ്റിയും മറ്റും നടത്തിയ താരത്തിന്റെ അശാസ്ത്രീയ പ്രസ്താവനകളും പിന്നീടുള്ള തിരുത്തലും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയതിനാലാണെന്ന കങ്കണയുടെ ട്വീറ്റ് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കർശന നിയമങ്ങൾ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികൾ ഉള്ളവരെ ജയിലിൽ അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞിരുന്നു.
'രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കർശന നിയമങ്ങൾ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാൾ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. ഇത്തരം ഒരു പ്രശ്നത്തെ ആദ്യം നിയന്ത്രിക്കാൻ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാൽ അടുത്ത തെരഞ്ഞെടുപ്പിൽ അവർ തോൽക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. ഇന്നത്തെ ഈ അവസ്ഥ നോക്കുമ്പോൾ മൂന്നു കുട്ടികൾ ഉള്ളവരെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ പിഴ നൽകുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും.' ട്വിറ്ററിൽ കങ്കണ പറഞ്ഞു.
'അമേരിക്കയിൽ 32 കോടി ജനങ്ങളുണ്ട്. എന്നാൽ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയും വിഭവങ്ങളും അവർക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാൾ ജനസംഖ്യയുണ്ടാകാം. എന്നാൽ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്നം വളരെ രൂക്ഷമാണ്. ഇന്ദിര ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവർ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക് പറഞ്ഞു തരൂ' -മറ്റൊരു ട്വീറ്റിൽ കങ്കണ കുറിക്കുന്നു.
ന്യൂസ് ഡെസ്ക്