ചെന്നൈ: സൊൽവതെല്ലാം ഉൺമൈ എന്ന തമിഴ് ചാനൽ പരിപാടിയിൽ അപമാനിതനായി ആത്മഹത്യ ചെയ്ത മധ്യവയസ്‌കനെതിരെ നടിയും അവതാരികയുമായ ലക്ഷ്മി രാമകൃഷ്ണൻ. ആത്മഹത്യയിൽ. നിരപരാധിയാണെന്ന് തെളിയിക്കുന്നതിന് അയാൾക്ക് അവസരമുണ്ടായിരുന്നെന്നും നാലു സ്ത്രീകളാണ് അയാളിലൂടെ അപമാനിതയായതെന്നും ലക്ഷ്മി അഭിപ്രായപ്പെടുന്നു. വിഷയം ചർച്ച ചെയ്തതിൽ തനിക്കോ ചാനലിനോ പ്രത്യേക താത്പര്യമില്ലായിരുന്നെന്നും, നാളെ തനിക്കെന്തെകിലും സംഭവിച്ചാലും ചാനലിനെ കുറ്റം പറയുമോയെന്നും ലക്ഷ്മി ചോദിച്ചു.

സീ ടിവിയുടെ തമിഴ്ചാനലിലെ സൊൽവതെല്ലാം ഉൺമൈ എന്ന പരിപാടിയെ തുടർന്ന് വേടവാക്കം സ്വദേശി നാഗപ്പനാണ് ആത്മഹത്യ ചെയ്തത്. സംപ്രേഷണം ചെയ്യില്ലെന്ന ഉറപ്പിൽ ചിത്രീകരിച്ച രംഗങ്ങൾ സംപ്രേഷണം ചെയ്തിന്റെ പേരിലാണ് നാഗപ്പൻ ജീവനൊടുക്കിയതെന്ന് മക്കൾ ആരോപിച്ചിരുന്നു.

ദമ്പതികൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പരിപാടിയാണ് സൊൽവതെല്ലാം ഉൺമൈ. കുടുംബത്തിലെ സാധാരണ പ്രശ്നങ്ങളെ പെരുപ്പിച്ചു കാണിച്ച് ലക്ഷ്മി ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് അടുത്ത ബന്ധുക്കളിലൊരാളും ആരോപിച്ചിരുന്നു. നാഗപ്പൻ ഭാര്യയോട് പിണങ്ങി ഭാര്യ സഹോദരിയായ രേണുകയോട് അടുപ്പം പുലർത്തിയിരുന്നു.

നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ലക്ഷ്മി രാമകൃഷ്ണൻ. ദിലീപ് നായകനായെത്തിയ ചക്കരമുത്തിലൂടെയാണ് തമിഴ്‌നാട് സ്വദേശിനിയായ ലക്ഷ്മി അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് പ്രണയകാലം, ജൂലൈ നാല്, നോവൽ, വയലിൻ, പിയാനിസ്റ്റ്, എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.