മുംബൈ : തങ്ങൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങൾ തുറന്ന് പറയുന്ന ചുവട് വയ്‌പ്പായ മീ ടൂ ക്യാംപയിനിൽ പൂതിയൊരു പീഡന കഥ കൂടി. ബോളിവുഡ് സംവിധായകനായ സുഭാഷ് ഘായ്‌ക്കെതിരെയാണ് ഇപ്പോൾ വിവാദ ശരങ്ങൾ നീളുന്നത്. നടിയും മോഡലുമായ കെയ്റ്റ് ശർമ്മയാണ് താൻ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ വെർസോവ സ്‌റ്റേഷനിലാണ് കെയ്റ്റ് പരാതി നൽകിയത്. ഘായ് തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ വച്ച് കടന്നു പിടിച്ച ശേഷം ബലമായി ചുംബിക്കുകയും ചെയ്‌തെന്നാണ് കെയ്റ്റ് പരാതി നൽകിയത്.

'ഈ വർഷം ഓഗസ്റ്റ് ആറിനാണു സംഭവം. ക്ഷണിച്ചതനുസരിച്ചു ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവിടെ അഞ്ചാറുപേരുണ്ടായിരുന്നു. അവരുടെ മുന്നിൽവച്ച് ദേഹം തടവിത്തരാൻ ഘായ് ആവശ്യപ്പെട്ടു. ഇതുകേട്ടപ്പോൾ ഞാൻ ഞെട്ടി. അദ്ദേഹത്തിന്റെ പ്രായം മാനിച്ചു ചെയ്തുകൊടുത്തു. രണ്ടുമൂന്നു മിനിറ്റു തടവിയശേഷം കൈ കഴുകാൻ വാഷ് റൂമിലേക്കു പോയി. പിന്തുടർന്ന അദ്ദേഹം എന്നോടു സംസാരിക്കാനുണ്ടെന്നു പറഞ്ഞു മുറിയിലേക്കു ക്ഷണിച്ചു. മുറിയിൽവച്ചു ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു'- കെയ്റ്റ് ശർമ പറഞ്ഞു.

തനിക്കു പോകണമെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. രാത്രിയിൽ തന്നോടൊപ്പം തങ്ങിയില്ലെങ്കിൽ വിട്ടയയ്ക്കില്ലെന്നു ഘായ് പറഞ്ഞതായും കെയ്റ്റ് പരാതിയിൽ പറയുന്നു. പരാതിക്കു പിന്നാലെ വിശദീകരണവുമായി ഘായ് രംഗത്തെത്തി. 'മീ ടൂ മുന്നേറ്റത്തെയും സ്ത്രീശാക്തീകരണത്തെയും നന്നായി പിന്തുണയ്ക്കുന്ന വ്യക്തിയാണു ഞാൻ. അവസരം മുതലെടുത്തു ചിലർ താൽക്കാലിക പ്രശസ്തിക്കായി ഈ മുന്നേറ്റത്തിൽ വെള്ളംചേർക്കുകയാണ്. എന്റെ പേര് ചീത്തയാക്കാൻ ചിലർ ശ്രമിക്കുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും'- സുഭാഷ് ഘായ് പറഞ്ഞു.